Kerala
എ പത്മകുമാറിനെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി സിപിഐഎം
സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് നീക്കമെന്നാണ് വിവരം
പത്തനംതിട്ട| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കി പത്തനംതിട്ട ജില്ലാ കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്മകുമാറിനെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിഞ്ഞെങ്കിലും പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.
കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് നാലാം തീയതിയായിരുന്നു പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.


