Kerala
എം സി കമറുദ്ദീന്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായി
പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു
കാസര്‍കോട് | ഫാഷന്‍ ഗോള്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ കമറുദ്ദീന്‍ എത്തിയത്. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റിഡിയിലായ പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തി കമറുദ്ദീനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.. നേരത്തെ എം സി കമറുദ്ദീനെ പല തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ അന്വേഷണ പുരോഗതിയെ ബാധിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം കീഴടങ്ങിയതോടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം.
കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേനുകളിലായി നൂറിലേറെ തട്ടിപ്പ് കേസുകളാണ് കമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെയുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായ കമറുദ്ദീന്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.



