Connect with us

From the print

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ഉത്തരവ് അരൂർ സ്വദേശിയുടെ പരാതിയിൽ

Published

|

Last Updated

കൊച്ചി | കലക്‌ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച്, മറ്റ് ഭാഷകളിൽ തരംഗം തീർത്ത “മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബേങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. സിനിമക്കായി ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലാണ് നടപടി.
നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബേങ്ക് അക്കൗണ്ടാണ് എറണാകുളം സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ച് ഉത്തരവിറക്കിയത്.

ചിത്രം ഇതിനോടകം ബോക്സ് ഓഫീസ് കലക്‌ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് ഹരജിയിലുള്ളത്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപ കലക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒ ടി ടി പ്ലാറ്റ്ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് പറയുന്നു.

ഹരജി പരിഗണിച്ച കോടതി ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തുടക്കത്തിലേ കുതിച്ച ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം കൈവരിച്ചു. തമിഴ്നാട്ടിലും ചിത്രം അതിവേഗം പ്രസിദ്ധി നേടി. മൊഴിമാറ്റം ചെയ്യാതെ തന്നെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി. കേരളത്തിലും തമിഴ്നാട്ടിലുമായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

Latest