Kerala
കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട്ടില്‍ പിടിയില്‍
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്തു നിന്നാണ് പിടികൂടിയത്.
കല്‍പറ്റ | എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലുപേരാണ് വൈത്തിരി പോലീസിന്റെ പിടിയിലായത്.
എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍ ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ ലക്കിടി സ്‌കൂളിന് സമീപത്തു നിന്നും സംശയസ്പദമായ സാഹചര്യത്തിലാണ് സംഘത്തെ പോലീസ് കണ്ടെത്തിയത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന നടത്തിവരികയാണ്. നാലുപേരും കൊലപാതകം ,വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്.