Connect with us

അനുസ്മരണം

ഇ കെ ഹസൻ മുസ്‌ലിയാർ എന്ന ആദർശപ്പോരാളി

സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടക്കമുള്ള സംഘടനകളുടെയും മർകസിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെയും കാര്യത്തിൽ എനിക്ക് വലിയ ഉപദേശങ്ങളും പ്രതീക്ഷയും നൽകിയാണ് ഹസൻ മുസ്‌ലിയാർ വിടപറഞ്ഞത്. ആദർശത്തിലും ജീവിതത്തിലും സാമൂഹ്യപ്രവർത്തനത്തിലും മുന്നിൽ നിന്ന് വഴികാണിച്ച മാർഗദർശി എന്ന നിലയിൽ അദ്ദേഹത്തോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു.

Published

|

Last Updated

സുന്നത്ത് ജമാഅത്ത് എന്ന നേരായ മാർഗത്തിൽ അടിയുറച്ചു നിൽക്കുകയും അതിന്റെ ആദർശ- ആശയ പ്രചാരണത്തിനായി ജീവിതാന്ത്യം വരെ പ്രയത്നിക്കുകയും ചെയ്ത പണ്ഡിതൻ എന്നാണ് മർഹൂം ഇ കെ ഹസൻ മുസ്‌ലിയാരെ എനിക്ക് ചുരുക്കത്തിൽ വിശേഷിപ്പിക്കാൻ സാധിക്കുക. മത വിഷയങ്ങൾ ആഴത്തിൽ പഠിച്ചറിഞ്ഞ പണ്ഡിതനായതിനാൽ തന്നെ നേരായ മാർഗം ഏതാണ്, അത് നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്, സുന്നത്ത് ജമാഅത്തിൽ നിന്ന് വ്യതിചലിച്ചാൽ എന്തുസംഭവിക്കും എന്നെല്ലാം കൃത്യമായി പറയാനും ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

ഒന്നാന്തരം പ്രഭാഷകനും മികച്ച മുദർരിസുമായിരുന്നു. ഖുർആനും ഹദീസും ഫിഖ്ഹും തസ്വവുഫും തുടങ്ങി സർവതിലും ആഴത്തിൽ അറിവുണ്ടായിരുന്നു. “അല്ലാഹുവിനു വേണ്ടി സ്നേഹിക്കുക, അല്ലാഹുവിനു വേണ്ടി കോപിക്കുക എന്നത് ഈമാനിന്റെ ഭാഗമാണെ’ന്ന തിരുവചനം ജീവിതത്തിൽ അക്ഷരാർഥത്തിൽ നിറവേറ്റി. സ്നേഹവും വിനയവുമായിരുന്നു സ്വഭാവ സവിശേഷത. എന്നാൽ പുത്തൻവാദികളോട് ശക്തമായ വെറുപ്പ് പ്രകടിപ്പിക്കുകയും അവർക്കെതിരിൽ നന്നായി പോരാടുകയും ചെയ്തു. പുത്തൻവാദികൾ സുന്നികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചത് അറിഞ്ഞാൽ അതെവിടെയാണെങ്കിലും എത്ര ത്യാഗം സഹിച്ചും ഹസൻ മുസ്‌ലിയാർ അവിടെ ഓടിയെത്തും. സത്യം തുറന്നുപറയുന്ന കാര്യത്തിൽ എതിർകക്ഷി ആരാണെന്നത് അദ്ദേഹത്തിന്റെ വിഷയമേ അല്ലായിരുന്നു.

പുളിക്കൽ, കോഴിക്കോട് നഗരം, കുറ്റ്യാടി, നന്മണ്ട, എടവണ്ണ പോലുള്ള സ്ഥലങ്ങളിൽ മുജാഹിദുകളുടെ അഴിഞ്ഞാട്ടം വ്യാപകമായ കാലത്താണ് ഹസൻ മുസ്‌ലിയാർ രംഗത്ത് സജീവമാകുന്നത്. കേരളത്തിലുടനീളം അദ്ദേഹത്തിന്റെ പടയോട്ടം തുടരുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി അവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തു.

മുജാഹിദ് കേന്ദ്രമായ പുളിക്കലിൽ സുന്നികളുടെ ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അനുമതി തന്നില്ല. പുത്തനാശയക്കാരുടെ ഏജന്റായ രാഷ്ട്രീയക്കാർ പോലീസിന് വിളിച്ച് “സുന്നികൾക്ക് വഅ്ള് നടത്താൻ അനുമതി കൊടുക്കരുത്, കൊടുത്താൽ കുഴപ്പമുണ്ടാകും’ എന്ന് പറഞ്ഞതിനാലാണ് മൈക്ക് പെർമിറ്റ് കിട്ടാതിരുന്നത്. തുടർന്ന് കുടുക്കൻ മൊയ്തീൻ കുട്ടി ഹാജി എന്ന സുന്നി പ്രവർത്തകന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഹൈക്കോടതിയിൽ പോയി മൈക്ക് പെർമിറ്റ് നേടുകയും സുന്നത്ത് ജമാഅത്ത് വിശദീകരിച്ച് ഹസൻ മുസ്‌ലിയാർ പുളിക്കലിൽ ഗംഭീര പ്രസംഗം നടത്തുകയും സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അഹ്്ലുസ്സുന്നത്തി വൽജമാഅത്തിന്റെ ചെറുപ്പക്കാരായ പണ്ഡിതന്മാർക്ക് ബിദ്അത്തുകാരെ നേരിടാൻ ധൈര്യം പകർന്നത് ഹസൻ മുസ്‌ലിയാരുടെ പ്രവർത്തനങ്ങളായിരുന്നു.

ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം സുന്നത്ത് ജമാഅത്ത് സംസാരിക്കുകയും അക്കാലത്തെ പ്രധാന വിഷയമായ ബിദഇകൾക്കെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള തെളിവുകൾ പങ്കുവെക്കുകയും ചെയ്തു. വാഴക്കാട് വെച്ച് ചേകന്നൂർ മൗലവിയുമായുള്ള സംവാദത്തിന്റെ വിഷയനിർണയത്തിനായുള്ള യാത്രയിൽ ഞാനും കൂടെയുണ്ടായിരുന്നു. “വാദപ്രതിവാദത്തിൽ എതിർകക്ഷികൾ എന്താണ് ചോദിക്കുകയെന്ന് നമുക്കറിയില്ലല്ലോ, അതിനാൽ നമുക്ക് പരാജയം സംഭവിച്ചാൽ എന്തുചെയ്യും’ എന്ന് ഞാൻ ചോദിച്ചപ്പോൾ “നാം ശരിക്ക് വിശ്വസിക്കുന്നതും നമ്മുടെ മനസ്സിലുള്ളതും മാത്രമേ പറയാൻ പാടുള്ളൂ. അങ്ങനെ വന്നാൽ ഒരിക്കലും നാം പരാജയപ്പെടുകയില്ല’ എന്നാണ് മഹാനവറുകൾ മറുപടി പറഞ്ഞത്. ഈ ഉപദേശം സംവാദ വേദികളിലും ജീവിതത്തിലും എനിക്കേറെ ഗുണം ചെയ്തു.

