Connect with us

Story

ഒരു ചിത്രവും കുറേ പ്രശ്നങ്ങളും

നാട്ടിലെ എല്ലാവരുടെയും ഒത്തുകൂടൽ കേന്ദ്രം ശ്രീധരേട്ടന്റെ ചായമക്കാനിയാണ്. അവിടെ എത്തിയാലറിയാം, ലോകത്തു നടക്കുന്ന സകല വർത്തമാനങ്ങളും സംഭവങ്ങളും.

Published

|

Last Updated

നാട്ടിലെ എല്ലാവരുടെയും ഒത്തുകൂടൽ കേന്ദ്രം ശ്രീധരേട്ടന്റെ ചായമക്കാനിയാണ്. അവിടെ എത്തിയാലറിയാം, ലോകത്തു നടക്കുന്ന സകല വർത്തമാനങ്ങളും സംഭവങ്ങളും.
ശ്രീധരേട്ടന്റെ സ്പെഷ്യൽ ചായ നുണഞ്ഞിറക്കാൻ വേണ്ടി മാത്രമായിരുന്നില്ല അച്ഛനോടൊപ്പം എന്നും ഞാനവിടെ പോയിരുന്നത്. അവരുടെ സംസാരങ്ങളും തമാശകളും എനിക്കത്രയേറെ ഇഷ്ടമായിരുന്നു.ഇന്നലെ അച്ഛനോടൊപ്പം കടയിലേക്ക് കയറ്റിച്ചെല്ലുമ്പോൾ ശ്രീധരേട്ടൻ പതിവു സീറ്റിൽ നിന്നിറങ്ങിവന്നു മറ്റുള്ളവരോട് കാര്യമായെന്തോ സംസാരിക്കുകയാണ്. അവർ അടക്കിപ്പിടിച്ച് പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അതറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു.
“എന്താ ഇന്നിത്ര കാര്യമായ ചർച്ച?’ കയറിച്ചെന്ന പാടെ ചോദിച്ചു കൊണ്ട് അടുത്തു കിടന്ന പത്രമെടുത്ത് അച്ഛനതിലേക്ക് തലയിട്ടു.
” അപ്പോ നീയറിഞ്ഞില്ലേ രവ്യേ… കാര്യങ്ങള്.? മ്മള് ബുക്ക് ചെയ്ത മതിലിമ്മല് നീളെ മറ്റേ പാർട്ടിക്കാര് ഓര്ടെ ചിന്നം വരച്ചു വെച്ചേക്ക്ന്ന്.! എന്തിനേറെ പറയ്ന്ന്. മ്മളെ ആപ്പീസിന്റെ മതിലിമ്മലും ണ്ട് ഓര്ടെ ചിന്നം. കള്ള ജാത്യേള് ‘
ശ്രീധരേട്ടൻ പല്ലു ഞെരിച്ചുകൊണ്ടാണത്രയും പറഞ്ഞത് –
എനിക്കതു കേട്ടപ്പോൾ കരച്ചിലു വന്നു. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്ത തരത്തിൽ കണ്ണിൽ ഇരുട്ടു നിറഞ്ഞു. എന്താണു കഴിക്കാൻ വേണ്ടതെന്ന അച്ഛന്റെ ചോദ്യം ഞാൻ കേട്ടില്ല. അവിടെ നിന്ന് എങ്ങനെയെങ്കിലും പുറത്തു കടക്കാൻ എന്റെ മനസ്സ് വെമ്പി.
” നാടാകെ കുട്ടിച്ചോറാവാൻ പോവാ.. അപ്പുറത്തെ റോഡിലൊക്കെ പോലീസുകാരാണ്. കടകളൊക്കെ അടപ്പിക്കുന്നുണ്ട്….’
