Connect with us

Articles

ചാബഹാര്‍: യു എസിനോട് ഇന്ത്യ 'ചെക്ക് ' പറയണം

പാകിസ്താനില്‍ ഗ്വാദര്‍ തുറമുഖത്തിനായി ചൈന ഇറക്കിയിരിക്കുന്നത് 1.62 ബില്യണ്‍ ഡോളറാണ്. ചൈനയുമായി അതിര്‍ത്തി വിഷയത്തില്‍ ഉരസി നില്‍ക്കുന്ന ഇന്ത്യക്ക് കിട്ടാവുന്ന സുവര്‍ണാവസരമാണ് ഗ്വാദറിന് പകരമായി അതിനേക്കാള്‍ തന്ത്രപരമായ ചാബഹാര്‍ തുറമുഖം വികസിപ്പിക്കുകയെന്നത്. മാലദ്വീപിലും ഭൂട്ടാനിലും ശ്രീലങ്കയിലും നേപ്പാളില്‍ പോലും ചൈന കടന്ന് കയറുമ്പോള്‍ ഇറാന്‍ അങ്ങേയറ്റം വിലയേറിയ സുഹൃത്തായിരിക്കും ഇന്ത്യക്ക്.

Published

|

Last Updated

‘ഇറാനുമായി സാമ്പത്തിക, സൈനിക, വാണിജ്യ ബന്ധം പുലര്‍ത്തുന്ന എല്ലാവരും വരാനിരിക്കുന്ന ഉപരോധത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം’- യു എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേലിന്റെ വാക്കുകളാണിത്. പേര് കേട്ടാലറിയാമല്ലോ ആള്‍ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യയെ തന്നെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ വികസനവും നടത്തിപ്പും ഇന്ത്യയെ ഏല്‍പ്പിക്കുന്ന നിര്‍ണായക കരാറാണ് വിഷയം. ഇറാന്റെ തെക്കു കിഴക്കന്‍ തീരത്ത് സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചാബഹാര്‍ തുറമുഖം. തന്ത്രപ്രധാനമായ സ്ഥാനം. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്ത് നിന്ന് വെറും 140 കിലോമീറ്റര്‍ അകലം. അഫ്ഗാനിസ്താനിലേക്ക് പാകിസ്താനെ ആശ്രയിക്കാതെ ചരക്ക് നീക്കം നടത്താം. അതങ്ങനെ കരമാര്‍ഗം നീണ്ടാല്‍ റഷ്യ വരെയെത്താവുന്ന വ്യാപാര റൂട്ടാക്കാം. ഇരു രാജ്യങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇന്ത്യക്കും മധ്യേഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി മാറ്റുകയുമാകാം. ചാബഹാറിന്റെ നടത്തിപ്പിനായി പത്ത് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാറിലാണ് കഴിഞ്ഞ ദിവസം ഇന്ത്യയും ഇറാനും ഒപ്പുവെച്ചത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളും ഇറാന്റെ റോഡ്, നഗര വികസന മന്ത്രി മെഹര്‍ദാദ് ബസര്‍പാഷും നടത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ കരാര്‍ പിറക്കുകയായിരുന്നു. ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐ പി ജി എല്‍) ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പി എം ഒ) തമ്മിലാണ് കരാര്‍. രണ്ട് തുറമുഖങ്ങള്‍ ചേര്‍ന്നതാണ് ചാബഹാര്‍ പദ്ധതി. ഒന്ന് ശാഹിദ് കലന്തരി, മറ്റൊന്ന് ശാഹിദ് ബഹശ്തി. ഇതില്‍ രണ്ടാമത്തെ തുറമുഖത്തിന്റെ ടെര്‍മിനല്‍ വകസനത്തിലാകും ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നേരത്തേ തന്നെ ഈ തുറമുഖങ്ങളുടെ വികസനത്തില്‍ ഇന്ത്യ മുതല്‍മുടക്കിയതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഈ ദൗത്യം എങ്ങുമെത്തിയില്ല. പുതിയ കരാര്‍ പ്രകാരം 120 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കായും 250 മില്യണ്‍ ഡോളര്‍ വായ്പയായും ഇന്ത്യ ചാബഹാറില്‍ ഇറക്കും. കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ട് പോകവേ കൂടുതല്‍ പണം ചാബഹാറില്‍ മുടക്കാന്‍ ഇന്ത്യ തയ്യാറാകും.

