Connect with us

interview

ഉള്ളറിഞ്ഞ വായന മനസ്സിനെ സ്ഫടികതുല്യമാക്കും

Published

|

Last Updated

? രാധാകൃഷ്ണൻ എടച്ചേരി എന്ന കവിയുടെ ജനനം ഓർത്തെടുക്കാമോ

എഴുത്തിന്റെ തുടക്കം കഥകളിലായിരുന്നു. അകാരണമായ ശൂന്യത , ഭയം, വേദന ബാല്യകാലത്തെ എന്നോടൊപ്പം ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ നിന്നും പലപ്പോഴും അപ്രത്യക്ഷനായി. വീടിന്റെ ഏകാന്തതയെക്കാൾ സൗന്ദര്യം മറ്റൊന്നിനും കണ്ടെത്താൻ കഴിഞ്ഞില്ല. വീട് വിട്ടിറങ്ങുന്ന ഒരാളല്ല ഞാൻ. വീട്ടിലേക്ക് അതിവേഗം തിരിച്ചെത്തുന്നതിലായിരുന്നു ആഹ്ലാദം. മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം വളരെ വലുതാണ്’ ഇന്നും അത് തുടരുന്നു. പലതും പറയാനുണ്ട്. അതിനൊരു മാധ്യമം വേണം .കവിത അതിനൊരിടമായി. മനസ്സിനെ പകർത്തി. ഏറ്റവും അടുത്ത കൂട്ടുകാരിയായി കവിത മാറി. ഇടക്കിടെ പിടിച്ചുമുറുക്കുന്ന വിഷാദത്തിൽ നിന്നുള്ള മോചനമാണ് എനിക്ക് കവിത. അതുകൊണ്ട് തന്നെ കവിതയിലെ മൗലികതയെ പറ്റിയൊന്നും ചിന്തിക്കാറില്ല. കവിതയിൽ ഉണ്ടാകുന്ന മാറ്റത്തോടൊപ്പം നടക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. അതിജീവനമാണ് എഴുത്ത്. കുഞ്ഞുണ്ണി മാഷിന് കത്തുകൾ എഴുതുമായിരുന്നു. കവിതകൾ അയച്ചു കൊടുക്കും. മാഷ് അഭിപ്രായങ്ങളും നിർദേശങ്ങളും തരും. ബാലപംക്തികളിൽ കവിതകൾ അച്ചടിച്ചുവന്നതായിരുന്നു കവിതയിലെ തുടക്കം.

? മാഷിന്റെ കുട്ടിക്കാല വായന എങ്ങനെയായിരുന്നു. വീട്ടിൽ അക്കാലത്ത് വായനക്കാരായി ആരെങ്കിലുമുണ്ടായിരുന്നോ.?

വീട്ടിൽ വായനയുടെ അന്തരീക്ഷം ഉണ്ടായിരുന്നില്ല. പെങ്ങളുടെ ഭർത്താവായ ദാമോദരൻ മാഷ് നല്ല വായനക്കാരനായിരുന്നു. നല്ല പുസ്തക ശേഖരവുമുണ്ട്. അവിടെ പോയി പുസ്തകങ്ങൾ വായിക്കും. എം ടി, വിജയൻ , കാരൂർ, ഉറൂബ്, ബഷീർ, പൊറ്റക്കാട്ട്, മുകുന്ദൻ, സേതു, പുനത്തിൽ, മാധവിക്കുട്ടി അങ്ങനെ പോയി വായന. കവിതാ പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. പതുക്കെ നാട്ടിലുള്ള ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ തുടങ്ങി. സ്വാഭാവികമായും പിന്നീട് വായനക്കുള്ള അവസരങ്ങൾ കൂടി.

? ആദ്യ കവിത ആരെ കുറിച്ചായിരുന്നു. അമ്മ, പ്രകൃതി?