കൊട്ടപ്പുറം സംവാദത്തിന് പുറപ്പെടുന്ന വേളയിൽ ഹസൻ മുസ്‌ലിയാരുടെ ഖബ്ർ സിയാറത്ത് ചെയ്താണ് യാത്ര തിരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ സംവാദങ്ങളിലൊന്നായിരുന്നു അത്. ഹസൻ മുസ്‌ലിയാരുടെ പൊരുത്തവും സഹായവും സംവാദ വേദിയിൽ സുന്നികളുടെ വിജയത്തിൽ തുണച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.
എസ്‌ വൈ എസ് പ്രസിഡന്റായിരുന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ വഫാത്തായതിന് ശേഷമുണ്ടായ ജനറൽ ബോഡിയിലാണ് ഹസൻ മുസ്‌ലിയാരെ പ്രസിഡന്റും എന്നെ സെക്രട്ടറിയുമായി കമ്മിറ്റി നിർദേശിക്കുന്നതും ചുമതല നൽകുന്നതും. സംഘടനയുടെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്താനുള്ള ഒട്ടേറെ പദ്ധതികൾ അന്ന് ഒരുമിച്ചാലോചിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ജീവിതത്തിൽ ഭൗതികമായി ഒന്നും തന്നെ സമ്പാദിച്ചില്ല. പണത്തിന് വേണ്ടിയോ സ്ഥാനങ്ങൾക്ക് വേണ്ടിയോ മറ്റെന്തെങ്കിലും താത്കാലിക ആനുകൂല്യങ്ങൾക്ക് വേണ്ടിയോ സത്യം മറച്ചു വെക്കുക എന്ന രീതി ഒരിക്കലും ഹസൻ മുസ്‌ലിയാർ സ്വീകരിച്ചില്ല. കാന്തപുരത്തിനടുത്ത് ഒരു പ്രദേശത്ത് ജുമുഅ ആരംഭിക്കണമെന്ന ആവശ്യവുമായി ഒരു മുതലാളി ഹസൻ മുസ്‌ലിയാരെ സമീപിച്ചു. സാഹചര്യത്തെളിവുകൾ മനസ്സിലാക്കി ഹസൻ മുസ്‌ലിയാർ ജുമുഅക്ക് അനുമതി നൽകിയില്ല. മുതലാളി പുത്തൂപ്പാടത്ത് ഹസൻ മുസ്‌ലിയാരുടെ വീട്ടിലെത്തുകയും അനുകൂല വിധി പറയാൻ നിർബന്ധിക്കുകയും ചെയ്തു. ഹസൻ മുസ്‌ലിയാർ അതൊന്നും തീരെ ഗൗനിക്കാതെ യാത്ര പുറപ്പെടാനായി ഐക്കരപ്പടിയിൽ ഒരു നിസ്കാരപ്പള്ളിയിലെത്തി. അയാൾ പിറകെ വന്ന് വലിയൊരു തുക കൈയിൽ നൽകി. വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം അത് സ്വീകരിച്ചില്ല. പണം ഹസൻ മുസ്‌ലിയാരുടെ മുന്നിൽ വെച്ച് അയാൾ അവിടുന്ന് പോകാൻ തുടങ്ങി. മഹാനവറുകൾ പറഞ്ഞു: ഞാൻ പണം വേണ്ടെന്ന് നിങ്ങളോട് പറഞ്ഞു. ഇവിടെ ഇതു വെച്ചുപോയാൽ നഷ്ടപ്പെടുമെന്ന് കരുതിയാണ് ഞാൻ ഇത് എടുത്തത്. പക്ഷേ, ഞാൻ എന്റെ വാദത്തിൽ നിന്ന് മാറാൻ തയ്യാറല്ല. നിങ്ങൾക്ക് വേണ്ടി, പണത്തിന് വേണ്ടി മതനിയമങ്ങൾ മാറ്റാൻ ഞാൻ തയ്യാറല്ല എന്ന് പറഞ്ഞ് പണം അയാൾക്ക് തന്നെ തിരിച്ചു നൽകി.

സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടക്കമുള്ള സംഘടനകളുടെയും മർകസിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെയും കാര്യത്തിൽ എനിക്ക് വലിയ ഉപദേശങ്ങളും പ്രതീക്ഷയും നൽകിയാണ് ഹസൻ മുസ്‌ലിയാർ വിടപറഞ്ഞത്. ആദർശത്തിലും ജീവിതത്തിലും സാമൂഹ്യപ്രവർത്തനത്തിലും മുന്നിൽ നിന്ന് വഴികാണിച്ച മാർഗദർശി എന്ന നിലയിൽ അദ്ദേഹത്തോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest