Connect with us

Eduline

പരീക്ഷ: ഭയം വേണ്ട, ജാഗ്രത മതി

പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് പലപ്പോഴും അത് നമ്മെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത്. ഈ ചെറിയ കടമ്പയും ഞാൻ പഠിച്ച് വിജയിക്കുമെന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാൽ ഭയത്തെ ദൂരേക്ക് വലിച്ചെറിയാൻ നമുക്ക് സാധിക്കും

Published

|

Last Updated

രീക്ഷാക്കാലം അടുത്തതോടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയായി തുടങ്ങി. ഒരു മാർക്കിന് പോലും വലിയ വിലയുള്ള ഇക്കാലത്ത് ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ആരുടെയും കുറ്റമോ കുറവോ അല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞുവേണം ഇത്തരം ആശങ്കകളെ മറികടക്കാൻ. എട്ട് പ്രാവശ്യം എട്ട് നിലയിൽ പൊട്ടി അവസാനം ലോകത്തെ ഏറ്റവും അറിയപ്പെട്ട ഭരണാധികാരിയായി മാറിയ എബ്രഹാം ലിങ്കന്റെ ചരിത്രം “അക്ഷര’ത്തിലൂടെ പഠിച്ചത് കൂട്ടുകാർ മറന്നിട്ടില്ലല്ലോ.

പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് പലപ്പോഴും അത് നമ്മെ നിയന്ത്രിക്കുന്ന അവസ്ഥയിലെത്തുന്നത്. ഈ ചെറിയ കടമ്പയും ഞാൻ പഠിച്ച് വിജയിക്കുമെന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാൽ ഭയത്തെ ദൂരേക്ക് വലിച്ചെറിയാൻ നമുക്ക് സാധിക്കും. ഒരിക്കലും തോൽകാനല്ല, ജയിക്കാനാണ് നമ്മളൊക്കെ പഠിക്കുന്നത്. ചിലപ്പോൾ തോൽവി രുചിച്ചെന്നിരിക്കാം. വീഴാതെ നടക്കാൻ പഠിച്ച ഏതെങ്കിലും കുഞ്ഞുങ്ങളെ കൂട്ടുകാർക്കറിയുമോ?. എന്നാൽ, വീഴുമെന്ന് ഭയന്ന് കുഞ്ഞ് നടക്കാതിരുന്നാൽ, നടക്കാൻ മാതാവ് സമ്മതിക്കാതിരുന്നാൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ലല്ലോ. ഒരു പരീക്ഷയുടെ വിജയത്തിലോ തോൽവിയിലോ അവസാനിക്കുന്നതല്ല നമ്മുടെ ജീവിതമെന്ന് മനസ്സിലാക്കിയാൽ മതി. പരീക്ഷ യുദ്ധമല്ല, മറിച്ച് പഠിച്ചത് പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരമാണ്.

പഠിച്ചത് കൃത്യമായി ഓർക്കുകയും നമ്മുടെ കഴിവിൽ വിശ്വസിക്കുകയും ചെയ്താൽ ഭയത്തിന് സ്ഥാനമുണ്ടാകില്ല. നമ്മുടെ കഴിവും അഭിരുചിയും അനുസരിച്ച് പഠനത്തിന് ഒരു ലക്ഷ്യമുണ്ടാകണം. അതിലേക്കുള്ള വഴി എളുപ്പമാക്കുന്നതിനാണ് പരീക്ഷ. പഠിക്കുന്നത് പരീക്ഷ എഴുതാൻ മാത്രമല്ല, നമ്മുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് കൂടി വേണ്ടിയാണെന്ന് തിരിച്ചറിയുമ്പോൾ പേടിയുടെ സ്ഥാനത്ത് പരീക്ഷയെ സ്‌നേഹിക്കാൻ തുടങ്ങും.

ടൈം ടേബിൾ മസ്റ്റ്

സ്‌കൂളിൽ ടൈം ടേബിളൊന്നുമില്ലാതെ തോന്നുന്ന ദിവസം തോന്നുന്ന സമയത്ത് തോന്നുന്ന വിഷയം പഠിപ്പിക്കാൻ തുടങ്ങിയാൽ സ്‌കൂൾ പ്രവർത്തനം തന്നെ ആകെ തകിടം മറിയില്ലേ. അതുപോലെ തന്നെ പഠനത്തിന്റെ കാര്യത്തിലും നമുക്ക് ആദ്യം ഉണ്ടാകേണ്ടത് ചിട്ടയാണ്. കഴിഞ്ഞു പോയ ഒരു സെക്കൻഡ് പോലും തിരിച്ച് കിട്ടില്ലെന്നുറപ്പുള്ളത് കൊണ്ടുതന്നെ ഉഴപ്പിക്കളഞ്ഞ സമയത്തെക്കുറിച്ചോർത്ത് സങ്കടപ്പെടരുത്. ഇനിയുള്ള സമയം അടുക്കും ചിട്ടയുമായി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. അതിനായി ടൈം ടേബിൾ ഉണ്ടാക്കണം. പഠിക്കാനും കളിക്കാനും വ്യായാമത്തിനും വിശ്രമത്തിനും ഉറക്കത്തിനും ഭക്ഷണത്തിനും എല്ലാം ആവശ്യമായ സമയം ഉൾപ്പെടുത്തിയുള്ള ടൈം ടേബിളാണ് തയ്യാറാക്കേണ്ടത്. ബുദ്ധിമുട്ടുള്ള വിഷയത്തിന് കൂടുതൽ സമയം നൽകണം.