ആദ്യ കവിത അമ്മയെ പറ്റിയായിരുന്നു. പ്രകൃതിയും ഭൂമിയും അമ്മയും കടന്നുവരുന്ന കവിത. ഈ കവിതക്ക് കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. സങ്കടം, ഉത്കണ്ഠ, പ്രതിഷേധം, പ്രണയം, മരണം ഒക്കെയും കവിതകളായി. നിരന്തരം എഴുതാൻ പറ്റില്ല. വലിയ ഇടവേളകൾ ഉണ്ടാകാറുണ്ട്. ഇനി കവിതയില്ല എന്നു തോന്നുമ്പോളായിരിക്കും അവൾ (കവിത) കടന്നുവരുന്നത്. എല്ലാ എഴുത്തുകാരെപോലെ എന്റെയും നിദ്ര കവിത കെടുത്തി. എങ്കിലും കവിത അനേകം സൗഹൃദങ്ങൾ കൊണ്ടു തന്നു.
“എത്ര വട്ടം ഉപേക്ഷിച്ചതാണ് നിന്നെ
എന്നിട്ടുമെന്തേ വീണ്ടുമെന്റെ
ഏകാന്തതയിൽ കൂട്ടിരിക്കുന്നു’ (കവിതയോട്)

? വിഷയങ്ങൾ , കുടുംബാന്തരീക്ഷം എഴുത്തിനും വായനക്കും അനുകൂലമായിരുന്നു എന്ന് പറയാമോ

കുടുംബാന്തരീക്ഷം അനുകൂലമായിരുന്നു. അക്കാലത്തെ സാധാരണയായ ദാരിദ്ര്യം ഉണ്ടായിരുന്നില്ല. അച്ഛൻ ഒരു പാഠപുസ്തകമായിരുന്നു. പുരോഗമനപരവും ജനാധിപത്യപരവുമായ ചുറ്റുപാട് സൃഷ്ടിച്ചിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും വീട് സ്വീകരിച്ചു. അമ്മയായിരുന്നു എന്റെ കരുത്ത്. അടുക്കള മനസ്സിലാക്കി. ശരാശരി വിദ്യാർഥിയായ എനിക്ക് ഉറക്കമൊഴിച്ച് അമ്മ കൂട്ടിരുന്നു. ഞങ്ങൾ നാല് ആണും നാല് പെണ്ണുമായിരുന്നു. അക്കാലത്ത് കഥാ മാസിക, കലാകൗമുദി തുടങ്ങിയവയിൽ ഏട്ടൻ അശോകുമാർ കാർട്ടൂണുകൾ വരച്ചിരുന്നു. പിന്നീട് നിർത്തി. ചിത്രം വരയിൽ ഇപ്പോഴും കുടുംബത്തിൽ പുതു തലമുറയുണ്ട്. അതിന്റെ ഉറവിടം പിടികിട്ടിയിട്ടില്ല. നാട്ടിൽ ചെറിയ നാടക ട്രൂപ്പുകൾ ഉണ്ടായിരുന്നു. അവരോടൊപ്പവും കൂടി.

? വായിക്കാൻ സമയമില്ലെന്ന് പറയുന്നത് ജീവിക്കാൻ സമയമില്ലെന്ന് പറയുന്നതിന് തുല്യമാണെന്ന് പറഞ്ഞത് പ്ലാഡിമർ ഇല്യാനോ സോവിച്ച് ലെനിനാണ്. വായന ഇല്ലാത്ത ഒരു നിലനിൽപ്പ് നമുക്ക് സാധ്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

വായന നൽകുന്ന അനുഭൂതി, മനഃസംസ്കരണം വളരെ വലുതാണ്. വായന ബാഹ്യമായി പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്. സൂക്ഷ്മമായ വായനയുടെ അഭാവമുണ്ട്. നമ്മൾ മികച്ച വായനക്കാർ എന്ന് കരുതുന്നവർ പോലും മാനവികതക്ക് പുറംതിരിഞ്ഞ് നിൽക്കുമ്പോൾ അത്ഭുതം തോന്നും. എന്നെ കണ്ടെത്തുക എന്നത് പ്രധാനമാണ്. പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പരന്ന വായനക്കാർ ഇല്ലാതാകുന്നു. ആവശ്യം മാത്രം പരിഗണിച്ചുള്ള പുസ്തക തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ബോധമനസ്സിനെ സ്ഫടിക തുല്യമാക്കാൻ ഉള്ളറിഞ്ഞ വായന വേണം. പുസ്തകവായന മാത്രമല്ല വായന പ്രകൃതിയെ, അമ്മയെ, ഗുരുനാഥനെ, ചങ്ങാതിയെ, നാടിനെ അറിയുക എന്നതു കൂടി അതിൽപ്പെടുന്നുണ്ട്. തീർച്ചയായും പുസ്തക വായനയായാലും ഇ-വായനയായാലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

Latest