Uae
എൻജിനീയറിംഗ് കൺസൾട്ടൻസിക്ക് ദുബൈയിൽ പുതിയ നിയമങ്ങൾ
നിയമം ലംഘിക്കുന്നവർക്ക് 100,000 ദിർഹം വരെ പിഴ ചുമത്തും.

ദുബൈ|ദുബൈയിലെ എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. എൻജിനീയറിംഗ് മേഖലകളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അംഗീകാരവും രജിസ്‌ട്രേഷനും നിയമം നിർബന്ധമാക്കുന്നു. ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് നിയമം പുറത്തിറക്കിയത്. ശരിയായ ലൈസൻസ് ഇല്ലാതെ എൻജിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്നത് നിയമം വിലക്കുന്നു.
വാസ്തുവിദ്യ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ, മൈനിംഗ്, പെട്രോളിയം, കെമിക്കൽ, കോസ്റ്റൽ, ജിയോളജിക്കൽ എൻജിനീയറിംഗ് ഉൾപ്പെടെ എല്ലാ എൻജിനീയറിംഗ് മേഖലകളെയും ഇത് ഉൾക്കൊള്ളുന്നു. സാധുവായ ട്രേഡ് ലൈസൻസും ദുബൈ മുനിസിപ്പാലിറ്റിയിലെ രജിസ്‌ട്രേഷനും ഇല്ലാതെ വ്യക്തികളോ ഓഫീസുകളോ എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളായി സ്വയം ചിത്രീകരിക്കുന്നതും നിയമം വിലക്കുന്നു.
നിയമം പ്രാദേശിക കമ്പനികൾ, യു എ ഇ ആസ്ഥാനമായുള്ള ഓഫീസുകളുടെ ശാഖകൾ, വിദേശ ഓഫീസുകളുടെ ശാഖകൾ, പ്രാദേശിക ഓഫീസുകളും വിദേശ ഓഫീസുകളും തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ, എൻജിനീയറിംഗ് അഡ്വൈസറി ഓഫീസുകൾ, എൻജിനീയറിംഗ് ഓഡിറ്റ് ഓഫീസുകൾ എന്നിങ്ങനെ കൺസൾട്ടൻസി ഓഫീസുകളുടെ തരം നിർവചിക്കുന്നു.
ദുബൈ മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന്, “ഇൻവെസ്റ്റ് ഇൻ ദുബൈ’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു ഏകീകൃത ഇലക്ട്രോണിക് സിസ്റ്റം സ്ഥാപിക്കും. കൺസൾട്ടൻസി ഓഫീസുകളുടെ രജിസ്‌ട്രേഷൻ അപേക്ഷകൾ, ക്ലാസിഫിക്കേഷൻ നിർണയിക്കൽ, പ്രൊഫഷണൽ കോംപിറ്റൻസി സർട്ടിഫിക്കറ്റുകൾ നൽകൽ എന്നിവ ഈ സിസ്റ്റം കൈകാര്യം ചെയ്യും.
നിയമം ലംഘിക്കുന്നവർക്ക് 100,000 ദിർഹം വരെ പിഴ ചുമത്തും. ഒരേ വർഷം ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കും. കൂടാതെ, ഒരു വർഷം വരെ ഓഫീസിന്റെ പ്രവർത്തനം നിർത്തിവെക്കൽ, ക്ലാസിഫിക്കേഷൻ തരംതാഴ്ത്തൽ, രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യൽ, വാണിജ്യ ലൈസൻസ് റദ്ദാക്കൽ, സ്റ്റാഫിനെ സസ്‌പെൻഡ് ചെയ്യൽ തുടങ്ങിയ ശിക്ഷാ നടപടികളും അധികൃതർക്ക് സ്വീകരിക്കാവുന്നതാണ്. നിലവിലുള്ള എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളും ജീവനക്കാരും ഒരു വർഷത്തിനുള്ളിൽ അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കേണ്ടതുണ്ട്.