Connect with us

Kerala

എം എസ് സി കപ്പല്‍ അപകടം; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത്. ഒരു കപ്പല്‍ അപകടം ഉണ്ടായാല്‍ സ്വീകരിക്കുന്ന പ്രോട്ടോകോള്‍ എന്താണെന്നും കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കൊച്ചി തീരത്തിനടുത്തുണ്ടായ എം എസ് സി കപ്പല്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത് എന്ന് കോടതി ആരാഞ്ഞു. മത്സ്യത്തൊഴിലാളികളും ടി എന്‍ പ്രതാപനും നല്‍കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ഒരു കപ്പല്‍ അപകടം ഉണ്ടായാല്‍ സ്വീകരിക്കുന്ന പ്രോട്ടോകോള്‍ എന്താണെന്നും കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും ഹൈക്കോടതി ചോദിച്ചു.

കൊച്ചി തീരത്തിന് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറത്താണ് എം എസ് സി കപ്പല്‍ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സര്‍ക്കാരിനാണ് വിഷയത്തില്‍ മറുപടി പറയാന്‍ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവരിച്ചുകൊണ്ട് കേന്ദ്രം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. എം എസ് സി കപ്പല്‍ അപടകവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

2025 മേയിലാണ് അറബിക്കടലില്‍ എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയത്. കപ്പലില്‍ നിന്ന് നിരവധി കണ്ടെയ്നറുകള്‍ കടലില്‍ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലിലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറുകള്‍ കടലില്‍ പതിക്കകയുമായിരുന്നു.