Connect with us

National

മോദി പരിഭ്രാന്തിയില്‍, താമസിയാതെ വേദിയില്‍ പൊട്ടിക്കരഞ്ഞേക്കും: രാഹുല്‍

'പാക്കിസ്ഥാന്‍, ചൈന എന്നിവയെക്കുറിച്ച് പറയും, പാത്രം കൊട്ടാന്‍ പറയും. എന്നാല്‍ പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നില്ല.'

Published

|

Last Updated

ബീജാപുര്‍ | പ്രധാന മന്ത്രി നരേന്ദ്ര മോദി ആകെ ഭയപ്പാടിലാണെന്ന് രാഹുല്‍ ഗാന്ധി. മോദി കുറച്ചു ദിവസത്തിനകം തന്നെ വേദിയില്‍ പൊട്ടിക്കരയാനും സാധ്യതയുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, ചൈന എന്നിവയെക്കുറിച്ച് പറയും, പാത്രം കൊട്ടാന്‍ പറയും. എന്നാല്‍ പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നില്ലെന്നും ആരോപിച്ചു. കര്‍ണാടകയിലെ ബിജാപുരില്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ചുപിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ മോദിയും ബി ജെ പിയും ശ്രമിക്കുകയാണെന്നും അതിനാല്‍ത്തന്നെ ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest