Kerala
നിമിഷപ്രിയയുടെ മോചനം: വ്യാജ പണപ്പിരിവിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി ആക്ഷന്‍ കൗണ്‍സില്‍
വ്യാജ അഭ്യര്‍ഥന സംബന്ധിച്ച് ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി | യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനെന്ന പേരില്‍ വ്യാജ അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മുഖാന്തിരമാണ് പരാതി നല്‍കിയിട്ടുള്ളത്.
Dr K A Paul (@KAPaulOfficial) എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ആവശ്യമായ 8.3 കോടി രൂപ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യണമെന്ന തരത്തിലാണ് പോസ്റ്റ് വന്നത്. എന്നാല്‍, ഈ പോസ്റ്റ് വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം MEA FactCheck (@MEAFactCheck) എന്ന എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ ഏതാണ്ട് 54,000ത്തിലധികം എക്‌സ് ഉപയോക്താക്കള്‍ ഡോ. കെ എ പോളിന്റെ പോസ്റ്റ് കണ്ടിട്ടുണ്ടെന്ന് പ്രസ്തുത അക്കൗണ്ടില്‍ നിന്നുതന്നെ വ്യക്തമാണ്. വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെ തള്ളിക്കളഞ്ഞെങ്കിലും നിമിഷപ്രിയയുടെ പേരില്‍ കോടിക്കണക്കിനു രൂപ കേരളീയ സമൂഹത്തില്‍ നിന്നും വിവിധ ഇന്ത്യക്കാരില്‍ നിന്നും അനധികൃതവും കുറ്റകരവുമായി പിരിച്ചെടുക്കാനാണ് ഡോ. കെ എ പോളിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ വ്യാജ അഭ്യര്‍ഥന സംബന്ധിച്ച് ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഡോ. കെ എ പോളിന്റെയും MEA FactCheck (@MEAFactCheck) ന്റെയും പോസ്റ്റുകളുടെ ലിങ്കുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ സുവിശേഷ പ്രഭാഷകന്‍ കെ പോള്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും അത് കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നല്‍കാമെന്നും പറഞ്ഞുകൊണ്ട് പോള്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെ അടിസ്ഥാനമാക്കിയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.