Connect with us

Articles

നേരിനു വേണ്ടി നിവര്‍ന്നു നിന്ന കാലങ്ങള്‍

ഇന്ന് എസ് വൈ എസ് സ്ഥാപക ദിനം

Published

|

Last Updated

യുവത്വത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ പ്രയോഗം സാധിക്കുന്നതിനായുള്ള പ്രയത്‌നമെന്നതാണ് എസ് വൈ എസിന്റെ 70 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രത്‌നച്ചുരുക്കം. സമൂഹത്തിന്, വിശേഷിച്ചും യുവാക്കള്‍ക്ക് ദിശ നിര്‍ണയിച്ചും ധൈഷണിക- മൂല്യ ബോധ്യങ്ങള്‍ നിര്‍മിച്ച് നല്‍കിയും ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പരമ്പരാഗത ദര്‍ശനത്തെ പഠിപ്പിച്ചും നവീന വാദികള്‍ക്കെതിരെ ആദര്‍ശ പോരാട്ടം നയിച്ചും സാമൂഹിക സന്നദ്ധ കര്‍മങ്ങള്‍ക്കായി പ്രചോദിപ്പിച്ചും സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ സംസ്‌കാരമാക്കിയും യൗവനോര്‍ജത്തെ എസ് വൈ എസ് ശരിയായി ഉപയോഗിക്കുകയായിരുന്നു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നേരിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം സംഘടന ഉത്തരവാദിത്വമായി ഏറ്റെടുത്തു. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളിലൂടെയും ജീവനുള്ള പ്രമേയങ്ങളിലൂടെയും സമകാലികതയോട് സംവദിച്ചു. ചുരുക്കത്തില്‍ മനുഷ്യന്റെ ക്ഷേമവും പുരോഗതിയും ലക്ഷ്യം വെക്കുന്ന സമഗ്രമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിയാണ് 1954 ഏപ്രില്‍ 24ന് രൂപം കൊണ്ട സംഘടന ഏഴ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. എഴുപതുകളില്‍ ശൈഖുനാ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം ഉസ്താദും സംഘടനയുടെ നേതൃത്വത്തിലെത്തിയതോടെ പ്രവര്‍ത്തനങ്ങളുടെ വേഗം കൂടി. വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയവയില്‍ കേരളം കൈവരിച്ച പുരോഗതിയില്‍ ഗണ്യമായ സംഭാവനയാണ് സംഘടന നല്‍കിയത്.
അരിശം പൂണ്ടല്ലാതെ വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അസ്വസ്ഥവും അശ്ലീലകരവുമായ ഒരു രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ നിസ്സംഗമായ ഒരു യൗവനത്തിന്റെ ഉയിര്‍പ്പിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എത്രമാത്രം ഭീകരവും ഭീദിതവുമായിരിക്കുമത്. അങ്ങനെയൊരു അത്യാപത്തില്‍ നിന്ന് വലിയൊരു തലമുറയെ കാത്തുരക്ഷിക്കാന്‍ കര്‍മ നൈരന്തര്യത്തിന്റെ ഈ കാലങ്ങള്‍ കൊണ്ട് സാധിച്ചുവെന്നതു തന്നെയാണ് വലിയ മഹത്വം. അരാഷ്ട്രീയതയുടെ വ്യത്യസ്ത ഭാവങ്ങളും സ്വാധീനങ്ങളും വിവിധ രീതിയില്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത് സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ സജ്ജരായ ഒരു സംഘത്തെ നിര്‍മിക്കാന്‍ സാധിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. ആഴത്തില്‍ വേരൂന്നുന്ന അരാഷ്ട്രീയ സ്വഭാവത്തെ ഒരു ഉത്‌ബോധനം കൊണ്ട് തിരുത്താന്‍ സാധിക്കുന്നതായിരുന്നില്ല. നിരന്തരമായ പദ്ധതികളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ, അവബോധ നിര്‍മിതിയിലൂടെ സന്നിവേശിപ്പിക്കുന്ന സംസ്‌കാരത്തിലൂടെ അത് നിര്‍മിച്ചെടുക്കുകയായിരുന്നു. എസ് വൈ എസിന്റെ കര്‍മ പരിപാടികളുടെ രീതിയും രൂപവും എല്ലാം അത്തരത്തിലുള്ളതായിരുന്നു. അരാഷ്ട്രീയതയുടെ മൗനവാത്മീകങ്ങളില്‍ ശിരസ്സൊളിപ്പിച്ച് ജീവിക്കുമായിരുന്ന അനേക ലക്ഷം യുവതയെ രാഷ്ട്രീയമായി പ്രയോഗിക്കുക വഴി സാധിച്ചെടുത്ത വിപ്ലവമാണ് 70 വയസ്സ് പൂര്‍ത്തിയാകുന്ന എസ് വൈ എസിന്റെ നാള്‍വഴികളെ സുവര്‍ണ രേഖയില്‍ അടയാളപ്പെടുത്തുന്നത്.
അനീതിയും അക്രമവും അതി സാധാരണമാകുന്ന കാലത്താണ് നാമുള്ളത്. നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നതിന് പകരം പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുമ്പോഴാണ് മനുഷ്യനൊരു രാഷ്ട്രീയ ജീവിയാകുന്നത്, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. “നിങ്ങള്‍ ഒരു അനീതി ദര്‍ശിച്ചാല്‍ കൈ കൊണ്ടതിനെ തിരുത്തണം. അതിന് സാധിക്കുന്നില്ലെങ്കില്‍ നാവ് കൊണ്ടെതിരിടണം. അതിനും കഴിയുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് വിയോജിക്കാനെങ്കിലും സാധിക്കണം. അത് വിശ്വാസത്തിന്റെ ഏറ്റവും ബലഹീനമായ ഭാഗമാണ്’- പ്രവാചക ശ്രേഷ്ഠരുടെ പ്രസിദ്ധ വചനങ്ങളിലൊന്നാണിത്. അധര്‍മത്തോടുള്ള വ്യക്തിയുടെ സമീപനമെങ്ങനെയാകണമെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നത്. വിയോജിപ്പിന്റെ മഷി വറ്റരുതെന്നാണ് പ്രസ്തുത പ്രവാചക വചനത്തിന്റെ പൊരുള്‍. അനീതി പെരുകുകയും അതിനെതിരെയുള്ള പോരാട്ടങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുന്ന കാലത്ത് നീതിയുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ ഉത്പാദിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം. എവിടെയെല്ലാം അക്രമത്തിന്റെ കരങ്ങളുയരുന്നുണ്ടോ അപ്പോഴെല്ലാം അതിനെതിരെ ലോകത്തിന്റെ ഏതെങ്കിലുമൊരു തുരുത്തില്‍ നിന്ന് പ്രതികരണമുണ്ടാകുന്നുണ്ട്. അതാണ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഇപ്പോഴും ആശ്വാസമാകുന്നത്, ജീവിതം പ്രതീക്ഷാനിര്‍ഭരവും ശാന്തസുരഭിലവുമാക്കുന്നത്. പൊരുതുന്ന ജനത അപ്രത്യക്ഷമായാല്‍, വിപ്ലവ യുവത്വം വേരറ്റു വീണാല്‍ ലോകം ഇനിയും ഇരുണ്ടതാകും. അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതം കൂടുതല്‍ നിറം മങ്ങും.
ജൈവാനുബന്ധമായി മനുഷ്യനുണ്ടാകേണ്ട മൂല്യമാണ് നീതിക്കു വേണ്ടി കലഹം കൂട്ടുക എന്നത്. എല്ലാവരിലും അത് സംഭവിക്കുമ്പോഴാണ് ലോകം നീതിയില്‍ പുലരുന്നത്. അതത്ര എളുപ്പമുള്ള പ്രക്രിയയല്ല. സ്വന്തത്തെ മാത്രം സ്‌നേഹിക്കുന്ന സുഖശീതളിമയില്‍ അലസഗമനം നടത്തുന്നവരെ അതില്‍ നിന്ന് മോചിപ്പിച്ചെങ്കിലാണ് അത് സാധ്യമാകുക, ജ്വലിക്കുന്ന യുവത്വം രൂപപ്പെടുക. സുഖത്തിന്റെ പുറന്തോട് പൊട്ടിക്കാതെ ഒരു സാമൂഹിക നവീകരണവും ഉത്ഥാനവും സാധ്യമല്ലെന്നതാണ് യാഥാര്‍ഥ്യം. ഉത്തരവാദിത്വങ്ങളോട് നീതി പുലര്‍ത്തിയും സമൂഹത്തെ അതിനായി പ്രേരിപ്പിച്ചും സ്‌നേഹത്തിന്റെ, സേവനത്തിന്റെ പുതിയൊരു രാഷ്ട്രീയ മുഖം പ്രദര്‍ശിപ്പിക്കാന്‍ കഴിയണം. എസ് വൈ എസ് സഞ്ചരിക്കുന്നത് അതിലൂടെയാണ്.
