Connect with us

OMICRON

സമ്പദ്ഘടനക്ക് ഭീഷണിയായി ഒമിക്രോണും വിലക്കയറ്റവും

ഇന്ധന നികുതി കുറച്ചത് വിപണിയിൽ പ്രകടമായില്ല

Published

|

Last Updated

തിരുവനന്തപുരം | അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ രണ്ട് തരംഗങ്ങളിൽ തട്ടി കൂപ്പുകുത്തിയ ശേഷം ഉയിർത്തെഴുന്നേൽക്കുന്ന രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഭീഷണി ഉയർത്തി ഒമിക്രോണും ക്രമാതീതമായ വിലക്കയറ്റവും. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം സമ്പദ്‌വ്യവസ്ഥ 2021-22 സാമ്പത്തിക വർഷം രണ്ടാംപാദ വളർച്ചാ നിരക്ക് 8.4 ശതമാനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ലോകത്തെ ഭീതിയിലാഴ്ത്തി ഒമിക്രോൺ ഭീഷണി ഉയരുന്നത്.

കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വഴിമാറി സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും വാക്‌സീൻ വ്യാപകമാക്കിയതും സമ്പദ്ഘടനക്ക് അനുകൂല ഘടകമായിരുന്നു. ഇക്കാലയളവിൽ സമ്പദ്‌വ്യവസ്ഥ കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിവരുന്നുവെന്ന് വ്യത്യസ്ത സൂചികകളും ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണവൈറസ് വകഭേദമായ ഒമിക്രോൺ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഒമിക്രോൺ ഉയർത്തുന്ന ഭീഷണിക്കൊപ്പം വർധിക്കുന്ന വിലക്കയറ്റ നിരക്കും സമ്പദ്ഘടനയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്.

പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചത് ഗുണകരമെങ്കിലും വിലക്കയറ്റ ഭീഷണി ചെറുക്കാൻ ഇത് പര്യാപ്തമായില്ലെന്നാണ് വിപണി തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ വളരുന്ന വില നിരക്കുകൾ ഉണ്ടാക്കുന്ന സമ്മർദം കാരണം പണനയം കർശനമാക്കൽ നടപടികളിലേക്ക് റിസർവ് ബേങ്ക് കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (പി എഫ് സി ഇ) കണക്കുകൾ പ്രകാരം നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മുൻവർഷത്തെയപേക്ഷിച്ച് 8.4 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇത് തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 11 ശതമാനം കുറവായിരുന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷം ആദ്യപാദത്തിലെ 15 ശതമാനം കുറവിനെയപേക്ഷിച്ച് രണ്ടാം പാദത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നതും സമ്പദ്‌വ്യവസ്ഥക്ക് പോസിറ്റീവായിരുന്നു.

ജി ഡി പിയുടെ 50 ശതമാനത്തിന് മുകളിൽ വരുന്ന ഉപഭോഗ ഡിമാൻഡാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പരിഗണിക്കപ്പെടുന്നതെന്നതിനാൽ ഈ അനുകൂല സാഹചര്യമൊരുക്കിയത് ഉപഭോഗ ഡിമാൻഡ് തന്നെയായിരുന്നു. ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതിയിൽ രാജ്യം 40 ശതമാനം അധിക വളർച്ച കൈവരിച്ചിട്ടുണ്ട്. ഉപഭോഗ ഡിമാൻഡ് വർധനയും ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതിയിലെ മുന്നേറ്റവും ആഭ്യന്തര ഡിമാൻഡ് വളർന്നുകൊണ്ടിരിക്കുന്നുവെന്ന വസ്തുത പ്രകടമാക്കുന്നതാണ്. ഇതോടൊപ്പം അനുകൂലമായ അടിസ്ഥാന ഫലങ്ങളും ഈ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. അതുപോലെ, നിക്ഷേപ ഡിമാൻഡ്, മൊത്ത സ്ഥിര ആസ്തി നിർണയ (ജി എഫ് സി എഫ്) കണക്കുകളനുസരിച്ച് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 11.1 ശതമാനം എന്ന തോതിൽ രണ്ടക്ക വളർച്ചാ നിരക്കും രേഖപ്പെടുത്തിയിരുന്നു.

കൊവിഡ് വ്യാപനത്തിന് മുമ്പുതന്നെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപ ഡിമാൻഡ് കുറവായിരുന്നു. നിക്ഷേപരംഗത്തെ വളർച്ചാ നിരക്ക് നിലനിർത്തുന്നതിന് ഉപഭോഗ ഡിമാൻഡിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നിരിക്കെ സർക്കാറിന്റെ അന്തിമ ഉപഭോഗ ചെലവുകളുടെ (ജി എഫ് സി ഇ) കണക്കുകളിൽ 8.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ പിന്തുണയാണ് പ്രധാനമായും ഈ വളർച്ചക്ക് കാരണമായത്. ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജി എഫ് സി ഇ 23.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ചേർക്കപ്പെട്ട മൊത്തമൂല്യ (ജി വി എ) കണക്കുകളിലും 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻവർഷത്തെയപേക്ഷിച്ച് ഇതേകാലയളവിൽ കാർഷികരംഗവും 4.49 ശതമാനം വളർച്ച പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ മുൻപാദത്തിലെ 4.52 ശതമാനത്തേക്കാൾ നേരിയ കുറവുണ്ട്. ഉത്പന്ന നിർമാണ മേഖലയിലെ വളർച്ച നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മുൻവർഷം ഇതേ കാലയളവിലെ 1.5 ശതമാനത്തെയപേക്ഷിച്ച് 5.5 ശതമാനം വളർച്ച രേഖപ്പെടുത്തി. അടിസ്ഥാന ഫലങ്ങൾ അനുകൂലമെങ്കിലും ഈ രംഗത്തെ പ്രകടനം ആകർഷകം തന്നെയായിരുന്നു. 2020 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഈ മേഖല മൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest