Connect with us

Health

പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഐ സി എം ആർ മാർഗ്ഗനിർദേശം

കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്ന് പരീക്ഷിച്ച 36 ജനപ്രിയ പ്രോട്ടീൻ സപ്ലിമെന്റുകളിൽ 70 ശതമാനത്തിലും കൃത്യമല്ലാത്ത പ്രോട്ടീൻ വിവരങ്ങൾ ഉണ്ടെന്ന പഠന വെളിപ്പെടുത്തലിനു ശേഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യക്കാർക്കുള്ള പുതുക്കിയ ഭക്ഷണ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ ആളുകളോട് പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് നിർത്താൻ ഐസി എം ആർ നിർദ്ദേശിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്ന് പരീക്ഷിച്ച 36 ജനപ്രിയ പ്രോട്ടീൻ സപ്ലിമെന്റുകളിൽ 70 ശതമാനത്തിലും കൃത്യമല്ലാത്ത പ്രോട്ടീൻ വിവരങ്ങൾ ഉണ്ടെന്ന പഠന വെളിപ്പെടുത്തലിനു ശേഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യക്കാർക്കുള്ള പുതുക്കിയ ഭക്ഷണ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗത്തിൽ മുൻകരുതൽ നിലപാട് സ്വീകരിക്കണമെന്ന് ഈ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപഭോഗം ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടതായാണ് വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്.

ഹെൽത്ത് റിസർച്ച് ബോഡിയുടെ നേതൃത്വത്തിൽ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നടത്തിയ വിപുലമായ ഗവേഷണങ്ങൾക്കൊടുവിലാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവരുന്നത്. പ്രോട്ടീൻ സപ്ലിമെന്റുകളുടെ ദീർഘകാല ഉപയോഗവുമായി ബന്ധപ്പെട്ട പ്രത്യേക അപകടസാധ്യതകളും ഈ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ ക്രിയാറ്റിന്റെ അളവ് വർദ്ധിപ്പിച്ച് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധരും പറയുന്നുണ്ട്.

സപ്ലിമെന്റുകളിൽ നിന്നുള്ള ഉയർന്ന പ്രോട്ടീൻ ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുവായ കാൽസ്യം മൂത്രത്തിൽ നിന്ന് പുറന്തള്ളുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രതിഭാസം കാലക്രമേണ നെഗറ്റീവ് കാൽസ്യം സന്തുലവസ്ഥയിലേക്കും അസ്ഥികളുടെ സാന്ദ്രത നഷ്ടമാകുന്നതിലേക്കും നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യമുള്ള വ്യക്തികൾക്ക് പൊതുവേ അമിതമായ പ്രോട്ടീൻ എടുക്കുന്നത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

ഇതിന് പകരം പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീൻ ശരീരത്തിൽ എത്തിക്കാനാണ് ആളുകൾ ശ്രമിക്കേണ്ടത് എന്നും ഐ സി എം ആർ മാർഗ നിർദേശത്തിൽ ഉണ്ട്.

Latest