Connect with us

Kuwait

കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടര്‍ ബലൂണ്‍ ഏറില്‍ നിരവധി പേര്‍ക്ക് പരുക്ക്

167 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനാഘോഷ വേളയില്‍ വാട്ടര്‍ പിസ്റ്റള്‍ പ്രയോഗത്തിലും വെള്ളം നിറച്ച ബലൂണ്‍ കൊണ്ടുള്ള ഏറിലും നിരവധി പേര്‍ക്ക് പരുക്ക്. 167 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പേര്‍ക്കും കണ്ണുകള്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി അല്‍ ബഹര്‍ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണുകളില്‍ ഏല്‍ക്കുന്ന നേരിയ പ്രഹരം പോലും റെറ്റിന ഡിറ്റാച്ച്‌മെന്റ്, കാഴ്ച നഷ്ടപ്പെടല്‍, മുറിവോ ദ്വാരമോ രൂപപ്പെടല്‍ മുതലായവക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. അഹമ്മദ് അല്‍ ഫൗദാരി പറഞ്ഞു. പൊതു നിരത്തുകളിലോ പാര്‍പ്പിട പ്രദേശങ്ങളിലോ ഉള്ള ആഘോഷ പ്രകടനങ്ങള്‍ ആരുടെയും ആരോഗ്യത്തിന് ഭീഷണിയാകരുതെന്നും രക്ഷിതാക്കള്‍ കുട്ടികളെ ബോധ വത്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരുക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ കണ്ണുകളില്‍ സമ്മര്‍ദം ചെലുത്തുന്നത് ഒഴിവാക്കണം. ആശുപത്രിയില്‍ എത്തുന്നത് വരെ വൃത്തിയുള്ള ടവല്‍ കൊണ്ട് കണ്ണ് ആവരണം ചെയ്യണമെന്നും ഡോ. അഹമ്മദ് അല്‍ ഫൗദാരി നിര്‍ദേശിച്ചു.

ആഘോഷാവസരങ്ങളില്‍ കുട്ടികളും കൗമാരക്കാരും ബലൂണുകളും വാട്ടര്‍ സ്‌പ്രേയറുകളും ഉപയോഗിച്ച് വളരെ അടുത്ത് നിന്ന് വഴിയാത്രക്കാര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെ വെള്ളം ചീറ്റാറുണ്ട്. വിദേശികളാണ് ഈ ‘വിനോദ’ ത്തിനു ഏറെ ഇരയാകാറുള്ളത്. നേരത്തെ ഗുരുതരമായ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതിനെതിരെ കുവൈത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും മത പുരോഹിതരും പ്രചാരണം നടത്തിയിരുന്നു. രാജ്യത്തിന്റെ പരിഷ്‌കൃത മുഖം വികൃതമാക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും അവര്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ ഈ പ്രവണതക്ക് അല്‍പം കുറവുണ്ടായിരുന്നു.