Connect with us

National

ഓപറേഷന്‍ ഗംഗ: 240 പേരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയന്‍ തലസ്ഥാനമായ ബുകാറസ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം ഓപറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഹംഗറിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് എത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ 240 പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരികെ എത്തിയവരില്‍ 25 പേര്‍ മലയാളികളാണ്. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഓപറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേര്‍ രാജ്യത്ത് തിരിച്ചെത്തി. നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയന്‍ തലസ്ഥാനമായ ബുകാറസ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

ഓപറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ വേഗത്തില്‍ തിരികെയെത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. റൊമേനിയയിലും ഹംഗറിയിലും എത്തിയവര്‍ക്കായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും.

വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 16,000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്. രക്ഷാ ദൗത്യത്തില്‍ യുക്രൈനും ഇന്ത്യക്ക് പിന്തുണ നല്‍കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.