Kerala
തിരുവല്ല കവിത കൊലക്കേസ്: പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
2019 മാർച്ച് 12-നാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്
തിരുവല്ല | പ്രണയം നിരസിച്ചതിൻ്റെ പേരിൽ തിരുവല്ലയിൽ നടുറോഡിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി തീകൊളുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിലെ ഏക പ്രതിയായ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനാണ് ജീവപര്യന്തം ശിക്ഷ കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട കവിതയുടെ കുടുംബത്തിന് നൽകണം.
കഴിഞ്ഞ ദിവസമാണ് കോടതി അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. യുവതിയെ തടഞ്ഞുവെക്കൽ, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2019 മാർച്ച് 12-നാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. പത്തനംതിട്ട അയിരൂർ സ്വദേശിനിയായ കവിത, സഹപാഠിയായിരുന്ന അജിൻ റെജി മാത്യുവുമായുള്ള പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. തിരുവല്ലയിൽ വെച്ച് കവിതയെ വഴിയിൽ തടഞ്ഞുനിർത്തിയ അജിൻ, കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം കവിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.
എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ കവിത, രണ്ട് ദിവസത്തെ തീവ്ര ചികിത്സയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മരിക്കുന്നതിന് മുൻപ് കവിത നൽകിയ മൊഴി, സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ കേസിൽ നിർണ്ണായകമായി.





