Saji Cherian's Controversial Remarks
മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവെക്കണം: വി ഡി സതീശന്‍
രാജിയില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം| മന്ത്രി സജി ചെറിയാന്‍ ഭരണഘടനയേയും ഭരണഘടന ശില്‍പ്പികളേയും അവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഒരു ദിവസം പോലും മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. മന്ത്രി രാജിവെച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി പി എം പരിപാടിയിലാണ് വിവാദ പരാമര്‍ശം. രാജ്യത്ത് എഴുതിവെച്ചിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘാന സംരക്ഷണം നല്‍കുന്നില്ല. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.