Kerala
ഓണ്‍ലൈന്‍ മദ്യവില്‍പ്പന പരിഗണനയിലില്ല; മന്ത്രി എംബി രാജേഷ്
വരുമാന വര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടി വരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ല.

തിരുവനന്തപുരം| സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്‌കോ എംഡി നല്‍കിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വരുമാന വര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടി വരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ല. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ഒരു മദ്യനയമുണ്ട്. അതില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
മദ്യ വില്‍പ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസ്റ്റിലറി അനുവദിച്ചവര്‍ ഇവിടെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.