National
എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം: യാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം
ബെംഗളൂരു-കൊച്ചി വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി.

ബെംഗളൂരു | ബെംഗളൂരുവില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നേരിട്ട പ്രതിസന്ധിക്ക് പരിഹാരം. അടിയന്തര ലാന്‍ഡിംഗ് നടത്തിയ ബെംഗളൂരു-കൊച്ചി വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ കൊച്ചിയിലെത്തിക്കും.
എന്‍ജിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇതേ തുടര്‍ന്ന് പ്രതി യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചിരുന്നു.
ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ പല വിമാനങ്ങളിലാണ് എയര്‍ ഇന്ത്യ അധികൃതര്‍ പകരം യാത്രാ സൗകര്യമൊരുക്കിയത്. എന്നാല്‍, എല്ലാവര്‍ക്കും ഒന്നിച്ച് യാത്രാ സൗകര്യം ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. 170 യാത്രക്കാരില്‍ ബോര്‍ഡിംഗ് പാസ് ലഭിച്ചത് 120 പേര്‍ക്കു മാത്രമായിരുന്നു.
ഇന്നലെ രാത്രി 11.12ഓടെയാണ് ബെംഗളൂരു-കൊച്ചി വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടനെ വിമാനത്താവളത്തില്‍ ഇറക്കി തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 170 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.