Connect with us

National

മംഗളൂരു ആള്‍ക്കൂട്ടക്കൊല: പാകിസ്താന്‍ സിന്ദാബാദെന്ന് കൊല്ലപ്പെട്ട വ്യക്തി പറഞ്ഞതായി ഞാനല്ല പറഞ്ഞതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

മർദിച്ച ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നതായും മന്ത്രി

Published

|

Last Updated

ബെംഗളൂരു | മംഗളൂരുവില്‍ മലയാളിയെ സംഘ്പരിവാര്‍ കൂട്ടമായി ആക്രമിച്ച് കൊന്ന കേസില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞുവെന്നത് തന്റെ പ്രസ്താവനയല്ലെന്നും ആള്‍ക്കൂട്ട സംഘത്തിലെ ചിലര്‍ പോലീസിനോട് പറഞ്ഞ കാര്യമാണിതെന്നും ജി പരമേശ്വര തിരുത്തി.

നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുകയുള്ളൂ. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലവും അന്വേഷിച്ചുവരികയാണ്. ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് പുല്‍പ്പള്ളി സ്വദേശിയായ അശ്‌റഫിനെയാണ് മംഗളൂരു കുഡുപ്പില്‍ കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. 25ല്‍ അധികം പേരാണ് മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. ഇതില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണം തുടങ്ങിയത്. പിന്നീട് ക്രിക്കറ്റ് കളിക്കാനും കളി കാണാനുമെത്തിയ സംഘ്പരിവാര്‍ അനുകൂലികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവ് പാകിസ്താന്‍ എന്ന് വിളിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങി വന്നെന്നാണ് ആരോപണം. യുവാവിന് നേരെ ആള്‍ക്കൂട്ടം തിരിഞ്ഞെന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അശ്റഫിനെ വീണിടത്ത് വെച്ച് ആള്‍കൂട്ടം ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി.