Connect with us

Articles

ജാതി വെറിയുടെ അന്വേഷണ റിപോര്‍ട്ടുകള്‍

എല്ലാം സഹിച്ച് മതിയാക്കി സ്വയം ജീവനൊടുക്കിയിട്ടും വസ്തുതക്ക് നിരക്കാത്ത മുടന്തന്‍ ന്യായങ്ങളുമായി ഉന്നതരെ രക്ഷിക്കാന്‍ റിപോര്‍ട്ടുകള്‍ കൊടുക്കുന്ന തെലങ്കാന പോലീസ് വീണ്ടും വീണ്ടും രോഹിത് വെമുലയെ കൊന്നുകൊണ്ടിരിക്കുകയാണ്. കൂടെ, വിദ്യാസമ്പന്നതയുടെ കരുത്തിലെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വഴിയൊരുങ്ങുമെന്ന രാഷ്ട്രമീമാംസയുടെ വലിയൊരു പ്രതീക്ഷയെയും കുഴിവെട്ടി മൂടുന്നു.

Published

|

Last Updated

തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഒരാഴ്ചക്കകം ലോക്‌സഭയിലേക്ക് ജനം വിധിയെഴുതാന്‍ കാത്തിരിക്കുന്ന സമയവുമാണ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തികച്ചും സുപ്രധാനമായൊരു രാഷ്ട്രീയ സമയമാണിപ്പോള്‍. ഉഴപ്പു കണ്ടാല്‍ വെച്ചേക്കില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ക്ക് എല്ലാവിധ ആധിപത്യവും കിട്ടുന്ന സമയം. തിരഞ്ഞെടുപ്പ് ചൂട് കത്തിനില്‍ക്കവെയാണ് 2016ന് ശേഷം ഏറെ രാഷ്ട്രീയ കൊടുമ്പിരികള്‍ക്ക് ഹേതുവായ രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് തെലങ്കാന പോലീസ് ക്ലോഷര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുക മാത്രമല്ല, കേസില്‍ നിന്ന് അന്നത്തെ സെക്കന്തരാബാദ് എം പിയായിരുന്ന ബന്ദാരു ദത്താത്രേയ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എന്‍ രാമചന്ദര്‍ റാവു, വൈസ് ചാന്‍സലര്‍ അപ്പാ റാവു, നിരവധി എ ബി വി പി നേതാക്കള്‍, വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി തുടങ്ങി പ്രമുഖരടക്കമുള്ള എല്ലാവരെയും തെലങ്കാന പോലീസ് വെറുതെ വിടുകയും ചെയ്തു. മെയ് മൂന്ന് വെള്ളിയാഴ്ച തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍ പെട്ടവനല്ലെന്നും തന്റെ യഥാര്‍ഥ ജാതി പരസ്യമാകുമെന്ന് ഭയന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന് അനുമാനിക്കുന്നതായും പറയുന്നു. കുടുംബത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതാണെന്നും റിപോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് വേളയില്‍ പോലും രോഹിത് വെമുല വിഷയം രാഷ്ട്രീയമായി ആയുധമാക്കിയതാണ്. ദളിത് പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികളുടെ സംരക്ഷണവും അഭിമാനകരമായ വിദ്യാഭ്യാസ സാഹചര്യവും ഉറപ്പു വരുത്തുന്ന രോഹിത് വെമുലയുടെ പേരിലുള്ള നിയമം കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഉറപ്പ് പറഞ്ഞാണ് കോണ്‍ഗ്രസ്സ് തെലങ്കാന ഭരിക്കാനെത്തുന്നത്. 2016 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ജസ്റ്റിസ് ഫോര്‍ വെമുല എന്ന പ്രചാരണത്തെ കോണ്‍ഗ്രസ്സ് പിന്തുണക്കുന്നുണ്ട്. കഴിഞ്ഞ ഭാരത് ജോഡോ യാത്രയില്‍ രോഹിതിന്റെ മാതാവ് രാധിക വെമുലക്ക് ക്ഷണമുണ്ടായിരുന്നു. സര്‍ക്കാര്‍ നിലവില്‍ വന്ന് നാല് മാസമായപ്പോഴേക്കും കേസെല്ലാം കെട്ടിപ്പൂട്ടി വെക്കാന്‍ ഒരുക്കങ്ങളായിരിക്കുന്നു. ബി ജെ പി നേതാക്കളായ എല്ലാ പ്രതികളെയും വെറുതെ വിട്ടയക്കാന്‍ തീരുമാനമായിരിക്കുന്നു. ഈ മാസം 13നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേസവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാറിനെയും വെട്ടിലാക്കുമെന്ന് സൂചനകള്‍ വന്നു തുടങ്ങി. പ്രതിഷേധം കനത്തതോടെ പുനരന്വേഷണമുണ്ടാകുമെന്ന് പോലീസ് മേധാവി അറിയിച്ചെങ്കിലും ഈ നീക്കത്തിലെ അസ്വാഭാവികതകള്‍ കാണാതെ വയ്യ.

ആത്മഹത്യാ പ്രേരണാ കുറ്റവും എസ് സി – എസ് ടി അതിക്രമങ്ങള്‍ തടയലും അടക്കമുള്ളവ ചേര്‍ത്താണ് രോഹിത് വെമുല കേസില്‍ അന്വേഷണം നടന്നിരുന്നത്. ഇപ്പോള്‍ നല്‍കിയ റിപോര്‍ട്ടിലാകട്ടെ, വെമുലയുടെ മരണകാരണത്തെ കുറിച്ചൊന്നും പറയാതെ ജാതിയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച എന്തെങ്കിലും സാഹചര്യ തെളിവുകളൊന്നും രേഖകളില്‍ ലഭ്യമല്ല എന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നും നേരിട്ട് റിപോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നു. താന്‍ പട്ടിക ജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാമായിരുന്നുവത്രെ. ഇത് പരസ്യമായാല്‍ ഇതുവരെയുള്ള അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുമെന്നും പ്രോസിക്യൂട്ട് ചെയ്യപ്പെടാമെന്നും രോഹിത് നിരന്തരം ഭയപ്പെട്ടിരുന്നു എന്നും റിപോര്‍ട്ടിലുണ്ട്. ആത്മഹത്യക്ക് ശേഷം വന്ന നിരവധി പഠനങ്ങള്‍ രോഹിതിന്റെ ജാതി പശ്ചാത്തലം ലോകത്തിന് വെളിപ്പെടുത്തിയതാണ്. തങ്ങള്‍ പട്ടികജാതി വിഭാഗമായ മല ജാതിയില്‍ പെട്ടവരാണ് എന്ന് രോഹിതിന്റെ മാതാവ് രാധിക വെമുല എപ്പോഴും പറയാറുണ്ട്. രോഹിതിന്റെ പിതാവ് മണികുമാര്‍ പിന്നാക്ക വിഭാഗമായ വഡ്ഡറ സമുദായത്തില്‍ പെട്ടയാളാണ്. രാധികയുടെ ദളിത് പശ്ചാത്തലം മനസ്സിലായതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുകയായിരുന്നു ഇയാള്‍.
സ്വന്തം തന്നെ നിരവധി പ്രശ്നങ്ങളുള്ളത് കൊണ്ട് രോഹിത് ലൗകിക കാര്യങ്ങളില്‍ സന്തുഷ്ടനായിരുന്നില്ല എന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതിനെല്ലാം പുറമെ മികച്ച അക്കാദമിക് പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിട്ടും പഠനത്തേക്കാള്‍ ക്യാമ്പസിലെ വിദ്യാര്‍ഥി രാഷ്ട്രീയ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെട്ടതിന്റെ പേരില്‍ രോഹിതിനെ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നുമുണ്ട്. “സര്‍വകലാശാലയിലെ തീരുമാനങ്ങളോട് എന്തെങ്കിലും വിയോജിപ്പുകളുണ്ടായിരുന്നെങ്കില്‍ അദ്ദേഹം കത്തിലൂടെയോ വാക്കുകളിലൂടെയോ അത് പ്രകടിപ്പിക്കുമായിരുന്നു. അദ്ദേഹം അത് ചെയ്തിട്ടില്ല. ക്യാമ്പസിലെ സാഹചര്യങ്ങളല്ല അദ്ദേഹത്തിന്റെ മരണത്തിന് കാരണം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്’. ഇങ്ങനെയൊക്കെയാണ് റിപോര്‍ട്ടില്‍ കാരണങ്ങള്‍ കണ്ടെത്തുന്നത്.

എല്ലാം സഹിച്ച് മതിയാക്കി സ്വയം ജീവനൊടുക്കിയിട്ടും വസ്തുതക്ക് നിരക്കാത്ത മുടന്തന്‍ ന്യായങ്ങളുമായി ഉന്നതരെ രക്ഷിക്കാന്‍ റിപോര്‍ട്ടുകള്‍ കൊടുക്കുന്ന തെലങ്കാന പോലീസ് വീണ്ടും വീണ്ടും രോഹിത് വെമുലയെ കൊന്നുകൊണ്ടിരിക്കുകയാണ് എന്ന് വേണം പറയാന്‍. കൂടെ വിദ്യാസമ്പന്നതയുടെ കരുത്തിലെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വഴിയൊരുങ്ങുമെന്ന രാഷ്ട്രമീമാംസയുടെ വലിയൊരു പ്രതീക്ഷയെയും കുഴിവെട്ടി മൂടുന്നു. വൈസ് ചാന്‍സലറായിരുന്ന അപ്പാ റാവുവിന് രോഹിത് വെമുലയയച്ച പരിഹാസം നിറഞ്ഞ കത്ത് റിപോര്‍ട്ട് എഴുതിത്തയ്യാറാക്കിയവര്‍ക്ക് കിട്ടിയിട്ടില്ല എന്നാണോ വിശ്വസിക്കേണ്ടത്. “ദയവായി അഡ്മിഷന്‍ സമയത്ത് ദളിത് വിദ്യാര്‍ഥികള്‍ക്ക് അംബേദ്കറിനെ വായിക്കാന്‍ തോന്നുമ്പോള്‍ ചെയ്യേണ്ടത് എന്ന നിര്‍ദേശങ്ങള്‍ക്കൊപ്പം 10 ഗ്രാം സോഡിയം അസൈഡ് കൂടി നല്‍കൂ, ഹോസ്റ്റലിലെ ദളിത് വിദ്യാര്‍ഥികളുടെ റൂമുകളിലേക്ക് നല്ലൊരു കയര്‍ കൂടി വാര്‍ഡന്റെ കൈയില്‍ കൊടുത്തയക്കൂ, എന്നെ പോലുള്ള വിദ്യാര്‍ഥികള്‍ക്ക് ദയാവധം അനുവദനീയമാക്കണം’ എന്നിങ്ങനെ, സര്‍വകലാശാല അധികൃതരോടുള്ള വിമര്‍ശം നിറഞ്ഞതായിരുന്നു രോഹിത് വെമുല വി സിക്കെഴുതിയ കത്ത്.

രോഹിതിനെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്‍ അംഗങ്ങളെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത് സര്‍വകലാശാല നിയമം അനുസരിച്ചാണത്രെ. പ്രതിഷേധങ്ങളുടെ പേരില്‍ ക്യാമ്പസിനകത്ത് ശല്യമാകാതിരിക്കാനാണെത്രെ പുറത്താക്കലുണ്ടായത്. ജന്മം ജാതിത്തൊഴുത്തിലായതിന്റെ പേരിലുണ്ടായ എല്ലാ വിധ വാടകളും വൃത്തിയാക്കി പഠിച്ചുയര്‍ന്ന് രാജ്യത്തിന് മുതല്‍ക്കൂട്ടായി മാറേണ്ട വിഭവങ്ങളെ ചേര്‍ത്തു നിര്‍ത്താതെ കൊന്നുകളഞ്ഞ പ്രബുദ്ധ സര്‍വകലാശാല ഭരണകൂടത്തെ ന്യായീകരിക്കാന്‍ പിന്നെയും എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട് റിപോര്‍ട്ടില്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ രാധിക വെമുലയോട് ജാതി തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ സമ്മതം ചോദിച്ചപ്പോള്‍ ആ സ്ത്രീ മൗനം പാലിച്ചുവത്രെ. മകന്റെ വേര്‍പാടിന്റെ പിന്നിലുള്ളവരെ കണ്ടെത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ തന്റെ ജാതിയുടെ അടിവേര് ചികയുന്നത് നേരിടേണ്ടി വരുന്ന ഒരു മാതാവ് പിന്നെ ഏതൊക്കെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയാണാവോ പ്രതികരിക്കേണ്ടത്.
കേസവസാനിപ്പിക്കാനുള്ള റിപോര്‍ട്ട് ഹൈദരാബാദിലെ ഹൈക്കോടതിയിലെത്തിയതിന്റെ തൊട്ടുപിറ്റേന്ന്‌ പുനരന്വേഷണമുണ്ടാകും എന്ന രേവന്ത് റെഡ്ഡി സര്‍ക്കാറിന്റെ തീരുമാനം വന്നതോടെ രോഹിത് വെമുലയെ ഉപയോഗപ്പെടുത്തി രാജ്യവ്യാപകമായുണ്ടാകുന്ന സഹതാപ തരംഗത്തെ വരുതിയിലാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ താത്പര്യം വെളിപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ ബി എസ് ആര്‍ സര്‍ക്കാറിന്റെ കാലത്തെ അന്വേഷണം അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത് എന്നും റിപോര്‍ട്ടിനെതിരെ രോഹിതിന്റെ ബന്ധുക്കള്‍ രംഗത്തു വന്നതിനാല്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ തന്നെ പെറ്റീഷന്‍ നല്‍കുമെന്നും ഡി ജി പി രവി ഗുപ്ത പറഞ്ഞതോടെ സംഭവിക്കുമായിരുന്ന തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ്സിന് താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്.

രോഹിതിന്റെ ആത്മഹത്യക്ക് പ്രധാന കാരണം ജാതിപരമായ വിവേചനങ്ങളും ബി ജെ പി – ആര്‍ എസ് എസ് നടത്തിയ ആക്രമണങ്ങളും തന്നെയായിരുന്നു. പ്രശ്‌നങ്ങളുടെ കാമ്പില്‍ നിന്ന് മാറ്റി തെറ്റായി ചിത്രീകരിച്ച് പക്ഷപാതപരമായ അന്വേഷണമാണ് ഇതുവരെ നടന്നതെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നാണ് രോഹിതിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഒരാഴ്ചക്കകം തെലങ്കാനയിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംവരണത്തെ ചൊല്ലി ബി ജെ പിയും കോണ്‍ഗ്രസ്സും നടത്തുന്ന തമ്മിലടി ഒരു ഭാഗത്ത് ഇപ്പോഴുമുണ്ട്. എസ് സി, എസ് ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വ്യാപകമായ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് വീണുകിട്ടിയ വിളക്കു പോലെ വെമുല വിഷയം വീണ്ടും മുന്നിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളില്‍ മുന്‍പന്തിയിലാണ് കോണ്‍ഗ്രസ്സ്. വെമുലയുടെ ആത്മഹത്യക്ക് പിറകെയുണ്ടായ സമര സദസ്സുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയിരുന്നു. ഇനിയറിയേണ്ടത് കോണ്‍ഗ്രസ്സ് നേരിട്ടിറങ്ങി എങ്ങനെ പുനരന്വേഷണം സാധ്യമാക്കുമെന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രോഹിത് വെമുലയെ മുന്‍നിര്‍ത്തി രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ പോലും നിലനില്‍ക്കുന്ന കടുത്ത വിവേചനങ്ങളെ പൂട്ടിടാന്‍ കോണ്‍ഗ്രസ്സിന് കഴിയും. വലിയൊരു വിഭാഗം ദളിത് പിന്നാക്ക വിദ്യാര്‍ഥികളുടെ ഉന്നമനവും സുരക്ഷയും വിദ്യാഭ്യാസ പുരോഗതിയും അതിലൂടെ രാജ്യത്തിന് സ്വന്തമാകും. ഉന്നത കലാലയങ്ങളുടെ കാലങ്ങളായുള്ള പേരുദോഷം തിരുത്തി മുഖച്ഛായ മാറ്റിയെഴുതാന്‍ വരെ അത് വഴി വെച്ചേക്കും. മറിച്ചാണ് വിധിയെങ്കില്‍ രാജ്യത്തിന്റെ അഭിമാന വിഭവങ്ങളാകേണ്ട ഒട്ടേറെ രോഹിത് വെമുലമാര്‍ ഇനിയും സൃഷ്ടിക്കപ്പെടും. ഹോസ്റ്റല്‍ മുറികളിലെ തൂക്കുകയറുകള്‍ക്ക് ഇനിയും ഉദാഹരണങ്ങള്‍ സൃഷ്ടിക്കപ്പെടും. മരിച്ചാലും മാറാത്ത ജാതി വെറി ഇഴുകിച്ചേര്‍ന്ന അധികാരങ്ങള്‍ ചേര്‍ന്നുനിന്ന് അവരെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കും.

Latest