National
മുംബൈ സ്ഫോടന ഭീഷണി: വ്യാജ സന്ദേശം അയച്ചത് മറ്റാരാളൊടുള്ള വ്യക്തിവിരോധം തീർക്കാനെന്ന് പിടിയിലായ ബീഹാർ സ്വദേശി
2023-ൽ പാട്നയിൽ വെച്ച് തനിക്കെതിരെ കേസ് നൽകിയ ഒരു സുഹൃത്തിനോട് പ്രതികാരം ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്.

നോയിഡ | മുംബൈ നഗരത്തിൽ 14 ഭീകരർ പ്രവേശിച്ചതായും സ്ഫോടന പരമ്പര നടത്തുമെന്നും വ്യാജ സന്ദേശം അയച്ചതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പിടിയിലായ ബീഹാർ സ്വദേശിയുടെ മൊഴി. തനിക്കെതിരെ കേസ് നൽകിയ ഒരാളെ കുടുക്കാനും പ്രതികാരം ചെയ്യാനുമായിരുന്നു പ്രതിയുടെ ശ്രമം. ബിഹാർ സ്വദേശിയും നോയിഡയിലെ സെക്ടർ 79-ൽ താമസക്കാരനുമായ അശ്വനി കുമാർ (51) ആണ് അറസ്റ്റിലായത്. ഇയാൾ ജ്യോതിഷി, വാസ്തു വിദഗ്ദ്ധൻ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
മുംബൈ പോലീസിന് ലഭിച്ച ഭീഷണി സന്ദേശം നോയിഡയിൽ നിന്നാണെന്ന് സൈബർ സെൽ കണ്ടെത്തിയതിനെ തുടർന്ന് സെക്ടർ 113 പോലീസ് നടത്തിയ അന്വേഷണത്തിലാണ് അശ്വനി കുമാർ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്. നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുമിത് ശുക്ലയാണ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചത്.
ചോദ്യം ചെയ്യലിൽ, വ്യക്തിപരമായ പ്രതികാരത്തിനാണ് താൻ വ്യാജ സന്ദേശം അയച്ചതെന്ന് അശ്വനി കുമാർ സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2023-ൽ പാട്നയിൽ വെച്ച് തനിക്കെതിരെ കേസ് നൽകിയ ഒരു സുഹൃത്തിനോട് പ്രതികാരം ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. ആ കേസിൽ അശ്വനി കുമാർ മൂന്ന് മാസം ജയിലിൽ കിടന്നിരുന്നു. പ്രതികാരം വീട്ടാൻ, ആ സുഹൃത്തിന്റെ പേരിൽ അശ്വനി കുമാർ മുംബൈ പോലീസിന് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.
അനന്ത് ചതുർത്ഥി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. 14 ഭീകരർ നഗരത്തിൽ പ്രവേശിച്ചതായും 34 വാഹനങ്ങളിലായി 400 കിലോ ആർഡിഎക്സ് (RDX) സ്ഥാപിച്ചതായും വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു. ഇത് മുംബൈയിൽ വലിയ സുരക്ഷാ ഭീഷണിക്കും ജാഗ്രതയ്ക്കും കാരണമായി. “ലഷ്‌കർ-ഇ-ജിഹാദി” എന്ന പേരിൽ ട്രാഫിക് പോലീസിന്റെ ഹെൽപ്പ് ലൈനിലേക്കാണ് സന്ദേശം വന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ വർളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്.