Kerala
ഗള്‍ഫ് മേഖലയിലെ യുദ്ധ പ്രതിസന്ധി: പ്രവാസി ഇന്ത്യക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് മുസ്‌ലിം ലീഗ്
ലീഗ് എം പിമാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയെ കണ്ട് നിവേദനം നല്‍കി.
ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുസ്‌ലിം ലീഗ്. ഇക്കാര്യങ്ങളുന്നയിച്ച് ലീഗ് എം പിമാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കി.
മുസ്‌ലിം ലീഗ് എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസമദ് സമദാനി, പി വി അബ്ദുല്‍ വഹാബ്, അഡ്വ. വി കെ ഹാരിസ് ബീരാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ഇന്ത്യക്കാരായ പ്രവാസികള്‍ ഏറിയ പങ്കും അധിവസിക്കുന്ന ജി സി സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആക്രമണങ്ങളില്‍ ഇറാനില്‍ മാത്രം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ടെന്നും ലെബനാനിലും ഗസാ പ്രദേശങ്ങളിലും സംഘര്‍ഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും എം പിമാര്‍ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എം പിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളും വിദ്യാര്‍ഥികളും സംഘര്‍ഷം കാരണം കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. ദുബൈ, അബൂദബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുണ്ടെന്നും എം പിമാര്‍ അറിയിച്ചു.
ഇന്ത്യയുടെ ദീര്‍ഘകാല വിദേശ നയമായ ചേരിചേരാ നയത്തിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരേണ്ടതെന്നും എം പിമാര്‍ ഓര്‍മിപ്പിച്ചു.




