Connect with us

editorial

കേരളത്തിലും വോട്ട് വില കൊടുത്തു വാങ്ങുന്നുവോ?

തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ചേർന്ന് കക്ഷിരാഷ്ട്രീയ രംഗത്തെ ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിക്കാത്ത കാലത്തോളം വോട്ട് വിലക്കു വാങ്ങലും കള്ളപ്പണത്തിന്റെ വരവും തുടർന്നു കൊണ്ടിരിക്കും.

Published

|

Last Updated

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിന് വേണ്ടി പണവും ഭക്ഷ്യവസ്്തുക്കളും വിതരണം ചെയ്തതിന്റെ വാർത്തകൾ പുറത്തു വരികയുണ്ടായി കഴിഞ്ഞ ദിവസങ്ങളിൽ.

തൃശൂരിൽ ബി ജെ പി ഒരു വോട്ടിന് അഞ്ഞൂറ് രൂപ വീതം വിതരണം ചെയ്തുവെന്നത് പണം ലഭിച്ച വോട്ടർമാരാണ് വെളിപ്പെടുത്തിയത്. ഒളരി ശിവപുരം കോളനിയിലായിരുന്നു പണവിതരണം. ബി ജെ പി പ്രവർത്തകനായ സുഭാഷ് വീടുകളിലെത്തിയാണ് പണം വിതരണം ചെയ്തതെന്നും വേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ നിർബന്ധപൂർവം കൈയിൽ പിടിപ്പിക്കുകയായിരുന്നുവെന്നും കോളനിയിലെ വോട്ടർമാരാണ് മാധ്യമ പ്രവർത്തകർ മുമ്പാകെ വിവരിച്ചത്. 121 വോട്ടർമാരാണ് ഈ കോളനിയിലുള്ളത്. തൃശൂരിൽ തുടക്കത്തിൽ വീറും വാശിയുമേറിയ ത്രികോണ മത്സരത്തിന്റെ പ്രതീതിയായിരുന്നു പ്രകടമായതെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ ഇടതു- വലതു മത്സരത്തിലേക്ക് ചുരുങ്ങുകയും ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ സാധ്യതക്ക് മങ്ങലേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി പണം നൽകി വോട്ട് പിടിക്കാൻ തുടങ്ങിയതെന്നാണ് ഐക്യമുന്നണിയും ഇടതുമുന്നണിയും ആരോപിക്കുന്നത്.

വയനാട്ടിൽ കൽപ്പറ്റ, ബത്തേരി, മാനന്തവാടി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പോലീസ് പിടികൂടുകയുണ്ടായി. കൽപ്പറ്റയിൽ തെക്കുംതറയിലെ ബി ജെ പി പ്രാദേശിക നേതാവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കിറ്റുകളാണ് പിടിച്ചെടുത്തത്. 167 കിറ്റുകളാണ് ഇവിടെ നിന്നു കണ്ടെടുത്തത്. വിഷുവിന് വിതരണം ചെയ്യാനായി തയ്യാറാക്കിയതായിരുന്നു കിറ്റുകളെന്നും അന്നു നൽകാൻ സാധിക്കാത്തതു കൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം നൽകാമെന്ന തീരുമാനത്തിൽ സൂക്ഷിച്ചു വെച്ചതായിരുന്നുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ബി ജെ പി നേതാക്കളുടെ വിശദീകരണം.

