Ongoing News
സൂര്യതാണ്ഡവത്തില്‍ മുംബൈ വിജയം; പൊരുതി വീണ് ഗുജറാത്ത്
27 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് വിജയം.

മുംബൈ | സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടില്‍ മുംബൈ മുന്നോട്ടുവച്ച 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ധീരോദാത്തം ബാറ്റേന്തിയെങ്കിലും തോല്‍വി രുചിച്ച് ഗുജറാത്ത്. 27 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 218 റണ്‍സെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 191ല്‍ എത്താനേ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചുള്ളൂ. അവസാന പന്ത് സിക്‌സറിനു പറത്തി സൂര്യകുമാര്‍ യാദവ് ശതകം പൂര്‍ത്തിയാക്കുന്നതിനും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായി.
മുംബൈ ടോട്ടലിനെ മറികടക്കാന്‍ കിണഞ്ഞു ശ്രമിച്ച റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 79 റണ്‍സാണ് റാഷിദ് ഖാന്‍ അടിച്ചെടുത്തത്. ഡേവിഡ് മില്ലര്‍ (26ല്‍ 41), വിജയ് ശങ്കര്‍ (14ല്‍ 29) എന്നിവരും മുംബൈക്കായി തിളങ്ങി. ആകാശ് മധ്വാല്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പിയുഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ, സൂര്യകുമാര്‍ യാദവ് തട്ടുതകര്‍പ്പന്‍ ബാറ്റിങ് മുംബൈയെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചു. 49 പന്ത് മാത്രം നേരിട്ടാണ് സൂര്യകുമാര്‍ സെഞ്ച്വറിയിലെത്തിയത് (103). ഇശാന്‍ കിഷന്‍ (20ല്‍ 31), വിഷ്ണു വിനോദ് (20ല്‍ 30) എന്നിവരാണ് മുംബൈക്കായി നല്ല പ്രകടനം കാഴ്ചവച്ച മറ്റ് ബാറ്റര്‍മാര്‍. 30 റണ്‍സ് വഴങ്ങി റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മ ഒരു വിക്കറ്റ് സ്വന്തമാക്കി.