Kerala
ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റ സംഭവം; പോലീസിലെ ചിലര്‍ ആസൂത്രിതമായി ഇടപെട്ടുവെന്ന് റൂറല്‍ എസ് പി
മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി

കോഴിക്കോട് | പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ പോലീസിലെ ചിലര്‍ ആസൂത്രിതമായി ഇടപെട്ടുവെന്ന് വ്യക്തമാക്കി റൂറല്‍ എസ് പി കെ ഇ ബൈജു.
പോലീസിലെ ചില ആളുകള്‍ മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലീസ് ലാത്തി ചാര്‍ജ് ചെയ്തിട്ടില്ല. ഒരു കമാന്‍ഡ് നല്‍കുകയോ വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷന്‍ അവിടെ നടന്നിട്ടില്ല. എന്നാല്‍ പോലീസിലെ ചിലര്‍ പ്രശ്‌നം വഷളാക്കി. അവര്‍ മനഃപ്പൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി.
അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ എ ഐ ടൂളുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തില്‍ ഒരു പോലീസുകാരന്‍ എം പിയെ പുറകില്‍ നിന്ന് അടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര സി കെ ജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ യു ഡി എഫും എല്‍ ഡി എഫും പേരാമ്പ്രയില്‍ റാലി സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റത്.