Connect with us

articles

മര്‍കസ് എന്ന ഇന്ധനം

കൃത്യമായ ദീര്‍ഘവീക്ഷണവും സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞുള്ള ഇടപെടലും സുസജ്ജമായ നേതൃത്വവുമാണ് മര്‍കസ് മുന്നേറ്റത്തിന്റെ എക്കാലത്തെയും ഇന്ധനമെന്നതാവും ലഭിക്കുന്ന ഉത്തരം.

Published

|

Last Updated

1978 ഏപ്രില്‍ 18ന് ഒരു അനാഥാലയവും ശരീഅത്ത് കോളജും പള്ളിയുമായി കാരന്തൂരില്‍ തുടക്കമിട്ട സ്ഥാപനം വര്‍ഷങ്ങള്‍ക്കിപ്പുറം കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹികക്ഷേമ രംഗത്തെ ഒരാശ്രയ കേന്ദ്രമായി മാറിയതിന് പിന്നിലെ ഊര്‍ജമെന്തായിരിക്കും? മര്‍കസിന്റെ ആരംഭവും മുന്നേറ്റവും അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ നിറയുന്ന ചോദ്യമാണിത്. കൃത്യമായ ദീര്‍ഘവീക്ഷണവും സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞുള്ള ഇടപെടലും സുസജ്ജമായ നേതൃത്വവുമാണ് മര്‍കസ് മുന്നേറ്റത്തിന്റെ എക്കാലത്തെയും ഇന്ധനമെന്നതാവും ലഭിക്കുന്ന ഉത്തരം. വരും കാലത്തിന്റെ ആവശ്യമറിഞ്ഞുള്ള ദീര്‍ഘവീക്ഷണം കൊണ്ട് തന്നെയാണല്ലോ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അനുദിനം അപ്‌ഡേഷന്‍ നടക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി മര്‍കസ് വളര്‍ന്നതും.

വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിശാലവും സമഗ്രവുമായ ആശയങ്ങളും നമ്മുടെ രാജ്യത്തിന്റെ മതേതരത്വ നിലപാടുകളും സംയോജിപ്പിച്ച് അന്നേവരെ കാര്യമായ പുരോഗതി കൈവരിക്കാത്ത സമൂഹത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ഒരു കേന്ദ്രം അനിവാര്യമായ സന്ദര്‍ഭത്തിലാണ് മര്‍കസ് പിറവിയെടുക്കുന്നത്. ഉന്നത മത പഠനത്തിനും ഭൗതിക പഠനത്തിനുമെല്ലാം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കാലമാണത്.

ഭൗതികം, ആത്മീയം എന്ന വേര്‍തിരിവില്ലാതെ എല്ലാ വിജ്ഞാനശാഖകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലും ഒന്നും ഒരാളുടെയും കുത്തകയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആഴത്തില്‍ അറിവ് നുകര്‍ന്ന മത പണ്ഡിതരെയും സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെയും ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകാരെയും സാമൂഹികരംഗത്തെ നിപുണരെയും ഒരേസമയം മര്‍കസിന് ഉത്പാദിക്കാന്‍ സാധിച്ചത്.

മര്‍കസ് മുന്നോട്ടുവെച്ച സാമൂഹിക നിര്‍മാണ മോഡലിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നതിന്റെ തെളിവായിരുന്നു മര്‍കസിലേക്ക് ഒഴുകിയ വിദ്യാര്‍ഥികളും മാതൃകയായി നിര്‍മിക്കപ്പെട്ട സ്ഥാപനങ്ങളും. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിരന്തരം സാമൂഹിക, സാമുദായിക ചലനത്തിന്റെ ദിശനിര്‍ണയിച്ചു കൊടുക്കാന്‍ പ്രാപ്തിയുള്ള സംരംഭങ്ങളും പദ്ധതികളും മുന്നോട്ടുവെക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് മര്‍കസ് മോഡല്‍ സാമൂഹിക നിര്‍മിതിയുടെ മറ്റൊരു പ്രത്യേകത. സ്ഥാപിതമായ 1978കളിലും തുടര്‍ന്നുള്ള ദശകങ്ങളിലും ഉണ്ടായിരുന്ന സാമൂഹിക സാഹചര്യത്തില്‍ നിന്ന് കേരളീയ സമൂഹം ബഹുദൂരം മുന്നേറിയ സാഹചര്യത്തിലാണ് അത്യാധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോളജ് സിറ്റി നിര്‍മിക്കുന്നത്.

47 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മക്കയിലെ വിശ്രുതപണ്ഡിതന്‍ സയ്യിദ് അലവി മാലികി ശിലയിട്ട മര്‍കസെന്ന ആശയം സമുദായത്തിനും രാജ്യത്തിനും നല്‍കുന്ന സംഭാവനകളും സന്ദേശങ്ങളും ഏറെ വലുതാണ്. വ്യക്തമായ കാഴ്ചപ്പാടുകളും ലാഭേച്ഛയില്ലാത്ത അര്‍പ്പണബോധവും കൈമുതലാക്കി സമൂഹത്തെ സേവിക്കാനിറങ്ങിയാല്‍ ദേശ-ഭാഷാ അതിര്‍ത്തികള്‍ ഇല്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനും അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാനും സാധിക്കുമെന്നതാണ് മര്‍കസും സാരഥി കാന്തപുരം ഉസ്താദും നമുക്ക് നല്‍കുന്ന സന്ദേശം.

അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കുന്ന അലിഫ് ഡേ വിദ്യാരംഭവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ പതാകയുയര്‍ത്തലും സന്ദേശ വിളംബരവുമൊക്കെയാണ് ഇത്തവണത്തെ മര്‍കസ് ദിനാചരണത്തിന്റെ പ്രത്യേകതകള്‍. വാര്‍ഷികാവധിക്ക് ശേഷം കൂടുതല്‍ ഉന്മേഷത്തോടെ തിരിച്ചെത്തുന്ന ജാമിഅ മര്‍കസ് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ശുഭമുഹൂര്‍ത്തത്തില്‍ കൂടിയാണ് ഈ ദിനാചരണമെന്നത് കൂടുതല്‍ തിളക്കമേറ്റുന്നു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest