Connect with us

International

മോദി-പുടിന്‍ ചര്‍ച്ച: രക്ഷാദൗത്യത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു പുടിന്‍; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സുമിയിലേക്ക്

ഉക്രൈനുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുടിന്‍ മോദിയുമായി പങ്കുവെച്ചു.

Published

|

Last Updated

കീവ്  | രക്ഷാദൗത്യത്തിന്റെ ഭാഗമായി പോള്‍ട്ടാവയില്‍ നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സുമിയിലേക്ക് തിരിച്ചു. അരമണിക്കൂറിനുള്ളില്‍ പുറപ്പെടാന്‍ തയാറായിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇരു നേതാക്കളും നിലവിലെ സാഹചര്യം വിലയിരുത്തി. ഉക്രൈനുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുടിന്‍ മോദിയുമായി പങ്കുവെച്ചു. യുക്രൈന്‍ പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ പുടിനോട് മോദി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 50 മിനുട്ടോളം ചര്‍ച്ച നീണ്ടുനിന്നു.ഇന്ത്യയുടെ രക്ഷാദൗത്യത്തിന് പുടിന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു

അതേ സമയം സുമിയില്‍ കുടുങ്ങിയത് 594 മലയാളി വിദ്യാര്‍ഥികളെന്ന് നോര്‍ക്ക അറിയിച്ചു.റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും യുക്രെയ്ന്‍ നിലപാട് പ്രഖ്യാപിക്കാത്തത് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചു. ഒഴിപ്പിക്കല്‍ ദൗത്യത്തിനു നല്‍കുന്ന സഹായങ്ങള്‍ക്കു നന്ദി അറിയിച്ച മോദി റഷ്യയുമായി നടത്തുന്ന ചര്‍ച്ചകളെ അഭിനന്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി മോദി സംസാരിച്ചത്

സുമിയില്‍ മാത്രം 700ഓളം വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. പോരാട്ടം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഷെല്‍ട്ടറുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രെയ്‌നില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികളെയും ഒഴിപ്പാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. യുക്രെയ്‌നിലെ പോള്‍ട്ടാവ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിക്കാനാണു നീക്കം. എന്നാല്‍ ഈ രണ്ട് വഴികളും അംഗീകരിക്കില്ല എന്ന നിലപാട് യുക്രൈന്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഹംഗറിയില്‍ നിന്ന് 160 വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് 8 വിമാനങ്ങളിലായി 1,500 വിദ്യാര്‍ഥികളെ കൂടി യുക്രൈനില്‍ നിന്ന് എത്തിക്കും. വെടിയേറ്റു ചികില്‍സയിലുള്ള ഹര്‍ജോത് സിങ്ങിനെ ഇന്നു തന്നെ ഡല്‍ഹിയിലെത്തിക്കും

Latest