Kerala
മരിച്ച ഫിലോമിനയുടെ വീട്ടില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കുടുംബം
എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പിന് ഇരയായി പണം തിരികെ ലഭിക്കാത്തതിനാല്‍ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട്ടില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. സംഭവത്തില്‍ കുടുംബം മന്ത്രിയോട് അവരുടെ അതൃപ്തിയറിയിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നല്‍കിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നല്‍കിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
ഫിലോമിനയുടെ കുടുംബവുമായി സംസാരിച്ച ശേഷം പുറത്തേക്കുവന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍ മറ്റ് ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഖേദ പ്രകടനം നടത്തിയോ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കിയില്ല.
അതേ സമയം കരുവന്നൂര്‍ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദര്‍ശനം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്നും മന്ത്രി ആര്‍ ബിന്ദു നേരത്തേ പറഞ്ഞിരുന്നു.
മൃതദേഹവുമായി പ്രതിക്ഷ പാര്‍ട്ടികള്‍ ബേങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് 2 ലക്ഷം രൂപാ ബേങ്ക് വീട്ടിലെത്തിച്ചു നല്‍കി. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവര്‍ക്ക് പലതവണ ആയി നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.