ഉറക്കവും ഭക്ഷണവും കുറക്കല്ലേ

പരീക്ഷ അടുത്തതല്ലേ എന്ന കരുതി ഉറക്കത്തിന് ആവശ്യമായ സമയം കൊടുക്കാതിരിക്കരുത്. ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് പഠിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. കാരണം തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഇവ രണ്ടും ആവശ്യമാണ്. തലച്ചോറുണ്ടെങ്കിലല്ലേ പഠിച്ചത് ഓർത്ത് വെക്കാൻ പറ്റൂ. ഉറക്കത്തിനും പഠനത്തിനുമെല്ലാം സമയം മാറ്റിവെക്കേണ്ടത് ഓരോരുത്തരുടെ താത്പര്യത്തിനനുസരിച്ചാണ്. ചിലർക്ക് അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നതായിരിക്കും ശീലം. മറ്റുചിലരാകട്ടെ രാത്രി പഠിക്കാനാകും താത്പര്യപ്പെടുക. ഓരോരുത്തർക്കും ഉചിതമായിത്തോന്നുന്ന സമയത്ത് പഠിക്കാനിരുന്നാൽ മതി. എന്നാൽ, ദിവസത്തിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഭക്ഷണം കൃത്യമായി കഴിക്കാനും പിശുക്ക് കാണിക്കരുതേ. പരീക്ഷയെക്കുറിച്ച് ഉത്കണ്ഠയനുഭവപ്പെടുന്നവർക്ക് വിശപ്പ് കുറയുന്നത് സ്വാഭാവികമാണ്. ഭക്ഷണം കഴിക്കാതെ പരീക്ഷക്ക് പഠിക്കാനിരിക്കുന്നത് അത്ര നല്ലതാകില്ല. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക, വെള്ളം നന്നായി കുടിക്കുക. മൊബൈൽ, ടി വി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാമെങ്കിലും മനസ്സിനെ ഫ്രീ ആക്കാൻ കുറച്ചുസമയം വീട്ടുകാരോടൊത്തും പുറത്തിറങ്ങി കൂട്ടുകാരോടൊപ്പവും സംസാരിക്കാനും കളിക്കാനുമൊക്കെ ഉപയോഗിക്കാം. ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും ഇരുന്ന് പഠിച്ചാൽ അത് ക്ഷീണം കൂട്ടാനും നന്നായി പഠിച്ച പാഠഭാഗങ്ങൾ പോലും ഓർത്തെടുക്കാൻ കഴിയാതിരിക്കാനും കാരണമാകും.

പരീക്ഷാ തലേന്ന്

ചിലർക്ക് പരീക്ഷ തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങും ടെൻഷൻ. ആദ്യം മനസ്സിലാക്കേണ്ടത് ടെൻഷനും ഭയവും കൊണ്ട് നഷ്ടമല്ലാതെ ഒരു ലാഭവും സംഭവിക്കാൻ പോകുന്നില്ലെന്നാണ്. ക്ലാസ്സ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളുമെക്കെ എഴുതി കടന്നുവന്നവരാണ് നമ്മൾ. അതൊക്കെ തന്നെയാണ് അവസാന പരീക്ഷക്കും എഴുതേണ്ടിവരിക. കഴിഞ്ഞ പരീക്ഷകൾ നിസ്സാരവും ഇതെന്തോ വലിയ സംഭവമാണെന്നൊന്നും ചിന്തിക്കേണ്ട. അതേപോലെ അതുവരെ പഠിക്കാത്ത പുതിയ പാഠഭാഗങ്ങൾ തലേ ദിവസം പഠിക്കാനും ശ്രമിക്കരുത്.

