Kerala
നവവധുവിനെയും ഭര്‍ത്താവിനെയും കാര്‍ തടഞ്ഞു മര്‍ദിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
മുന്‍ വിരോധവും പ്രകോപനത്തിന് കാരണം.

മല്ലപ്പള്ളി | ഫോട്ടോ ഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവധുവിനെയും വരനെയും മര്‍ദിച്ച കേസില്‍ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. കല്ലുപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖില്‍ ജിത്ത് അജി (25), അമല്‍ ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ്നാഥ് (20) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം കുറിച്ചി സ്വദേശിനി 29 കാരിയും നവവരന്‍ മുകേഷുമാണ് ആക്രമിക്കപ്പെട്ടത്.
ഈമാസം 17ന് വൈകിട്ട് നാലിന് നവവരന്റെ വീട്ടില്‍ വന്ന വാഹനങ്ങള്‍, പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റ് പ്രതികള്‍ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഡോറുകള്‍ ഇടിച്ച് കേടുപാട് വരുത്തുകയും ചെയ്തു.
മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മില്‍ ഒരു വര്‍ഷം മുമ്പ് അഭിജിത്തിന്റെ കല്യാണദിവസത്തില്‍ അടിപിടി ഉണ്ടായിട്ടുണ്ട്. ഇതിന്റെ മുന്‍വിരോധം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. അഖില്‍ ജിത്തും അമല്‍ ജിത്തും കഴിഞ്ഞവര്‍ഷം കീഴ്‌വായ്പ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ പ്രതികളാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍, എസ് ഐ. കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.