Connect with us

Articles

വാക്സീന്‍: ആശങ്കകള്‍ ആരകറ്റും?

കൊവിഡ് വാക്സീനുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന റിപോര്‍ട്ടുകളെ അഭിസംബോധന ചെയ്യാന്‍ ആരോഗ്യ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാതെ ഏതാനും നിഗമനങ്ങളിലെത്തി അധ്യായം അവസാനിപ്പിക്കുന്ന പ്രവണത ആരോഗ്യരംഗത്ത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ആരോഗ്യ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും വലിയ താത്പര്യങ്ങള്‍ ഇല്ലാതെ പോകുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

Published

|

Last Updated

കൊവിഷീല്‍ഡ് വാക്സീന്‍ ചില വേളകളില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക യു കെ കോടതിയില്‍ സമ്മതിച്ചതോടെ വാക്സീനുകളുടെ ഉപയോഗത്തെക്കുറിച്ച് വീണ്ടും വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യയിലടക്കം ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച പെട്ടെന്നുള്ള മരണങ്ങളെ കൊവിഡ് രോഗമോ കൊവിഡ് വാക്സീനോ ആയി ബന്ധപ്പെടുത്തുന്നതിന് ഈ മൊഴി കൂടുതല്‍ കരുത്തുപകരുന്നുമുണ്ട്. കൊവിഡ് വാക്സീന്‍ എടുത്തവരില്‍ ഹൃദയാഘാതം കൂടുന്ന പ്രവണത ആരോഗ്യവിദഗ്ധര്‍ സമ്മതിക്കുന്ന കാര്യമല്ലെങ്കിലും ചുറ്റുപാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പെട്ടെന്നുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ ധാരാളം ആളുകള്‍ ഇതൊരു കാരണമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. എന്നാല്‍ 1796ല്‍ വസൂരിക്കുള്ള വാക്സീന്‍ അവതരിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍ വാക്സീനുകളെ സംബന്ധിച്ചുള്ള അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്ന വാദമുയര്‍ത്തിയാണ് വാക്സീന്‍ അനുകൂലികള്‍ അതിനെ പ്രതിരോധിക്കുന്നത്.

എന്താണ് വാക്സീന്‍
രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സീനുകളുടെ പ്രവര്‍ത്തന രീതി. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക, രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തേ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വാക്സീനുകളായി ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ജീവനില്ലാത്ത അണുക്കളാണ് പേപ്പട്ടി വിഷബാധക്കെതിരെയുള്ള റാബീസിലും പോളിയോ രോഗത്തിനെതിരെയുള്ള സാല്‍ക്ക് വാക്സീനിലും ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി സി ജി കുത്തിവെപ്പില്‍ ജീവനുള്ളതും നിര്‍വീര്യമാക്കപ്പെട്ടതുമായ രോഗാണുക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധക്കെതിരെ ജീവനുള്ള ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സീനുകളില്‍ രോഗാണുക്കള്‍ ഉത്പാദിപ്പിക്കുന്ന ടോക്സിനുകള്‍ നിര്‍വീര്യമാക്കിയും ഉപയോഗിക്കുന്നു. വസൂരിക്കെതിരെ ആദ്യമായി വാക്സീന്‍ വികസിപ്പിച്ചെടുത്ത് പ്രയോഗിച്ചത് മുതല്‍, രണ്ട് നൂറ്റാണ്ടിലേറെയായി മാരക രോഗങ്ങള്‍ക്കെതിരെ വാക്സീനേഷന്‍ ഉപയോഗിച്ച് വരുന്നു. അത് ഏറ്റവും കൂടുതല്‍ പ്രയോഗത്തില്‍ വന്ന കാലഘട്ടമായിരുന്നു കൊവിഡ് പ്രതിസന്ധിയുടേത്.

കൊവിഡ് വാക്സീന്‍- നാള്‍വഴി
2020 ജനുവരി 30നാണ് ലോകാരോഗ്യ സംഘടന അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് 2 (സാര്‍സ്-കോവ്-2) ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 11ന്, കൊവിഡ്-19 മഹാമാരിയാണെന്നും മാരക പകര്‍ച്ചവ്യാധിയാണെന്നും ഡബ്ല്യു എച്ച് ഒ സ്ഥിരീകരിച്ചു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി 70,10,681 മരണങ്ങള്‍ക്ക് കാരണമായെന്നാണ് കഴിഞ്ഞ മാസം 14 വരെ വെല്‍ഡോമീറ്റര്‍ രേഖപ്പെടുത്തിയ കണക്ക്. 70,47,53,890 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. ആഗോള തലത്തില്‍ ഒറ്റദിവസം പതിനേഴായിരത്തില്‍ പരം ആളുകള്‍ വരെ മരിക്കുന്ന അതിഭീകര സാഹചര്യമാണ് കൊവിഡ് സൃഷ്ടിച്ചത്.

കാട്ടുതീ പോലെ പടര്‍ന്ന മഹാമാരിയെ തടയുന്ന മറുമരുന്നിന് ലോകം മുറവിളി തുടങ്ങിയെങ്കിലും ഗവേഷകര്‍ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍, ദീര്‍ഘകാല ഫലങ്ങള്‍, രോഗനിര്‍ണയ പരിശോധനകള്‍, ആന്റിബോഡി പരിശോധനകള്‍, ചികിത്സകള്‍, മരുന്നുകള്‍ എന്നിവ വിശകലനം ചെയ്തു വേണം ഒരു വാക്സീന്‍ പ്രയോഗത്തിലേക്ക് കൊണ്ടുവരാന്‍. അതിനു മതിയായ സമയം ഈ മഹാമാരിക്കാലത്ത് ഉണ്ടായിരുന്നില്ല. അമേരിക്കയിലെ ഗവേഷകര്‍ കൊവിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ്, ആന്റിബോഡി ടെസ്റ്റ്, മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകള്‍, പ്ലാസ്മ തെറാപ്പി, വാക്സീനുകള്‍ എന്നിവ സംബന്ധിച്ച് പഠിക്കുകയും ഒരു വാക്സീന്‍ വികസിപ്പിക്കുകയും ചെയ്തു. കാട്ടുതീ പോലെ പടര്‍ന്ന രോഗത്തെ കുറിച്ചുള്ള ഭീതി കണക്കിലെടുത്ത് മാസങ്ങളും വര്‍ഷങ്ങളും എടുക്കാവുന്ന വാക്‌സീന്‍ അംഗീകാര പ്രക്രിയ മാറ്റിവെച്ച് ഫൈസര്‍-ബിയോണ്‍ടെക്, മൊഡര്‍ണ വാക്സീനുകള്‍ക്ക് അമേരിക്ക അടിയന്തര ഉപയോഗ അനുമതി നല്‍കി. സാധാരണ ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഈ വാക്‌സീനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. അങ്ങനെ 2020 ഡിസംബറില്‍ വാക്സീനുകള്‍ വിതരണം ചെയ്തു തുടങ്ങി. 2021 ജനുവരി 13നാണ് കൊവിഡിനെതിരെയുള്ള വാക്സീനേഷന്‍ ക്യാമ്പയിന്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്. ആസ്ട്രസെനെകയും ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചതും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ചതുമായ കൊവിഷീല്‍ഡ് എന്നറിയപ്പെടുന്ന രണ്ട് തരം വാക്‌സീനാണ് ഇന്ത്യയില്‍ ഉപയോഗിച്ചത്. വാക്സിനേഷന്‍ പദ്ധതിക്ക് ഭരണാധികാരികള്‍ തന്നെ തുടക്കമിട്ടു. വാക്സീന്‍ ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

തുടര്‍ ചര്‍ച്ചകള്‍
കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍ നടക്കുന്നത് 2023 ഡിസംബര്‍ 19നാണ്. അതിനിടക്ക് വ്യാപകമായ വാക്സീനേഷന്‍ പ്രക്രിയ നടന്നുവന്നിരുന്നു. ഈ ഘട്ടത്തില്‍ തന്നെ പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്ത യുവാക്കളടക്കമുള്ളവര്‍ മരണപ്പെടുന്നുവെന്ന വിഷയം ചര്‍ച്ചയായിരുന്നു. ഔദ്യോഗിക തലങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) നേതൃത്വത്തില്‍ ഒരു രാജ്യാന്തര പഠനം ആരംഭിച്ചു. ഈ മരണങ്ങളെ കൊവിഡ് വാക്സീനുകളുമായി ബന്ധപ്പെടുത്താന്‍ തെളിവുകള്‍ ലഭ്യമല്ലെന്ന നിഗമനത്തിലാണ് പഠനം എത്തിയത്. പഠന റിപോര്‍ട്ട് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. റിപോര്‍ട്ടിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു.

ഐ സി എം ആറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ‘സഡന്‍ ഡെത്ത് സ്റ്റഡി ഗ്രൂപ്പി’ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ 47 ത്രിതല ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അവിടങ്ങളിലെ ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ ചെറുപ്പക്കാരിലെ മരണങ്ങളും കൊവിഡ് വാക്സീനേഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ഗവേഷണത്തിന് സ്വീകരിച്ച രീതി ‘കേസ് കണ്‍ട്രോള്‍ ഡിസൈന്‍’ ആണ്. മുമ്പ് സംഭവിച്ചു കഴിഞ്ഞ മരണങ്ങളായതിനാല്‍ കാര്യകാരണ ബന്ധങ്ങള്‍ തെളിയിക്കാന്‍ തിരഞ്ഞെടുക്കേണ്ടത് ‘റിട്രോസ്പെക്ടീവ് കോഹോര്‍ട്ട് ഡിസൈന്‍’ ആണ് എന്ന് പലരും ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷം മുമ്പേ കൊവിഡ് വാക്സീന്‍ സ്വീകരിച്ച ചെറുപ്പക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ രോഗവിവരങ്ങള്‍, ആശുപത്രിവാസം, മരണ വിവരങ്ങള്‍ എന്നിവയും സമാനമായി വാക്സീന്‍ എടുക്കാത്ത ചെറുപ്പക്കാരിലെ ഇതേ വിവരങ്ങളും ശേഖരിച്ച് താരതമ്യ പഠനം നടത്തണമായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ശാസ്ത്രീയ പഠന സാധ്യതകള്‍ ധാരാളമുണ്ടായിട്ടും ഉറപ്പില്ലാത്ത നിഗമനങ്ങളിലേക്ക് എത്തിയതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നുവെന്നത് വ്യക്തമല്ല.

ആഗോള ആരോഗ്യ ഗവേഷണ മേഖല നേരിടുന്ന പ്രതിസന്ധി കൂടിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിന് ബലം നല്‍കുന്നതാണ് തുടര്‍ന്ന് വാക്സീന്‍ നിര്‍മാതാക്കള്‍ കോടതിയില്‍ നല്‍കിയ മൊഴി. ആരോഗ്യ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷനലുകള്‍, രോഗികള്‍ എന്നിവരടങ്ങുന്ന ഒരു സംഘം ചിട്ടയായ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിലൂടെ നടത്തേണ്ട പ്രക്രിയയാണ് ഗവേഷണങ്ങള്‍. ആരോഗ്യ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും തന്ത്രങ്ങള്‍ നടപ്പാക്കുന്നതിലും രോഗികളുടെ പരിചരണവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലുമുള്ള താത്പര്യമായിരിക്കണം ഈ ഗവേഷണങ്ങളെ നയിക്കേണ്ടത്. അതിന് പകരം വഴിപാട് തീര്‍ക്കല്‍ പോലെ ചില പരീക്ഷണങ്ങള്‍ നടത്തി നിഗമനങ്ങളില്‍ എത്തുകയും ആ പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്യുന്നത് ജനതയോട് ചെയ്യുന്ന നീതികേടാണ്. കൊവിഡ് വാക്സീനുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന റിപോര്‍ട്ടുകളെ അഭിസംബോധന ചെയ്യാന്‍ ആരോഗ്യ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാതെ ഏതാനും നിഗമനങ്ങളിലെത്തി അധ്യായം അവസാനിപ്പിക്കുന്ന പ്രവണത ആരോഗ്യരംഗത്ത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ആരോഗ്യ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും വലിയ താത്പര്യങ്ങള്‍ ഇല്ലാതെ പോകുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മാനവികത നഷ്ടപ്പെടുന്ന ഭരണകൂടങ്ങളില്‍ നിന്ന് അത്രയേ പ്രതീക്ഷിക്കാനാകൂ എന്ന് സമാധാനിക്കേണ്ട അവസ്ഥയിലേക്കാണ് ഇതൊക്കെ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.

 

Latest