ഇതിലെന്താണ് അമേരിക്കക്ക് കാര്യം? ഉപരോധ ഭീഷണിയുമായി അമേരിക്ക വരുന്നതെന്തിനാണ്? ഇറാന്റെ ആണവ പരിപാടി ചൂണ്ടിക്കാട്ടി ആ രാജ്യത്തിന് നേരേ പതിറ്റാണ്ടുകളായി കടുത്ത ഉപരോധം തുടരുകയാണ് യു എസ്. ഇടക്കൊക്കെ ഇളവ് നല്‍കുമെന്നല്ലാതെ ഈ ഏര്‍പ്പാട് പൂര്‍ണമായി നിര്‍ത്താനുള്ള ആര്‍ജവം ഒരു പ്രസിഡന്റിനുമുണ്ടായിട്ടില്ല. ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്നും അണുബോംബ് ഉണ്ടാക്കുന്നതിന്റെ അടുത്തെത്തിയെന്നും യു എസ് അധികാരികള്‍ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരിക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) പരിശോധന ശക്തമാക്കും. ഒന്നും കണ്ടുകിട്ടാതെ മടങ്ങും. തങ്ങളുടെ ആണവ പരിപാടി ഊര്‍ജാവശ്യത്തിന് ഉള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കും. ഇസ്റാഈലിനോടുള്ള കരുതല്‍ ഊട്ടിയുറപ്പിക്കാനും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് ചേരിയെ തങ്ങളുടെ ഭൗമ രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് വലിച്ചു കൊണ്ടുവരാനും ഇറാനെ ഉപയോഗിക്കുകയെന്നത് അമേരിക്കയുടെ എക്കാലത്തെയും തന്ത്രമാണ്. ആ തന്ത്രത്തിലേക്കുള്ള ചുവട് മാത്രമാണ് ആണവ ഭീഷണി. സര്‍വായുധ സജ്ജമാക്കി നിര്‍ത്തിയ ഇസ്റാഈലിനെ മടിയിലിരുത്തിയാണ്, ലോകത്താദ്യമായി ആറ്റം ബോംബ് വര്‍ഷിച്ച അമേരിക്ക ഇറാനെ പഠിപ്പിക്കാനിറങ്ങുന്നതെന്നോര്‍ക്കണം. ഇക്കഴിഞ്ഞ ദിവസവും ഐ എ ഇ എക്കാര്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്. സഹകരണം പോരെന്ന് പരാതിപ്പെട്ടിട്ടുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് പോയി ജോ ബൈഡന്‍ വന്നിട്ടും ഉപരോധം തുടരുകയാണ്. യു എന്നിന്റെ അനുമതിയില്ലാതെയാണ് ഈ ഉപരോധങ്ങള്‍. യു എസ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള രാജ്യവുമായി ആര് സഹകരിച്ചാലും അവരെയും ഉപരോധിക്കുകയെന്ന ഭീകരത തുടരുകയാണ്. ‘കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ഷന്‍സ് ആക്ട്’ (കാസ്റ്റാ) എന്നത് യു എസ് കോണ്‍ഗ്രസ്സ് 2017ല്‍ പാസ്സാക്കിയ നിയമമാണ്. ഇതുപ്രകാരമാണ് ചാബഹാറില്‍ ഇറാനുമായി കൈകോര്‍ക്കുന്ന ഇന്ത്യക്ക് നേരേ യു എസ് ഉപരോധ ഭീഷണിയുയര്‍ത്തുന്നത്. റഷ്യയുമായി എസ്- 400 മിസൈല്‍ കരാറുമായി മുന്നോട്ട് പോയപ്പോഴും ഇതേ ഭീഷണി എടുത്തിട്ടിരുന്നു.

