No interim bail for M Sivashankar
റിമാന്റില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യമില്ല
ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്

കൊച്ചി | ലൈഫ് മിഷന്‍ അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി.
എം ശിവശങ്കര്‍ ചികിത്സാര്‍ത്ഥമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമ ഏഴാം പ്രതി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി.
തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്‌ന സുരേഷും സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയില്‍ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടത്.