Connect with us

Kasargod

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Published

|

Last Updated

കാസർകോട് | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ പത്തിന് ശേഷമാണ് അദ്ദേഹം കാസർകോട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അടച്ചിട്ട മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാൻ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മൂന്ന് മാസത്തിനൊടുവിലാണ് കേസിലെ ഏക പ്രതിയായ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. നാമനിർദേശപത്രിക പിൻവലിക്കാൻ സുന്ദരക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു.

സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും അദ്ദേഹത്തിന് ലഭിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.