Connect with us

Articles

മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ

2019 മുതൽ മോദി നടത്തിയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 27 പരാതികൾ ഇലക്്ഷൻ കമ്മീഷന് മുമ്പിലുണ്ട്. ഇതിൽ 12 പരാതികളും മതവിദ്വേഷം പടർത്തിയെന്ന കുറ്റം ചൂണ്ടിക്കാട്ടിയുള്ളതാണ്. ഏറ്റവുമൊടുവിൽ എന്റെ ജീവനുള്ള കാലത്തോളം മുസ്്ലിംകൾക്ക് സംവരണം നൽകില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോദി. ഒരു മതനിരപേക്ഷ രാജ്യത്തെ പ്രധാനമന്ത്രി വെറുമൊരു ആർ എസ് എസ് പ്രചാരകനായി അധഃപതിച്ചുപോകുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Published

|

Last Updated

18ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യമെത്തുമ്പോൾ പ്രധാനമന്ത്രി മോദിയും ആർ എസ് എസ്. ബി ജെ പി നേതാക്കളും വർഗീയ വിദ്വേഷ പ്രചാരണം തീവ്രമാക്കിയിരിക്കുകയാണ്. രണ്ട് ഘട്ട തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പോളിംഗിലുണ്ടായ കുറവും മഹാരാഷ്ട്ര, ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപോർട്ടുകളുമാണ് കടുത്ത വർഗീയ വിദ്വേഷ പ്രചാരണങ്ങളിലേക്ക് നീങ്ങാൻ മോദിയെ നിർബന്ധിതമാക്കിയതെന്നുവേണം കരുതാൻ. ഒന്നാം ഘട്ടത്തിലെന്ന പോലെ രണ്ടാം ഘട്ട പോളിംഗും കുറഞ്ഞതോടെയാണ് മോദിയുടെ പരിഭ്രാന്തി കൂടിയതും ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവെച്ച് കടുത്ത മുസ്്ലിം വിരുദ്ധത തുപ്പിക്കൊണ്ടിരിക്കുന്നതും.

കർണാടകയിലെ തിരഞ്ഞെടുപ്പ് റാലികളിൽ മുസ്്ലിം വിരുദ്ധത തള്ളി മോദി ഒരു ആർ എസ് എസ് പ്രചാരകിന് ഉചിതമാംവിധം ഉറഞ്ഞുതുള്ളുന്നതാണ് രാജ്യം കണ്ടത്. മോദി മാത്രമല്ല അമിത്ഷായും യോഗി ആദിത്യനാഥും ജെ പി നഡ്ഡയും അനുരാഗ് ഠാക്കൂറുമെല്ലാം മോദിയുടെ വിദ്വേഷ പ്രചാരണങ്ങൾ ആവർത്തിച്ച് രാജ്യമാകെ വർഗീയവിഷം പരത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ വിദ്വേഷ പ്രചാരണങ്ങൾ തടയാനും അതിന് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി തൊട്ടുള്ളവരെ കൂച്ചുവിലങ്ങിടാനും കഴിയാത്ത നിസ്സഹായതയിലും യജമാനഭക്തിയിലുമാണ്.
എന്തൊക്കെയാണ് നരേന്ദ്രമോദി കർണാടകയിലെ തിരഞ്ഞെടുപ്പ് റാലികളിൽ അടിച്ചുവിട്ടത്. പ്രതിപക്ഷം ഹിന്ദുരാജാക്കന്മാരെ അവഹേളിക്കുകയാണെന്നും ഔറംഗസീബിനെ പോലുള്ള മുസ്്ലിം ഭരണാധികാരികളുടെ ക്രൂരതകളെക്കുറിച്ച് രാഹുൽഗാന്ധിയെ പോലുള്ള നേതാക്കൾ മിണ്ടുന്നില്ലെന്നുമൊക്കെയാണ് മോദി തന്റെ പ്രസംഗങ്ങളിലൂടെ ആക്ഷേപിക്കുന്നത്. നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷകളും നടത്തിയ ക്രൂരതകളെക്കുറിച്ചും ഔറംഗസീബ് തകർത്ത ആയിരക്കണക്കിന് ക്ഷേത്രങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് പ്രതിപക്ഷം മൗനം പാലിക്കുന്നത് എന്നൊക്കെയാണ് ചരിത്രബോധമില്ലാത്ത വർഗീയവാദിയായ മോദി ആരോപിച്ചത്. മോദിക്കൊത്ത രീതിയിൽ യോഗി ആദിത്യനാഥ് പ്രതിപക്ഷം അധികാരത്തിൽ വന്നാൽ പശുമാംസം കഴിക്കാൻ അവകാശം കൊടുക്കുന്നത് ഉൾപ്പെടെയുള്ള ഹീനമായ നടപടികൾ സ്വീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വേദികളിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. മുസ്്ലിംകളെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്താൻ പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുകയാണെന്നും അവർ അയോധ്യ ക്ഷേത്ര നിർമാണം തടയാനാണ് ശ്രമിച്ചതെന്നും യോഗിക്കൊപ്പം അമിത്ഷായും തട്ടിവിടുന്നു.

