Connect with us

Eduline

പഠനം കൊറിയയിൽ

പൂർണമായും സൗജന്യ സ്കോളർഷിപ്പോടെ 2026ലെ അധ്യയന വർഷത്തിൽ ദക്ഷിണ കൊറിയയിൽ പഠിക്കാനായി യു എസ് ടി വിദേശ വിദ്യാർഥികളെ ക്ഷണിക്കുന്നു.

Published

|

Last Updated

ജെൻസി തലമുറയുടെ പ്രിയപ്പെട്ട രാജ്യമായി ഇന്ന് ദക്ഷിണ കൊറിയ മാറിയിരിക്കുന്നു. പലരും പഠനത്തിനായും ജോലിക്കായുമൊക്കെ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ സയൻസ് ആൻഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി (യു എസ് ടി).
പൂർണമായും സൗജന്യ സ്കോളർഷിപ്പോടെ 2026ലെ അധ്യയന വർഷത്തിൽ ദക്ഷിണ കൊറിയയിൽ പഠിക്കാനായി യു എസ് ടി വിദേശ വിദ്യാർഥികളെ ക്ഷണിക്കുന്നു.

മാസ്റ്റേഴ്‌സ് (എം എസ്), ഡോക്ടറൽ (പി എച്ച് ഡി), ഇന്റഗ്രേറ്റഡ് എം എസ്-പിഎച്ച് ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. ദക്ഷിണ കൊറിയയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യു എസ് ടി സ്‌കോളർഷിപ്പിന് ഇപ്പോൾ തന്നെ അപേക്ഷിക്കാം. ഈ മാസം 23 ആണ് അവസാന തീയതി. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്. മാസ്റ്റേഴ്‌സിന് പ്രതിമാസം ഏകദേശം 74,742 ഇന്ത്യൻ രൂപയും പിഎച്ച് ഡിക്ക് പ്രതിമാസം ഏകദേശം 43, 200 ഇന്ത്യൻ രൂപയും ലഭിക്കും.

സ്കോളർഷിപ്പ്

എല്ലാ പ്രധാന അക്കാദമിക്, ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതാണ് യു എസ് ടി സ്‌കോളർഷിപ്പ്.
പൂർണ ട്യൂഷൻ ഫീസ്, സർവകലാശാലാ പ്രവേശന ഫീസ്, സൗജന്യ താമസം, പ്രതിമാസ സ്‌റ്റൈപെൻഡ് എന്നിവ ഉൾക്കൊള്ളും.

ആരോഗ്യ, അപകട ഇൻഷ്വറൻസ്, റൗണ്ട്-ട്രിപ്പ് വിമാന നിരക്ക്, കൊറിയൻ ഭാഷാ കോഴ്സ് ഫീസ്, ഇ-ലൈബ്രറി, കൗൺസിലിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം, വിദേശ പരിശീലന, കൈമാറ്റ പരിപാടികൾ, ഗവേഷണ പ്രബന്ധ അവാർഡുകളും മികവ് അവാർഡുകളും (ബിരുദാനന്തരം നൽകുന്നത്) തുടങ്ങിയവയും സ്കോളർഷിപ്പിൽ ഉൾപ്പെടും.

പ്രോഗ്രാമുകൾ

ഏകദേശം എല്ലാ അക്കാദമിക് മേഖലകളിലും യു എസ് ടി പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്നു. മികച്ച അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ആകെ 300 സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. ദക്ഷിണ കൊറിയയിൽ ബിരുദം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ ചെലവുകളും വഹിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും പി എച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കുന്നവർ സെപ്തംബറോടെ ബാച്ചിലേഴ്‌സ് ബിരുദവും മാസ്റ്റേഴ്‌സ് ബിരുദവും പൂർത്തിയാക്കിയിരിക്കണം.

അപേക്ഷാ രേഖകൾ

  • ബാച്ചിലേഴ്‌സ് ഡിഗ്രി സർട്ടിഫിക്കറ്റ്
  • ബാച്ചിലേഴ്‌സ് ഡിഗ്രി ട്രാൻസ്‌ക്രിപ്റ്റ്
  • മാസ്റ്റേഴ്‌സ് ഡിഗ്രി സർട്ടിഫിക്കറ്റ്
  • മാസ്റ്റേഴ്‌സ് ഡിഗ്രി ട്രാൻസ്‌ക്രിപ്റ്റ്
  • മാസ്റ്റേഴ്‌സ് തീസിസ് (ബാധകമെങ്കിൽ)
  • പഠന പദ്ധതി
  • ശിപാർശ കത്തുകൾ

അപേക്ഷിക്കേണ്ട വിധം

യു എസ് ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ ഓൺലൈൻ അപേക്ഷാ സംവിധാനം വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് വിശദമായ മാർഗനിർദേശങ്ങൾ അവലോകനം ചെയ്യണം.

Latest