ജീവിതം ഒരു ലഹരി മാത്രമാക്കി മാറ്റിയ ഒരു തലമുറയെ ഉത്തരവാദിത്വങ്ങളെ കുറിച്ചും അവകാശങ്ങളെ സംബന്ധിച്ചും ബോധവത്കരിക്കേണ്ടതുണ്ട്. നന്മയുടെ മൂല്യങ്ങള്‍ നിര്‍മിച്ചെടുക്കേണ്ടതുണ്ട്. പ്രലോഭനങ്ങളോട് വിസമ്മതിക്കാനും തിന്മക്കെതിരെ സര്‍ഗാത്മക പ്രതിരോധം തീര്‍ക്കാനും പരിശീലിപ്പിക്കേണ്ടതുമുണ്ട്. യുവാക്കളെ ഉണര്‍ത്തിയെടുക്കുക എന്നതാണ് എസ് വൈ എസ് പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെടുത്ത വിപ്ലവം. പുതിയ തലമുറയിലെ അതിരുകടന്ന സ്വാതന്ത്ര്യ ബോധവും അരാജകമാകുന്ന ജീവിതങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ചെറുതല്ല. മതത്തെയും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന മറ്റു സ്രോതസ്സുകളെയും പരിഹാസ്യമായി നിരീക്ഷിക്കുകയും അപരനെക്കുറിച്ചുള്ള ആലോചനകള്‍ അസ്തമിക്കുകയും ചെയ്യുന്നിടത്താണ് ഇത്തരം സാമൂഹികാന്തരീക്ഷം രൂപപ്പെട്ടുവരുന്നത്. യുവാക്കള്‍ക്ക് അവര്‍ സാധിച്ചെടുക്കേണ്ട വിപ്ലവത്തെ കുറിച്ചുള്ള അവബോധം നല്‍കലാണ് അങ്ങനെയൊരു സാമൂഹിക അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനുള്ള പരിഹാരം. സോഷ്യല്‍ ആക്ടിവിസത്തിന്റെ വ്യത്യസ്ത വഴികളിലൂടെ യുവാക്കളെ സംഘടന നയിക്കുന്നതിലൂടെ സാധ്യമാക്കുന്നതും അതാണ്. ജീവിതത്തോട് ഉത്തരവാദിത്വം കാണിക്കുന്നവരാണ് ആക്ടിവിസ്റ്റുകള്‍. സാമൂഹിക, രാഷ്ട്രീയ ബോധ്യങ്ങളോടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെ തന്നെയും മാറ്റത്തിന് നിരന്തര ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും നടത്തുന്ന അടയാളപ്പെടുത്തലുകളാണ് ആക്ടിവിസം. അതൊരു തിരഞ്ഞെടുപ്പാണ്. അവനവനാത്മസുഖ രാഷ്ട്രീയത്തിനെതിരെയുള്ള സഞ്ചാരമാണ്. അതൊരു മിഷനായി, ജീവിത വീക്ഷണമായി സ്വീകരിച്ചവര്‍ സമൂഹത്തിലുണ്ടാകുമ്പോഴാണ് ലോകം നീതിയില്‍ പുലരുക. എന്തൊക്കെ പദവികള്‍ വഹിക്കുമ്പോഴും ആക്ടിവിസം കൂടി ഒപ്പമുണ്ടെങ്കില്‍ നീതിയില്‍ നിന്ന് വ്യതിചലിക്കില്ല. ജഡ്ജി ആക്ടിവിസ്റ്റ് കൂടിയാണെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനീതി സംഭവിക്കില്ലല്ലോ. ചുരുക്കത്തില്‍ ആക്ടിവിസം ഒരു ജീവിത മൂല്യമായി പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ ചിന്തകളെയും പ്രവൃത്തികളെയും അത് വിമലീകരിക്കും. ആക്ടിവിസത്തിന്റെ സ്ഥായിയായ, പൊതുവായ നാലഞ്ച് സ്വഭാവ വിശേഷങ്ങളുണ്ട്. ഒന്ന് ഉത്തരവാദിത്വ ബോധമുണ്ടാകുന്നുവെന്നതാണ്. രണ്ടാമതായി ജീവിതത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള ശരിയായ കാഴ്ചപ്പാടാണ്. ജീവിത മൂല്യവ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ് മൂന്നാമത്തേത്. സര്‍ഗാത്മകതയും ക്രിയാത്മകതയും ഒരുമിച്ച് കൂട്ടിയിണക്കാനുള്ള കഴിവാണ് നാലാമത്തേത്. സത്യസന്ധതയും ആത്മാര്‍ഥതയും ജീവിതത്തിലുടനീളമുണ്ടാകലാണ് അഞ്ചാമത്തേത്. ആക്ടിവിസം സംസ്‌കാരമായി സ്വീകരിച്ച ഒരു യൗവനത്തിന്റെ സൃഷ്ടിപ്പ് സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെത്രയായിരിക്കും. പ്രത്യേകിച്ച് ഉത്തരവാദിത്വമോ അക്കൗണ്ടബിലിറ്റിയോ ഇല്ലാത്തവര്‍ക്ക് സമൂഹത്തിനായി യാതൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല. ഉത്തരവാദിത്വത്തിലേക്ക് ഉണര്‍ന്ന ഒരു സംഘത്തിന്റെ നിര്‍മിതിയാണ് എസ് വൈ എസ് സാധിച്ചത്. ഭാവിലോകത്തിന്റെ വ്യവഹാരങ്ങള്‍ സജീവമാക്കി, മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി പുതുക്കപ്പെടേണ്ട നാളെയിലേക്ക് നവോര്‍ജവുമായി കുതിക്കുന്ന സംഘടന പുതിയ സാധ്യതകളും ഉയരങ്ങളും തേടുകയാണ്. വെളിച്ചമാകാന്‍ കഴിയുന്ന യുവത്വത്തെ എസ് വൈ എസ് രൂപപ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ പ്രകാശനാളങ്ങളായി തെളിഞ്ഞുകത്തും.