From the print
സുപ്രീം കോടതി വിധി: വഖ്ഫ് ബോർഡിന് ആശ്വാസം
കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ • ബോര്‍ഡുമായി ബന്ധപ്പെട്ട നാല് ഹരജികളാണ് പരിഗണിക്കുന്നത്
കോഴിക്കോട് | വഖ്ഫ് ബോർഡ് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിന് കീഴിൽ പ്രവർത്തിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തതോട വഖ്ഫ് ബോർഡിന് ആശ്വാസം. ഹൈക്കോടതി ഉത്തരവിനെതിരെ ബോർഡ് നൽകിയ ഹരജിയിലാണ് അനുകൂല ഉത്തരവ്. വഖ്ഫ് ബോർഡിനെ സംബന്ധിച്ചിടത്തോളം താത്കാലികമായെങ്കിലും തങ്ങളുടെ അധികാരങ്ങൾ നിയന്ത്രിക്കപ്പെട്ട സാഹചര്യമാണ് മാറിയത്. നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായ ഉടൻ തന്നെ ഫിഷറീസ് വകുപ്പ് ജോയിന്റ്സെക്രട്ടറി മദീന ബീഗത്തെ വഖ്ഫ് ബോർഡ് അഡ്മിനിസ്‌ട്രേറ്ററായി സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ട് നടത്തിയ ജുഡീഷ്യൽ സിറ്റിംഗിന് ഇടയിൽ പോലും അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലുണ്ടായി. ഹൈക്കോടതി നിർദേശം കർശനമായി പാലിക്കണമെന്നായിരുന്നു വഖ്ഫ് ബോർഡ് സി ഇ ഒക്ക് അഡ്മിനിസ്‌ട്രേറ്റർ ഇന്നലെ അയച്ച ഇ മെയിൽ സന്ദേശം.
വഖ്ഫ് ബോർഡ് ജുഡീഷ്യൽ സിറ്റിംഗ് സംഘടിപ്പിച്ചതിനെതിരെ വഖ്ഫ് മന്ത്രിയും രംഗത്തെത്തി. ഹൈക്കോടതി വിലക്ക് നിലനിൽക്കെ സിറ്റിംഗ് സംഘടിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് ജുഡീഷ്യൽ സിറ്റിംഗ് എന്നായിരുന്നു ബോർഡിന്റെ നിലപാട്. ഈ വിവാദം നിലനിൽക്കെയാണ് ഉച്ചയോടെ അഡ്മിനിസ്‌ട്രേറ്ററെ പിൻവലിച്ചുള്ള സുപ്രീംകോടതി ഉത്തരവ് എത്തിയത്.
ഹൈക്കോടതി വിധി താത്കാലികമാണെന്നും ഈ ഘട്ടത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമുള്ള സർക്കാർ അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ വാദത്തോട് ബോർഡ് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിൽ കോടതി ആശങ്കപ്പെട്ടു.
അതേസമയം, എൽ ഡി എഫ് കാലത്ത് നിയോഗിക്കപ്പെട്ട വഖ്ഫ് ബോർഡും യു ഡി എഫ് സർക്കാറും തമ്മിലുള്ള പോര് കനക്കുകയാണ്. യു ഡി എഫിന്റെ ബാഹ്യമായ പിന്തുണയോടെയെന്ന് ആരോപിക്കപ്പെടുന്ന ഏതാനും ഹരജികളടക്കം നാല് ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
മുസ്‍ലിമേതര വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളുടെ അഭാവത്തിൽ ബോർഡിന് നിയമസാധുതയില്ലെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ് നൽകിയ ഹരജിയും പരിഗണിക്കുന്നതിൽ ഉൾപ്പെടും.
ഈ ഹരജിയുടെ ഭാഗമായി നിലവിൽവന്ന അഡ്മിനിസ്‌ട്രേറ്റർ ഭരണം ഒഴിവാക്കിയെങ്കിലും കേസിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ബോർഡ് പരിപൂർണമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്തംഗമാണ് ആദ്യമായി കോടതിയിലെത്തിയത്. ഇതിനുശേഷമാണ് ഷോൺ ജോർജിന്റെയടക്കം ഹരജികൾ വന്നത്.
ഭേദഗതി ചെയ്ത നിയമപ്രകാരം വഖ്ഫ് ബോർഡിൽ ശിയാ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് ആലേ റസൂൽ ഫൗണ്ടേഷനാണ് മറ്റൊരു ഹരജി സമർപ്പിച്ചത്. വഖ്ഫ് ബോർഡിൽ കഴിഞ്ഞ സർക്കാർ നിയോഗിച്ച നാല് അംഗങ്ങൾ അയോഗ്യരാണെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് മറ്റൊന്ന്.
Content Highlights: The Supreme Court has quashed the Kerala High Court order imposing administrator governance on the Kerala State Waqf Board. The verdict brings relief to the board amidst political tension between the UDF government and the board. The High Court will consider four related petitions today.




