Connect with us

ep jayarajan

വിവാദത്തിനു പിന്നില്‍ കോണ്‍ഗ്രസ്-ബി ജെ പി തിരക്കഥയെന്ന് ഇ പി ജയരാജന്‍

ഇ പി യുടെ ബന്ധങ്ങളിലെ ജാഗ്രതക്കുറവ് പാര്‍ട്ടി പരിശോധിക്കും

Published

|

Last Updated

കണ്ണൂര്‍ | താന്‍ ബി ജെ പിയില്‍ ചേരാന്‍ ശ്രമിച്ചെന്ന വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ബി ജെ പി തിരക്കഥയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

ഇ പിയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടി ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ ബി ജെ പിയുടെ കേരളാ പ്രഭാരി ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ പി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയേക്കും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇ പി വിഷയം കടന്നുവരുമെന്നാണു കരുതുന്നത്.

വോട്ടെടുപ്പ് ദിവസം സി പി എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന തരത്തില്‍ സംസ്ഥാനത്ത് വിവാദം കത്തിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്നാണ് സി പി എം കരുതുന്നത്. ഇ പി സൗഹൃദങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ പാര്‍ട്ടി വിഷയം വലിയ ഗൗരവത്തില്‍ കാണുന്നില്ലെന്ന സൂചനയുണ്ട്. ഇ പിയെ പോലൊരു നേതാവ് ബി ജെ പിയില്‍ പോകാന്‍ ചര്‍ച്ച നടത്തുമെന്നു സി പി എം കരുതുന്നില്ല.

എന്നാല്‍ ജാവദേക്കര്‍ സന്ദര്‍ശിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജാഗ്രതക്കുറവുണ്ടായി എന്ന നിലപാടായിരിക്കും പാര്‍ട്ടി ഇ പിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുടെ വലയില്‍ ഇ പി എങ്ങിനെ വീണു എന്നതും പാര്‍ട്ടി പരിശോധിക്കും.

എന്നാല്‍ തിരഞ്ഞെടുപ്പു ദിവസം, തന്നെ മുന്‍നിര്‍ത്തി ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ നിരാശരാവുമെന്നാണ് ഇ പി പറയുന്നത്. ഇ പിയെ രാഷ്ട്രീയ വിവാദത്തില്‍ പെടുത്തുന്നതില്‍ മകന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. മകന്‍ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനുമായി ആശയ വിനിമയം നടത്തിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ പരിശോധന നടത്തുന്നത്.

 

 

 

Latest