National
കൊലപാതകക്കേസ്; മമതയുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
 
		
      																					
              
              
            ന്യൂഡല്‍ഹി | പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് എസ് കെ സുപിയാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളയാളാണ് നന്ദിഗ്രാമില്‍ മമതയുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന സുപിയാന്‍. സി ബി ഐയാണ് കേസന്വേഷിക്കുന്നത്.
കേസില്‍ ജനുവരി 31ന് തുടര്‍വാദം കേള്‍ക്കാനുണ്ടെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് പരമോന്നത കോടതി അറസ്റ്റ് തടഞ്ഞത്. വാദം കേള്‍ക്കുന്നതു വരെ അറസ്റ്റുണ്ടാകരുതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വരറാവു, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള രേഖകള്‍ ഹാജരാക്കാനും സംസ്ഥാന സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ സുപിയാന്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സുപിയാന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് സി ബി ഐ കോടതിയില്‍ വ്യക്തമാക്കി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സി ബി ഐക്ക് വേണ്ടി ഹാജരായത്. 2021 മേയില്‍ നന്ദിഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് സുപിയാന്‍.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