പഠിച്ച ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കുന്നതിനാണ് പരീക്ഷയുടെ തലേദിവസത്തെ സമയം കൂടുതൽ ചെലവഴിക്കേണ്ടത്. പരീക്ഷക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ തലേദിവസം തന്നെ കൃത്യമായി എടുത്തുവെക്കുന്നത് പരീക്ഷക്ക് ഇറങ്ങുമ്പോഴുള്ള വ്യഗ്രതയും ടെൻഷനും ഒഴിവാക്കാൻ സഹായിക്കും. ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ്ബോക്‌സ് എല്ലാം തലേ ദിവസം തന്നെ ഒരുക്കിവെക്കുക. പരീക്ഷാ ഹാളിലെത്തിയാൽ കൂൾ ഓഫ് ടൈമിൽ അൽപ്പസമയം വെറുതെ കണ്ണുകളടച്ച് ദീർഘമായി ശ്വാസമെടുക്കുകയും മെല്ലെ ശ്വാസം പുറത്തേക്കുവിടുകയും ചെയ്യുക. ഇത് ടെൻഷൻ കുറക്കുന്നതിനും ഹൃദയതാളം സാധാരണ നിലയിലാക്കാനും സഹായിക്കും.

ഓരോ പരീക്ഷക്കും എത്ര ചോദ്യമുണ്ടെന്ന് നോക്കി അതിൽ ഓരോ കാറ്റഗറിക്കും അനുസരിച്ച് ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായി സമയം വീതിച്ചു നൽകുന്നത് അവസാന ചോദ്യങ്ങൾക്ക് ഉത്തരം അറിയാമായിരുന്നിട്ടും എഴുതാൻ സമയം കിട്ടിയില്ലാ എന്ന സങ്കടം ഒഴിവാക്കാൻ സഹായിക്കും.

മാതാപിതാക്കളോടാണ്

നമ്മുടെ കുട്ടിയുടെ പഠനത്തെ ഏറ്റവും അധികം ബാധിക്കുന്നത് അവരോടുള്ള മനോഭാവമാണ്. പ്രത്യേകിച്ച് പരീക്ഷ അടുക്കുമ്പോൾ അവർക്ക് കൂടുതൽ മാനസിക സമ്മർദങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ഓരോ കരുതലും അവർക്ക് വലിയ ആത്മവിശ്വാസം നൽകും. മാതാപിതാക്കൾ അവർക്ക് പഠിക്കാനുള്ള പ്രചോദനമാകുകയാണ് വേണ്ടത്. അതിന് നമുക്ക് അവരുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തന്നെ ധാരാളം. മറ്റ് കുട്ടികളെ അവരുമായി താരതമ്യം ചെയ്യാതിരിക്കുക.
ഓരോ കുട്ടിക്കും വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത അഭിരുചികളാകും. അതു കണ്ടെത്തുന്നതിലാണ് നമ്മുടെ വിജയം. മാങ്ങ തല്ലിപ്പഴുപ്പിച്ചാൽ കഴിക്കാൻ എങ്ങനെ ഉണ്ടാകുമെന്ന് നമുക്കറിയാമല്ലോ.

ചിലർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കും. എന്നാൽ, മറ്റ് ചിലർക്ക് സമയം എടുക്കാം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുമ്പോൾ അവരുടെ ആത്മവിശ്വാസത്തിനാണ് കോട്ടം തട്ടുന്നതെന്ന് ആലോചിക്കണം. നമ്മൾ കൂടെയുണ്ടെന്ന തോന്നൽ അവർക്ക് കൂടുതൽ ധൈര്യം നൽകും. അതല്ല, പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ പിന്നെ വീട്ടിൽ കയറ്റില്ലെന്ന മാനോഭാവമാണെങ്കിൽ അവർ കൂടുതൽ ടെൻഷനടിക്കാനും അതുവഴി പഠിച്ചത് പോലും മറക്കാനും ഇടയാക്കിയേക്കും. പരീക്ഷാഫലം എന്ത് തന്നെ ആയാലും അവരോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പ്് മാതാപിതാക്കളിൽ നിന്നുണ്ടാകുന്നത് അവരുടെ ആത്മ വിശ്വാസം വർധിപ്പിക്കും. സമാധാനപരമായ ഗൃഹാന്തരീക്ഷം ഒരുക്കിക്കൊടുക്കുന്നത് നമ്മുടെ കുട്ടിയെ മാനസികമായി പരീക്ഷക്ക് തയ്യാറെടുക്കാനും സഹായിക്കും. പരീക്ഷ ഭയക്കാനുള്ളതല്ല, മറിച്ച് ജാഗ്രത ഉണ്ടാകണമെന്ന് മാത്രം.

[നാളെ മുതൽ എജ്യുലൈനിൽ വിദഗ്ധർ തയ്യാറാക്കിയ എസ് എസ് എൽ സി മോഡൽ ചോദ്യപേപ്പർ പരിചയപ്പെടാം]