കഴിഞ്ഞ ഏപ്രിൽ 21ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഇടിയുകയും ബി ജെ പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയും ചെയ്തതോടെയാണ് മോദി രാജസ്ഥാനിലെ ബെൻസ്‌വാഡയിൽ തീവ്രവർഗീയത ചീറ്റുന്ന പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. മുസ്്ലിംകളെല്ലാം നുഴഞ്ഞുകയറ്റക്കാരാണെന്നും ഇന്ത്യ ബ്ലോക്ക് നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തിന്റെ സ്വത്തെല്ലാം വിഹിതംവെച്ച് കൊടുക്കുകയാണെന്നും മുസ്്ലിംകൾ പെറ്റുപെരുകുകയാണ് എന്നൊക്കെയുള്ള അത്യന്തം ക്ഷുദ്രവികാരമുണർത്തുന്ന വർഗീയ പ്രസംഗമാണ് മോദി നടത്തിയത്. ഇന്ത്യാ കൂട്ടായ്മ അധികാരത്തിൽ വന്നാൽ ഹിന്ദു സ്ത്രീകളുടെ താലിമാലയിൽ പോലും അവർ കൈവെക്കുമെന്നും പിന്നാക്ക ജാതിക്കാരുടെ സംവരണം വെട്ടിക്കുറച്ച് അത് മുസ്്ലിംകൾക്ക് നൽകുമെന്നും പിന്നാക്ക വിഭാഗക്കാരുടെ കുടുംബത്തിൽ രണ്ട് പേർക്ക് ജോലിയുണ്ടെങ്കിൽ അതിലൊന്ന് മുസ്്ലിംകൾക്ക് കൈമാറുമെന്നുമൊക്കെയുള്ള വിദ്വേഷം പടർത്തുന്ന നുണകളാണ് മോദി തട്ടിവിട്ടത്. മോദിയുടെ ഈ പ്രസംഗം ഏറ്റുപിടിച്ചുകൊണ്ടാണ് നഡ്ഡയും അനുരാഗ് ഠാക്കൂറും രാജ്യമെമ്പാടും വർഗീയവിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ബെൻസ്‌വാഡയിൽ കടുത്ത വർഗീയ പ്രചാരണവും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും നടത്തിയിട്ട് ഇലക്്ഷൻ കമ്മീഷൻ ബി ജെ പി അധ്യക്ഷനൊരു നോട്ടീസ് അയക്കുകയല്ലാതെ ഇതുവരെ ഒരു നടപടിയും മോദിക്കെതിരെ സ്വീകരിച്ചിട്ടില്ല.

