Kerala
മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി; എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ് ഐ രാജിവെച്ചു
എസ് ഐ ശ്രീജിത്ത് നരേന്ദ്രനാണ് ജോലി ഉപേക്ഷിച്ചത്
മലപ്പുറം| മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി കേസില്‍ എസ്പികെതിരെ പരാതി നല്‍കിയ എസ്‌ഐ രാജിവെച്ചു. എസ് ഐ ശ്രീജിത്ത് നരേന്ദ്രനാണ് രാജി നൽകിയത്. ഇതിനെ തുടര്‍ന്ന് കാര്യങ്ങൾ വിശദമാക്കി സംസ്ഥാന പൊലീസ് മേധാവിക്ക് ശ്രീജിത്ത് കത്തയച്ചു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് നരേന്ദ്രന്‍.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്ത്, എസ്പി സുജിത്ത് ദാസിനെതിരെ നല്‍കിയ പരാതി. സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിയുടെ ആദ്യ ഫയല്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു വെന്ന് ശ്രീജിത്ത് കത്തില്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കുന്നു വെന്നും, സര്‍വീസില്‍ തുടരാന്‍ താത്പര്യമില്ലെന്നും. സേനയില്‍ നിന്നുള്ള യാതൊരു ആനുകൂല്യങ്ങളും തനിക്ക് വേണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി. എന്നാൽ താൻ സേനയോട് കടപ്പെട്ടിരിക്കുന്നു വെന്നും ശ്രീജിത്ത് കത്തില്‍ പറയുന്നു.





