Connect with us

Editors Pick

മാർക്കറ്റിൽ ലഭിക്കുന്ന മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ! വീട്ടിൽ തന്നെ പരിശോധിക്കാം

പഴുത്ത മാങ്ങകൾക്ക് ആവശ്യക്കാർ ഏറിയതോടെ കൃത്രിമ വഴിയിൽ പഴുപ്പിച്ച് മാമ്പഴങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് നമ്മൾ പരിചയപ്പെടുന്നത്.

Published

|

Last Updated

ഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സീസൺ ആണ് ഇപ്പോൾ. നീലൻ, പ്രിയൂർ, ചേലൻ, സിന്ദൂർ അങ്ങനെ അങ്ങനെ വിവിധയിനം മാങ്ങകൾ ഇപ്പോൾ മാർക്കറ്റ് ലഭ്യമാണ്. വേനലിൽ ശരീരത്തിന് തണുപ്പ് നൽകാൻ മാമ്പഴത്തെ കൂടെ കൂട്ടുന്നവർ കുറച്ചൊന്നുമല്ല. എന്നാൽ മാർക്കറ്റിൽ ലഭിക്കുന്ന മാങ്ങകളിലേറെയും കൃത്രിമമായി പഴുപ്പിച്ചവയാണ്. പഴുത്ത മാങ്ങകൾക്ക് ആവശ്യക്കാർ ഏറിയതോടെ കൃത്രിമ വഴിയിൽ പഴുപ്പിച്ച് മാമ്പഴങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. പഴങ്ങൾ പാകമാകുന്നത് വേഗത്തിലാക്കാൻ രാസവസ്തുക്കളോ കൃത്രിമ രീതികളോ ഉപയോഗിക്കുന്നതിനാണ് കൃത്രിമമായി പഴുപ്പിക്കൽ എന്ന് പറയുന്നത്.

പറിച്ചെടുത്ത മാമ്പഴങ്ങൾ പഴുപ്പിക്കുന്നതിനായി വൈക്കോലിനിടയിൽ വച്ച് പഴുപ്പിക്കുന്നതടക്കം പ്രകൃതിദത്തമായ മാർഗങ്ങൾ ഏറെയുണ്ടെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. കാൽസ്യം കാർബണേറ്റ് അടക്കം രാസവസ്തുക്കൾ ഉപയോഗിച്ചാണ് മാമ്പഴങ്ങൾ പഴുപ്പിക്കുന്നത്. ഇത് പുറത്ത് വിടുന്ന അസറ്റിലീൻ വാതകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് നമ്മൾ പരിചയപ്പെടുന്നത്.

ഫ്ലോട്ടിങ് ടെസ്റ്റ്‌

നിങ്ങളുടെ കയ്യിലുള്ള മാമ്പഴം വെള്ളത്തിൽ ഇട്ടു നോക്കുക എന്നതാണ് ആദ്യ വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആണെങ്കിൽ അവ പൊങ്ങി നിൽക്കുമെന്നും പ്രകൃതിദത്തമായ പഴമാണെങ്കിൽ അവ വെള്ളത്തിൽ താഴ്ന്നു നിൽക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനയ്ക്ക് ചെറിയ പരിധിയും ഉണ്ട്. കാരണം ചിലയിനം മാങ്ങകൾ സാന്ദ്രത കുറഞ്ഞതും വെള്ളത്തിൽ പൊങ്ങി നിൽക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ റീ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാമ്പഴത്തിന്റെ തൊലി പരിശോധിക്കുക

മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നത് അതിന്റെ തൊലി പരിശോധിക്കുകയാണ് മറ്റൊരു വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾക്ക് എല്ലായിടത്തും കടുത്ത നിറമായിരിക്കും. കടും മഞ്ഞ, കടും ഓറഞ്ച് നിറത്തിൽ കാണുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. അതുപോലെ ചില അവസരങ്ങളിൽ പഴുപ്പിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിളക്കവും തൊലിയിൽ നമുക്ക് കണ്ടുപിടിക്കാൻ പറ്റും.

മാമ്പഴത്തിന്റെ ഗന്ധം പരിശോധിക്കുക

മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നതിനുള്ള മറ്റൊരു മാർഗമാണ് അതിന്റെ ഗന്ധം പരിശോധിക്കുക എന്നത്. സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് മാങ്ങയുടെ മണം തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

കട്ടി പരിശോധിക്കുക

കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ കോശ ഭിത്തിയുടെ തകർച്ച കാരണം അതിന്റെ തൊലിയുടെയും മറ്റും ദൃഢത നഷ്ടപ്പെട്ടതായി കാണാം. അതുകൊണ്ടുതന്നെ തൊലി ആവശ്യത്തിലധികം നേർത്തതാണോ എന്ന് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

ഇനി വീട്ടിലേക്ക് മാമ്പഴം എത്തുമ്പോൾ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.

Latest