ഗോപാലേട്ടൻ തന്റെ അറിവ് ഉറക്കെ വിളമ്പി.
“നമ്മളെ പാർട്ടിക്കാര് ചിഹ്നം വരച്ച പാർട്ടിക്കാരിലൊരുത്തന്റെ തല അടിച്ചു തകർത്തിട്ടുണ്ട്. അയാളിപ്പം അത്യാസന്ന നെലേലുമാണ്.’
ശ്രീധരേട്ടൻ ആവേശത്തോടെ പ്രസ്താവിച്ചു.
ഞാൻ പെട്ടെന്ന് അച്ഛന്റെ കൈ അമർത്തിപ്പിടിച്ചു.
“നമുക്ക് പോവാ അച്ഛാ.’
ഞാനച്ഛനെ പുറത്തേക്ക് വലിച്ചു.
ശ്രീധരേട്ടൻ പറഞ്ഞു: രവ്യേ, യ്യി മോളെ വേഗം വീട്ടിൽ കൊണ്ടോയാക്കീട്ട് വാ. പാവം, കുട്ട്യാകെ പേടിച്ച മട്ടാ. അതിന്റെ മൊഖം കണ്ടോ..’
“മോള് പേടിച്ചോ.’
അച്ഛനെഴുന്നേറ്റു പുറത്തേക്കിറങ്ങി. “വാ.. ‘
ശ്രീധേരേട്ടനോടും മറ്റും യാത്ര പറഞ്ഞ് അച്ഛൻ വേഗം മക്കാനിക്കു പുറത്തേക്കിറങ്ങി. പുറത്ത് വെയിലിന് തീപിടിച്ചു കൊണ്ടിരുന്നു.
എന്റെ പരിഭ്രമം കണ്ട് അച്ഛന് ചിരി വരുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അതു മായുകയും ചെയ്തു. ഞാൻ കരയുന്നതു കണ്ട് അച്ഛൻ വല്ലാതായി. “എന്താണമ്മു ഇങ്ങനെ.’
“അച്ഛാ.. ഞാനൊരു കാര്യം പറഞ്ഞാ അച്ഛൻ ദേഷ്യപ്പെടോ…’
അച്ഛനെന്നെ സൂക്ഷിച്ചു നോക്കി.
“ഇല്ല. അമ്മു പറ.’
ഞാൻ പറഞ്ഞു.: “അച്ഛാ. ആ ചിത്രം വരച്ചത് ഞാനാ.. ഇന്നലെ സ്കൂളില് ടീച്ചറ് കേട്ടെഴുത്ത് നടത്തിയപ്പോ… നിയ്ക്ക് ഒന്നാം സമ്മാനം കിട്ട്യപ്പോ… ടീച്ചറ് തന്ന കളർ ചോക്കോണ്ട് സ്കൂളീന്ന് വരുന്ന വഴി മതിലിലും മരത്തിലും ഒക്കെ വരയ്ക്കാനറിയുന്ന ചിത്രം വരച്ചത്… ഞാനാച്ഛാ….
ഒറ്റ ശ്വാസത്തിൽ സങ്കടപ്പെട്ട് അങ്ങനെ പറഞ്ഞിട്ട് ഞാനച്ഛനെ നോക്കി. അന്നേരം അച്ഛന്റെ മുഖത്തെ ഗൗരവം മാഞ്ഞ് അവിടെ ചിരി വിരിയുന്നത് ഞാൻ കണ്ടു. എനിക്കു പക്ഷേ, ചിരിക്കാനായില്ല. ഞാൻ കരഞ്ഞുകൊണ്ട് പിന്നേയും പറഞ്ഞു “അച്ഛാ …. സമ്മാനം കിട്ടിയ സന്തോഷത്തിനാ… വരച്ചത് … ‘
അച്ഛനെന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. “കരയണ്ട. സാരമില്ല.’
ദൂരെ വളവു കഴിഞ്ഞ് ഒരു പോലീസു വണ്ടി വരുന്നതു കണ്ടു. അച്ഛൻ എന്നെ നോക്കി, ചിരിച്ചു കൊണ്ട് അതിനു കൈ കാണിച്ചു.