Aksharam Education
നാട് കറങ്ങുന്ന പൂമ്പാറ്റേ....
മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്ക് മുന്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇതിന് തെളിവായി ശാസ്ത്രജ്ഞർ പറയുന്നത് 1973ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുത്ത ഫോസിലുകളിൽ നടത്തിയ പഠനങ്ങളാണ്.
പ്രാണികൾക്കിടയിലെ ഏറ്റവും സൗന്ദര്യമുള്ള ഷഡ്പദങ്ങളാണ് ചിത്രശലഭങ്ങൾ. എത്രയെത്ര വർണങ്ങളുള്ള പുള്ളി ഉടുപ്പുകളാണ് അവക്കുള്ളതെന്ന് കൂട്ടുകാർ കണ്ടിട്ടുണ്ടല്ലോ അല്ലേ? എന്നാൽ, ശലഭങ്ങളുമായി ബന്ധപ്പെട്ട ചില കൗതുകകരമായ കാര്യങ്ങൾ പറയട്ടെ…
മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്ക് മുന്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇതിന് തെളിവായി ശാസ്ത്രജ്ഞർ പറയുന്നത് 1973ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുത്ത ഫോസിലുകളിൽ നടത്തിയ പഠനങ്ങളാണ്. ലെപിഡോപ്‌ടെറ (Lepidoptera) എന്ന ഗോത്രത്തിൽപ്പെടുന്ന ഷഡ്പദങ്ങളാണ് പൂമ്പാറ്റകൾ. ആറ് കാലുകളും മൂന്ന് ശരീര ഭാഗങ്ങളുമാണ് ചിത്രശലഭങ്ങൾക്കുള്ളത്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പ്രധാന ഭക്ഷണം.
നാല് ഘട്ടങ്ങളായാണ് ചിത്രശലഭങ്ങളുടെ ജീവിതചക്രം. മുട്ട, ലാർവ, പ്യൂപ്പാ ചിത്രശലഭം എന്നിവയാണ് ഈ നാല് ദശകൾ.
മുട്ട : ചെടികളിലാണ് ചിത്രശലഭങ്ങൾ സാധാരണയായി മുട്ടയിടുന്നത്.
ലാർവ: ഈ ഘട്ടത്തിൽ പൂമ്പാറ്റകൾ ധാരാളമായി ഇലകൾ തിന്ന് വളരുകയും ഊർജം സംഭരിക്കുകയും ചെയ്യുന്നു.
പ്യൂപ്പ: ഒരു കട്ടിയുള്ള കവചത്തിനുള്ളിൽ, പൂമ്പാറ്റയുടെ ആന്തരികഘടന മാറുന്ന നിർണായകമായ പരിവർത്തന ഘട്ടമാണിത്.
ചിത്രശലഭം: ചിറകുകളുള്ള പൂർണ വളർച്ചയെത്തിയ പൂമ്പാറ്റ ഈ ഘട്ടത്തിൽ പുറത്തുവരുന്നു.
മിക്ക പൂമ്പാറ്റകളുടെയും ശരാശരി ആയുസ്സ് രണ്ട് മുതൽ നാല് ആഴ്ച വരെയാണ്. എന്നാൽ ചില ചെറിയ ഇനങ്ങൾക്ക് ഏതാനും ദിവസങ്ങൾ മാത്രമേ ആയുസ്സുണ്ടാകൂ. തേനീച്ചകളെപ്പോലെ തന്നെ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറന്നാണ് പൂമ്പാറ്റകളും പരാഗണം ചെയ്യുന്നത്. ഗരുഡശലഭം ആണ് ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രശലഭം.
കൃഷ്ണശലഭം, ബുദ്ധമയൂരി, നാരകക്കാളി, വൻ ചൊട്ടശലഭം, ഓക്കില ശലഭം തുടങ്ങിയവയാണ് കേരളത്തിലെ ചില പ്രശസ്ത ഇനങ്ങൾ.
രാത്രിയും പകലും കാണുന്നതനുസരിച്ച് പൂമ്പാറ്റകളെ ശലഭങ്ങളെന്നും നിശാശലഭങ്ങളെന്നും തരംതിരിച്ചിട്ടുണ്ട്. സാധാരണ ശലഭങ്ങളുടെ ചിറകുകൾ മുകളിലേക്ക് കൂട്ടിവെച്ച് പിടിച്ച പോലെയാണ് കാണാറുള്ളത്. എന്നാൽ, നിശാശലഭങ്ങൾ ചിറകുകൾ സാധാരണയായി പരത്തിവെച്ചോ അല്ലെങ്കിൽ കൂടാരം പോലെ വയറിന് മുകളിൽ മറച്ചോ പിടിക്കുന്നു. ശലഭങ്ങൾക്ക് സാധാരണയായി നേർത്തതും മിനുസമാർന്നതുമായ ശരീരമായിരിക്കും. എന്നാൽ നിശാ ശലഭങ്ങൾക്ക് രോമാവൃതമായ ശരീരമായിരിക്കും ഉണ്ടാകുക. ഇനി പൂമ്പാറ്റകളുടെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം കൂട്ടുകാർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ അല്ലേ?.


