National
പൊതു ഇടങ്ങളിൽ ഒത്തുചേരലിന് നിരോധനം; സർക്കാർ ഉത്തരവിനെതിരൊയ സ്റ്റേ നീക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി
ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചുകൾ നടത്താൻ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ 2025 ഒക്ടോബർ 18-നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
ബെംഗളൂരു | പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് വിലക്കിയ കർണാടക സർക്കാർ ഉത്തരവിന് സ്റ്റേ ഏർപ്പെടുത്തിയ സിംഗിൾ ബഞ്ച് ഉത്തരവ് നീക്കാൻ കർണാടക ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു. റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ 10-ൽ അധികം ആളുകൾ കൂട്ടം കൂടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് നേരത്തെ സിംഗിൾ ജഡ്ജി സ്റ്റേ ചെയ്തത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ എസ് ജി പണ്ഡിറ്റ്, ഗീത കെ ബി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സ്റ്റേ നീക്കാനുള്ള അപേക്ഷയുമായി സിംഗിൾ ജഡ്ജിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
സിംഗിൾ ജഡ്ജിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിന്റെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ റിട്ട് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു.
ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചുകൾ നടത്താൻ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ 2025 ഒക്ടോബർ 18-നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഹോം ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സ്കൂളുകൾ, കോളേജുകൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, റോഡുകൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെ സംസ്ഥാന സർക്കാർ പരിപാലിക്കുന്ന സ്ഥലങ്ങളിൽ 10-ൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്.
ഹുബ്ബള്ളിയിലെ പുനശ്ചേതന സേവാ സംസ്ഥെ, വി കെയർ ഫൗണ്ടേഷൻ എന്നീ സംഘടനകളും ധാർവാഡിലെ രാജീവ് മൽഹർ പാട്ടീൽ കുൽക്കർണി, ബെലഗാവിയിലെ ഉമാ സത്യജിത്ത് ചവാൻ എന്നീ വ്യക്തികളുമാണ് സർക്കാർ ഉത്തരവിനെ ചോദ്യം ചെയത് സിംഗിൾ ബഞ്ചിനെ സമീപിച്ചത്.
ഉത്തരവ് പൗരന്മാർക്ക് ഭരണഘടനയുടെ മൂന്നാം അധ്യായം നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഒക്ടോബർ 28-ന് സിംഗിൾ ജഡ്ജി സ്റ്റേ ഏർപ്പെടുത്തിയത്.