ബത്തേരിയിൽ വാഹനത്തിൽ കൊണ്ടു പോവുകയായിരുന്ന 1,500 കിറ്റുകൾ ഒരു മൊത്തവിതരണ സ്ഥാപനത്തിന്റെ മുന്നിൽ വെച്ചാണ് പിടികൂടിയത്. ഇതിനു പുറമെ പ്രസ്തുത വ്യാപാര സ്ഥാപനത്തിൽ നിന്ന് അയ്യായിരത്തിലധികം കിറ്റുകൾ പിടിച്ചെടുത്തു. രണ്ടായിരം രൂപ വില വരുന്ന 10,000 കിറ്റുകൾ തയ്യാറാക്കാനാണ് തങ്ങൾക്ക് ഓർഡർ ലഭിച്ചതെന്നാണ് സ്ഥാപനത്തിലെ ജീവനക്കാർ വെളിപ്പെടുത്തിയത്. ആരാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബി ജെ പിക്കാരാണെന്നാണ് വിവരം. അതേസമയം, ക്ഷേത്രത്തിലെ ഒരു ഭക്തൻ അദ്ദേഹത്തിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഹൈന്ദവ വിശ്വാസികൾക്കു വഴിപാടായി വിതരണം ചെയ്യാൻ തയ്യാറാക്കിയതാണ് കിറ്റുകളെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റും വയനാട് ലോക്‌സഭാ സ്ഥാനാർഥിയുമായ കെ സുരേന്ദ്രന്റെ ഭാഷ്യം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്‌നാട്, കർണാടക തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പണവും സാരിയും മദ്യവും മറ്റും വിതരണം ചെയ്ത് വോട്ട് വിലക്കു വാങ്ങുന്ന പ്രവണത മുമ്പേ നിലവിലുണ്ട്. തമിഴ്‌നാട്ടിൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിതരണത്തിനെത്തിയ 80.5 കോടി രൂപയും 1.09 കോടി രൂപയുടെ വില പിടിപ്പുള്ള വസ്തുക്കളും ഫ്ലയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് ട്രെയിനിൽ കടത്താൻ ശ്രിമിക്കുന്നതിനിടെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ബി ജെ പി പ്രവർത്തകരിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്തിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്‌ക്വാഡ.് അതേസമയം കേരളത്തിൽ ചില ഭാഗങ്ങളിൽ രഹസ്യമായി വോട്ടർമാർക്ക് പണവും മദ്യവും നൽകുന്നതായി പരാതി ഉയർന്നിരുന്നുവെങ്കിലും ഇത്ര വ്യാപകമായ തിരഞ്ഞെടുപ്പ് അഴിമതി റിപോർട്ട് ചെയ്യപ്പെടുന്നത് ഈ വർഷമാണ്. ബി ജെ പിയുടെ പ്രമുഖ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് വോട്ട് വിലക്കു വാങ്ങുന്ന രീതി കൂടുതലായി കാണപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബി ജെ പി കേരളത്തിൽ വൻതോതിൽ കള്ളപ്പണം ഇറക്കിയിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യാർഥം മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ തൃശൂർ ജില്ലയിലെ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ചു പാർട്ടിയിലെ തന്നെ ഒരു വിഭാഗം മൂന്നരക്കോടി കൊള്ളയടിച്ചത്. പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വാഹനത്തിലുണ്ടായിരുന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റുകളിൽ നിന്ന് വൻതോതിൽ സ്വീകരിക്കുന്ന കള്ളപ്പണമാണ് വോട്ടർമാർക്ക് വിതരണം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര സ്വഭാവവും വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടമാക്കുകയും കള്ളപ്പണവും അഴിമതിയും വളരാൻ ഇടയാക്കുകയും ചെയ്യുന്നു. സമ്പന്നരിൽ നിന്നു തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം വാങ്ങുമ്പോൾ, ഉപകാര സ്മരണയായി അവർക്കു വഴിവിട്ടത് ചെയ്യാൻ രാഷ്ട്രീയ നേതൃത്വം നിർബന്ധിതരാകും.

തിരഞ്ഞെടുപ്പിൽ പണത്തിന്റെ വൻതോതിലുള്ള ഒഴുക്ക് നിയന്ത്രിക്കുക, രാഷ്ട്രീയ പാർട്ടികൾക്കുളള കുത്തകകളുടെ സംഭാവന നിർത്തലാക്കുക, പാർട്ടികളുടെയും സ്ഥാനാർഥികളുടെയും അക്കൗണ്ട് സുതാര്യമാക്കുക തുടങ്ങിയ നിർദേശങ്ങൾ 2014ൽ ചേർന്ന സർവകക്ഷി യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ചിരുന്നു. പാർട്ടി നേതൃത്വങ്ങൾ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഒഴുക്കിന് ശക്തി കൂട്ടുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ചേർന്നു കക്ഷിരാഷ്ട്രീയ രംഗത്തെ ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിക്കാത്ത കാലത്തോളം വോട്ട് വിലക്കു വാങ്ങലും കള്ളപ്പണത്തിന്റെ വരവും തുടർന്നു കൊണ്ടിരിക്കും.

Latest