2019 മുതൽ മോദി നടത്തിയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 27 പരാതികൾ ഇലക്്ഷൻ കമ്മീഷന് മുമ്പിലുണ്ട്. ഇതിൽ 12 പരാതികളും മതവിദ്വേഷം പടർത്തിയെന്ന കുറ്റം ചൂണ്ടിക്കാട്ടിയുള്ളതാണ്. എന്നാൽ ഇലക്്ഷൻ കമ്മീഷൻ ഇതിൽ ഒന്നിലും ഒരു നടപടിയും എടുത്തിട്ടില്ല. ഏറ്റവുമൊടുവിൽ എന്റെ ജീവനുള്ള കാലത്തോളം മുസ്്ലിംകൾക്ക് സംവരണം നൽകില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോദി. ഒരു മതനിരപേക്ഷ രാജ്യത്തെ പ്രധാനമന്ത്രി വെറുമൊരു ആർ എസ് എസ് പ്രചാരകായി അധഃപതിച്ചുപോകുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും തൊഴിലവസരങ്ങളും മുസ്്ലിംകൾ കവർന്നുകൊണ്ടുപോകുകയാണെന്നും അതിനായി പ്രതിപക്ഷം പ്രവർത്തിക്കുന്നുവെന്നും പ്രചരിപ്പിച്ച് ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കാനുള്ള കുറ്റകരമായ വർഗീയതയാണ് മോദിയും സംഘ്പരിവാർ നേതാക്കളും കളിച്ചുകൊണ്ടിരിക്കുന്നത്. മുസ്്ലിം അപരവത്കരണവും മതപരമായ വിഭജനവും സൃഷ്ടിക്കുകയാണ് ആർ എസ് എസ്. ബി ജെ പി നേതാക്കൾ. ഇതിനെതിരെ ശക്തമായ മതനിരപേക്ഷ പ്രതിരോധങ്ങളുയരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബി ജെ പിയുടെ സ്റ്റാർ ക്യാമ്പയിനറായ പ്രധാനമന്ത്രി മോദിയുടെ റാലികൾക്ക് ആളെ കൂട്ടാനാകാത്ത വിഷമത്തിലാണ് നേതാക്കളെന്നാണ് റിപോർട്ട് ചെയ്യപ്പെടുന്നത്. കടുത്ത വർഗീയ വിദ്വേഷ പ്രചാരണത്തിലേക്ക് മോദി എത്തിയിരിക്കുന്നത് റാലിക്ക് ആളെ കൂട്ടാൻ പോലും കഴിയാത്ത സാഹചര്യത്തിന്റെ സമ്മർദം മൂലമാണെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പാകിസ്്താനെയും മുസ്്ലിംകളെയും സംരക്ഷിക്കാനാണ് ഇന്ത്യാ മുന്നണി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ദേശീയവിരുദ്ധരാണെന്ന രീതിയിലുമാണ് മോദിയുടെ പ്രകോപനപരമായ പ്രസംഗങ്ങൾ തുടരുന്നത്. മൂന്നാം ഘട്ട പ്രചാരണത്തിലേക്ക് എത്തുമ്പോൾ മോദിയുടെ പല പ്രചാരണ യോഗങ്ങളിലും നൂറുകണക്കിന് കസേരകൾ ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മോദി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സദസ്സിൽ നിന്ന് കൂട്ടത്തോടെ ആളുകൾ ഇറങ്ങിപ്പോകുന്നതും പതിവ് ദൃശ്യമായിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങൾ മോദിയുടെ യോഗങ്ങളുടെ സദസ്സിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നത്. എന്തെല്ലാം വിശദീകരണങ്ങൾ ഉണ്ടായാലും പ്രതിപക്ഷ ഐക്യവും മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാനുള്ള അഭിവാഞ്്ഛകളും രാജ്യമെമ്പാടും മോദി വിരുദ്ധമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് കാണണം.

രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ ഭാരതം ഒന്നിക്കുന്നതും ഇന്ത്യ ജയിക്കുന്നതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് മോദിയുടെ പരിഭ്രാന്തിയും ഉറഞ്ഞുതുള്ളലും വ്യക്തമാക്കുന്നത്.

Latest