Kerala
ഓപ്പറേഷൻ രക്ഷിത: മദ്യപിച്ച് ട്രെയിൻ യാത്ര ചെയ്ത 72 പേർക്ക് എതിരെ കേസെടുത്ത് പോലീസ്
വർക്കലയിൽ ട്രെയിനിലെ ആക്രമണത്തിന് പിന്നാലെയാണ് മദ്യപരെ കണ്ടെത്താൻ 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായി റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം | ഓപ്പറേഷൻവർക്കലയിൽ മദ്യലഹരിയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട സംഭവത്തിന് പിന്നാലെ റെയിൽവേ പൊലീസ് നടപടി ശക്തമാക്കി. യാത്ര ചെയ്യാൻ സാധിക്കാത്തവിധം അമിതമായി മദ്യപിച്ച് എത്തിയ 72 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വർക്കലയിൽ ട്രെയിനിലെ ആക്രമണത്തിന് പിന്നാലെയാണ് മദ്യപരെ കണ്ടെത്താൻ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയത്.
ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വർക്കല സ്വദേശിനി ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി നിലവിൽ ചികിത്സയിൽ കഴിയുന്നത്.
വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് ക്ഷതമേൽക്കുന്ന ആക്‌സോണൽ ഇഞ്ചുറിയാണ് ശ്രീക്കുട്ടിക്ക് സംഭവിച്ചിട്ടുള്ളതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനാൽ ശ്രീക്കുട്ടിക്ക് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഏറെ സമയം വേണ്ടിവരും. എന്നാൽ ശ്രീക്കുട്ടി എത്രനാൾ അബോധാവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർക്ക് ഉറപ്പിച്ചു പറയാൻ സാധിച്ചിട്ടില്ല. അതേസമയം, പരിശോധനയിൽ എല്ലുകൾക്ക് വലിയ പൊട്ടലുകളോ നെഞ്ചിലും വയറ്റിലും സാരമായ പരിക്കുകളോ ഇല്ലെന്നത് ആശ്വാസകരമാണ്



