Kerala
27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 14ന് മലപ്പുറം സ്വലാത്ത് നഗറില്‍
പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
മലപ്പുറം | ഈ വര്‍ഷം ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്കായുള്ള 27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 14ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ്-ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. മുഴുവന്‍ ഹാജിമാര്‍ക്കും നാസ്ത, ഭക്ഷണം എന്നിവയും വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കും. വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9072310111, 9072310222.
പരിപാടിയുടെ നടത്തിപ്പിനായി പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (ചെയര്‍മാന്‍), പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ (കണ്‍വീനര്‍), വീമ്പൂര്‍ മൊയ്തീന്‍ കുട്ടി ഹാജി (ഫിനാന്‍സ് സെക്രട്ടറി), മാനുപ്പ ഹാജി, സുബൈര്‍ ഹാജി മങ്ങാട്ടുപുലം, ശാഹുല്‍ ഹാജി മലപ്പുറം (വൈസ് ചെയര്‍മാന്മാര്‍). എംബസി ബാബു, ബദ്‌റുദ്ദീന്‍ സ്വലാത്ത് നഗര്‍, അമീന്‍ ആലത്തൂര്‍പടി, ബദ്‌റുദ്ദീന്‍ കോഡൂര്‍ (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.