ചാബഹാറിന്റെ കാര്യത്തില്‍ യു എസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യന്‍ ജയ്ശങ്കര്‍ പറഞ്ഞിട്ടുള്ളത്. ഈ പദ്ധതി യു എസിന് കൂടി ഗുണമുള്ളതാണെന്നും ചൈനയെ വെല്ലുവിളിക്കുന്നതാണെന്നും വിശദീകരിക്കാനാകും ഇന്ത്യ ശ്രമിക്കുക. കരുതലോടെ മാത്രമേ ഇപ്പോഴത്തെ സര്‍ക്കാറും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന സര്‍ക്കാറും ഈ വിഷയം കൈകാര്യം ചെയ്യുകയുള്ളൂ. മോദിയുടെ പത്ത് വര്‍ഷത്തെ ഭരണവും അതിന് മുമ്പ് മന്‍മോഹന്‍ സിംഗിന്റെ കാലവുമെല്ലാം ഇന്ത്യയെ അമേരിക്കന്‍ ചേരിയിലേക്ക് അടുപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ലോക സാഹചര്യത്തില്‍ വന്ന മാറ്റവും ഇനിയൊരു കുതറി മാറല്‍ അസാധ്യമാക്കുന്നുണ്ട്. ഇറാനുമായും റഷ്യയുമായുമുള്ള സഹകരണം നേര്‍ത്ത വ്യതിചലനങ്ങള്‍ മാത്രമാണ്. അത് പോലും അനുവദിക്കില്ലെന്ന ശാഠ്യമാണ് അമേരിക്കക്ക്. 2003ല്‍ തന്നെ ചാബഹാര്‍ സഹകരണത്തിന് ശ്രമം നടന്നതാണ്. യു എസ് ഉപരോധമായിരുന്നു അന്നും തടസ്സം. 2015ല്‍, ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പുവെച്ച ആറ് രാഷ്ട്ര ആണവ കരാര്‍ ഉപരോധത്തില്‍ വലിയ ഇളവുകള്‍ക്ക് വഴി വെച്ചു. അതോടെ ചാബഹാര്‍ നീക്കങ്ങള്‍ക്ക് ജീവന്‍ വെക്കുകയും ചെയ്തു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പോയപ്പോള്‍ ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചതാണ് പിന്നീട് ചാബഹാറില്‍ നടന്ന മുന്നേറ്റം. ഈ അഫ്ഗാന്‍- ഇറാന്‍- ഇന്ത്യ കരാറാണ് ഇപ്പോഴത്തെ നടത്തിപ്പ് കരാറിന്റെ അടിത്തറ.

എന്തുവില കൊടുത്തും ഈ കരാറുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ ശ്രമിക്കും. എണ്ണ ഇറക്കുമതിയില്‍ സംഭവിച്ച പിന്നോട്ടടി ഇക്കാര്യത്തില്‍ ആവര്‍ത്തിക്കില്ലെന്നുറപ്പാണ്. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണല്ലോ ഇറാന്‍. ഇന്ത്യയുമായി എക്കാലത്തും ഊഷ്മളമായ സൗഹൃദം സൂക്ഷിച്ച വ്യാപാര പങ്കാളിയുമാണ്. 2019 മെയ് വരെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങുകയും കടുത്ത ഉപരോധം അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു എസ് ധാര്‍ഷ്ട്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കീഴടങ്ങുകയായിരുന്നു. സ്വന്തം വ്യാപാര താത്പര്യവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ട്രംപിനോട് അപേക്ഷിക്കാന്‍ പോലും, അടുത്ത സുഹൃത്തായിട്ടും നമ്മുടെ പ്രധാനമന്ത്രി അന്ന് തയ്യാറായില്ല. ജോ ബൈഡന്‍ വന്നിട്ടും സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ല. രൂപക്ക് പകരമായി എണ്ണയും ഗ്യാസും പെട്രോ- കെമിക്കല്‍ ഉത്പന്നങ്ങളും മറ്റ് ഉത്പന്നങ്ങള്‍ പോലും നല്‍കാന്‍ ഇറാന്‍ തയ്യാറായതാണ്. രൂപക്ക് അന്താരാഷ്ട്ര അംഗീകാരം നല്‍കുകയാണ് ഇറാന്‍ ചെയ്തത്. 2018-19ല്‍ ഇന്ത്യ- ഇറാന്‍ വ്യാപാരം 17 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. എണ്ണ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യ പേടിച്ച് പിന്‍വാങ്ങിയിരുന്നില്ലെങ്കില്‍ 30-35 ബില്യണ്‍ ഡോളറില്‍ എത്തുമായിരുന്നു. ജപ്പാന്‍, ദ. കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ യു എസ് ഉപരോധത്തെ മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോഴാണ് എണ്ണ ഇറക്കുമതിക്ക് ദേശീയ സമ്പത്തിന്റെ നല്ല പങ്ക് ചെലവിടുന്ന ഇന്ത്യ, ഇറാന്‍ നീട്ടിയ കൈ തട്ടിമാറ്റിയത്.

ചാബഹാറില്‍ ഈ വിഡ്ഢിത്തം ഇന്ത്യ ചെയ്യില്ലെന്ന് പറയുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതിലടങ്ങിയ രാഷ്ട്രീയം തന്നെയാണ് പ്രധാനം. പാകിസ്താനില്‍ ഗ്വാദര്‍ തുറമുഖത്തിനായി ചൈന ഇറക്കിയിരിക്കുന്നത് 1.62 ബില്യണ്‍ ഡോളറാണ്. ചൈന നേതൃത്വം നല്‍കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് ഈ തുറമുഖം. ചൈനയുമായി അതിര്‍ത്തി വിഷയത്തില്‍ ഉരസി നില്‍ക്കുന്ന ഇന്ത്യക്ക് കിട്ടാവുന്ന സുവര്‍ണാവസരമാണ് ഗ്വാദറിന് പകരമായി അതിനേക്കാള്‍ തന്ത്രപരമായ ചാബഹാര്‍ തുറമുഖം വികസിപ്പിക്കുകയെന്നത്. മാലദ്വീപിലും ഭൂട്ടാനിലും ശ്രീലങ്കയിലും നേപ്പാളില്‍ പോലും ചൈന കടന്ന് കയറുമ്പോള്‍ ഇറാന്‍ അങ്ങേയറ്റം വിലയേറിയ സുഹൃത്തായിരിക്കും ഇന്ത്യക്ക്. മധ്യ പൗരസ്ത്യ ദേശത്തേക്കും മധ്യ ഏഷ്യയിലേക്കും ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും ചാബഹാര്‍ വഴിയൊരുക്കും. അഫ്ഗാനുമായുള്ള സൗഹൃദ്, രക്ഷാകര്‍തൃ ബന്ധം അവിടെ താലിബാന്‍ അധികാരത്തില്‍ വന്നിട്ടും ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല എന്നോര്‍ക്കണം. ഇവിടെ തൊട്ടതിനൊക്കെ താലിബാനെന്ന് പറഞ്ഞ് ഇസ്ലാം പേടി സൃഷ്ടിക്കുന്നത് പോലെയല്ല അന്താരാഷ്ട്ര ബന്ധങ്ങളുടെ നിജസ്ഥിതി. അവിടെ താലിബാന്‍ അഫ്ഗാന്റെ ഭരണകര്‍ത്താക്കളാണ്. ഭരണതലത്തിലെ പങ്കാളികളാണ് ഇന്ത്യക്ക് താലിബാന്‍. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിലേക്ക് നേരിട്ട് സാധന സാമഗ്രികള്‍ എത്തിക്കാന്‍ ചാബഹാര്‍ തുറമുഖത്തോളം നല്ല വഴിയില്ല.

ഫലസ്തീനെ മുന്‍നിര്‍ത്തി ഇസ്റാഈലും ഇറാനും ചരിത്രത്തിലൊരിക്കലുമില്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ ഘട്ടമാണിത്. ഇത് ചൂണ്ടിക്കാട്ടി കൂടിയാകും ഇറാനോടുള്ള ബാന്ധവം ശരിയല്ലെന്ന് അമേരിക്ക വാദിക്കുക. യുക്രൈന്‍ അധിനിവേശം കൊടുമ്പിരിക്കൊള്ളുമ്പോഴും റഷ്യയോട് ആയുധ ഇടപാട് ഞങ്ങള്‍ തുടരുന്നുണ്ടല്ലോ എന്നാകും ഇന്ത്യയുടെ മറുപടി. യുക്രൈന് നിങ്ങള്‍ ആയുധം നല്‍കുന്നുമുണ്ടല്ലോ എന്ന് കൂടി ചോദിച്ച് ‘ചെക്ക്’ പറയാനും ഇന്ത്യക്കാകും. ഒരു പരിധിക്കപ്പുറം ഉപരോധവുമായി മുന്നോട്ട് പോകാന്‍ യു എസിന് സാധിക്കില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. കാരണം ഇന്ത്യ ഒരു കമ്പോളമാണ്. വലിയ കമ്പോളം. അനന്ത സാധ്യതകളുള്ള കമ്പോളം. ഇനിയുമേറെ അതൃപ്ത തൃഷ്ണകളുള്ള കമ്പോളം. അത് മറ്റാരേക്കാളും അമേരിക്കക്ക് അറിയാം. മോദിക്ക് അന്താരാഷ്ട്ര തലത്തില്‍ കിട്ടുന്ന ആശ്ലേഷങ്ങളുടെ ആന്തരാര്‍ഥവും മറ്റൊന്നല്ല. ഗ്ലോബല്‍ സൗത്തിന്റെ പ്രാധാന്യവും യു എസിനറിയാം. യു എസില്‍ ആര് പ്രസിഡന്റായാലും ഈ അടിസ്ഥാന തിരിച്ചറിവ് അവര്‍ക്കുണ്ടാകും.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest