Connect with us

Kerala

മന്ത്രി റിയാസിന് ക്ഷണമില്ല; ദേശീയപാത ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്‌കരിക്കും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടെ ക്ഷണിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയത്‌ കേരളത്തെ അപമാനിക്കുന്ന നടപടിയെന്ന് റിയാസ്.

Published

|

Last Updated

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, എം പിമാരായ ബെന്നി ബെഹ്‌നാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എം എല്‍ എ തുടങ്ങിയവരെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പങ്കെടുക്കുന്നുണ്ട്.

കേരളത്തെ അപമാനിക്കുന്ന നടപടി; ജനം ചര്‍ച്ച ചെയ്യട്ടെ: റിയാസ്
ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു. കേരളത്തെ അപമാനിക്കുന്ന നടപടിയാണിത്. രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതാണ് ദേശീയപാത ഉദ്ഘാടനം. ജനങ്ങള്‍ എല്ലാ മനസ്സിലാക്കും. ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ. അവര്‍ ചര്‍ച്ച ചെയ്യട്ടെ. ദേശീയപാത നിര്‍മാണത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്ന് പോസ്റ്റര്‍ പതിഞ്ഞ പോലെ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും റിായാസ് പറഞ്ഞു.

സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളില്‍ ആദ്യം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ച്, വെങ്ങളം മുതല്‍ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്‍മിച്ച 23 ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

Latest