Connect with us

National

താലിബാനികളില്‍ മലയാളികളോ? വിവാദ ട്വീറ്റുമായി ശശി തരൂര്‍ എംപി

താലിബാനില്‍ ഒരു മലയാളിയും ഉള്ളതായി വിവരമില്ലെന്നും വീഡിയോയില്‍ കാണുന്നവര്‍ ബലൂചികളാണെന്നും വീഡിയോ പാേസ്റ്റ് ചെയ്തയാൾ

Published

|

Last Updated

ന്യൂഡല്‍ഹി | താലിബാനികളില്‍ മലയാളികളും ഉണ്ടെന്ന് തോന്നിപ്പിക്കും വിധത്തില്‍ വിവാദ ട്വീറ്റുമായി മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂര്‍. താലിബാന്‍ സൈനികന്‍ മലയാളം പറയുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോയാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്.

രണ്ട് മലയാളി താലിബാന്‍ സൈനികരെങ്കിലും ഉണ്ടെന്നും വീഡിയോ ദൃശ്യത്തിൽ അവരില്‍ ഒരാള്‍  “സംസാരിക്കട്ടെ” എന്ന് പറയുന്നുവെന്നും അത് കൂടെയുള്ളയാള്‍ മനസ്സിലാക്കുന്നുണ്ടെന്നുമാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ റീട്വീറ്റ് ചെയ്താണ് തരൂരിന്റെ കമന്റ്. വീഡിയോയില്‍ ഇവര്‍ മലയാളം പറയുന്നത് വ്യക്തമല്ല. സംസാരിക്കട്ടെ എന്ന് തോന്നുന്ന തരത്തിലുള്ള ശബ്ദമാണ് കേള്‍ക്കുന്നത്.

അതേസമയം, ഇക്കാര്യം വീഡിയോ പോസ്റ്റ് ചെയത റമീസ് നിഷേധിച്ചു. താലിബാനില്‍ ഒരു മലയാളിയും ഉള്ളതായി വിവരമില്ലെന്നും വീഡിയോയില്‍ കാണുന്നവര്‍ ബലൂചികളാണെന്നും റമീസ് മറുപടി നൽകി. ബ്രാവി ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. അത് മലയാളത്തിനും തെലുങ്കിനും തമിഴിനും തുല്യമായ ദ്രാവിഡ ഭാഷയാണെന്നും റമീസ് വ്യക്തമാക്കുന്നു.

റമീസിന്റെ വിവരണം രസകരമാണെന്നും അവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ വിഷയം ഭാഷാശാസ്ത്രജ്ഞര്‍ക്ക് വിടാമെന്നും തരൂര്‍ ഇതിന് മറുപടി നല്‍കി. എന്നാല്‍ വഴിതെറ്റിയ മലയാളികള്‍ താലിബാനിൽ ചേര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ താലിബാനില്‍ മലയാളിള്‍ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.