Connect with us

Kerala

മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് നവീന്‍ ബാബു: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

സംഭവവികാസങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ പി ഉദയഭാനു.

Published

|

Last Updated

നവീന്‍ ബാബു തിയ്യതി പമ്പ ബസ് സ്റ്റാന്‍ഡില്‍ റാന്നി തഹസില്‍ദാറായിരുന്ന നവീന്‍ ബാബു 2021 ജൂലൈ 19ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കൊപ്പം പമ്പ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍. ഫയല്‍ ഫോട്ടോ.

പത്തനംതിട്ട | മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് നവീന്‍ ബാബുവെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ജീവനൊടുക്കിയ എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പോസ്റ്റ് ചെയ്ത എഫ് ബി കുറിപ്പിലാണ് പാര്‍ട്ടി സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് നവീന്‍ ബാബുവെന്ന് ഉദയഭാനു കുറിപ്പില്‍ വ്യക്തമാക്കി.

സംഭവവികാസങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സി പി എം ജില്ല സെക്രട്ടറി വ്യക്തമാക്കി. യാത്രയയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

എഫ് ബി കുറിപ്പിന്റെ പൂര്‍ണരൂപം:
ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലവും പത്തനംതിട്ടയില്‍ തന്നെയായിരുന്നതുകൊണ്ടും സി പി എമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയില്‍ എന്‍ ജി ഒയുടെയും കെ ജി ഒ എയുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയില്‍ അദ്ദേഹം ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ആവശ്യവുമായി സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികാസങ്ങളേയും തുടര്‍ന്നുള്ള നവീന്റെ ആത്മഹത്യയെയും സി പി എം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ ഡി എം നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.